സേതുവിന് പകരം മോദി ഭക്തന്‍ ബല്‍ദേവ് ശര്‍മ്മ എന്‍.ബി.ടി അധ്യക്ഷന്‍
Daily News
സേതുവിന് പകരം മോദി ഭക്തന്‍ ബല്‍ദേവ് ശര്‍മ്മ എന്‍.ബി.ടി അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd March 2015, 8:37 am

Sethuന്യൂദല്‍ഹി: പ്രശസ്ത മലയാളം സാഹിത്യകാരനായ സേതുവിനെ നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ( എന്‍.ബി.ടി) ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കി. ആര്‍.എസ്.എസ് മുഖപത്രമായ “പാഞ്ചജന്യ”യുടെ മുന്‍ എഡിറ്റര്‍ ബല്‍ദേവ് ശര്‍മ്മയെയാണ് പുതിയ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിക്കാന്‍ അനുവദിക്കാതെ സേതുവിനോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സാഹിത്യകാരന്മാര്‍ മാത്രമായിരുന്നു മുന്‍കാലങ്ങളില്‍ എന്‍.ബി.ടിയുടെ അധ്യക്ഷ പദവിയിലെത്തിയിരുന്നത്. എന്നാല്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെന്ന പരിഗണനയിലാണ് ബല്‍ദേവ് ശര്‍മ്മയെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ആര്‍.എസ്.എസ് പ്രചാരകനായിരിക്കെയാണ് ഇത്തര്‍ പ്രദേശ് സ്വദേശിയായ ശര്‍മ്മ പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നവരുന്നത്. “സ്വദേശ്”, “ദൈനിക് ഭാസ്‌കര്‍”, “അമര്‍ ഉജ്വല” , തുടങ്ങിയ ദിന പത്രങ്ങളില്‍ പ്രവര്‍ത്തിച്ച ശര്‍മ്മ പിന്നീട് പാഞ്ചജന്യയുട പത്രാധിപരായി. ഒരു കടുത്ത മോദി പ്രേമികൂടിയാണ് ബല്‍ദേവ് ശര്‍മ്മ.

അതേസമയം സര്‍ക്കാര്‍ വിളിച്ചു തന്നത് സര്‍ക്കാര്‍ തന്നെ തിരിച്ചെടുത്തുവെന്നാണ് സേതു ഇതിനെ കുറിച്ച് പ്രതികരിച്ചത്. സാഹിത്യകാരനെന്നനിലയിലും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയവും കണക്കിലെടുത്താണ് കഴിഞ്ഞ യുപി.എ സര്‍ക്കാര്‍ സേതുവിനെ എന്‍.ബി.ടിയുടെ അധ്യക്ഷനായി നിയമിച്ചത്.