ന്യൂദല്‍ഹി: രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് പോകുന്നത് കുടുംബത്തോടൊപ്പം ആസ്വദിക്കാനാണെന്ന് ബി.ജെ.പി മുന്‍ എം.പിയും പാര്‍ട്ടി വൈസ് പ്രസിഡണ്ടുമായിരുന്ന ബാല്‍ബിര്‍ പുഞ്ച്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിഥി സംസ്ഥാനത്തൊഴിലാളികള്‍ ഉത്തരവാദിത്വമില്ലാതെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എന്തിനാണ് അവര്‍ ദല്‍ഹി വിടുന്നത്? ഭക്ഷണത്തിന് വേണ്ടിയോ അതോ പണത്തിന് വേണ്ടിയോ? അല്ല, നാട്ടില്‍ അവര്‍ക്ക് ആരും ജോലിയോ പണമോ കൊണ്ടുപോയി വെച്ചിട്ടില്ല. അവര്‍ നിര്‍ബന്ധിത അവധി വീട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാന്‍ പോവുകയാണ്’, ബാല്‍ബിര്‍ പുഞ്ച് ട്വീറ്റ് ചെയ്തു.
ഒന്നിലധികം ട്വീറ്റുകളിലാണ് ബാല്‍ബിര്‍ പുഞ്ച് അതിഥി സംസ്ഥാനത്തൊഴിലാളികള്‍ക്കെതിരെ രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുഗതാഗതവും മറ്റിടപാടുകളുമെല്ലാം നിര്‍ത്തിവെച്ച് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതില്‍ ഏറ്റവും ആഘാതമേറ്റ ഒരു വിഭാഗം അതിഥി തൊഴിലാളികളാണ്. ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായതോടെ രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ നിന്ന് നൂറുകണക്കിന് കിലോ മീറ്ററുകള്‍ അപ്പുറത്തുള്ള തങ്ങളുടെ വീടുകളിലേക്ക് നടക്കുകയാണ് ആയിരക്കണക്കിന് തൊഴിലാളികള്‍.
മാര്‍ച്ച് 25ന് തന്നെ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള നൂറുകണക്കിന് തൊഴിലാളികള്‍ നടത്തം ആരംഭിച്ചിരുന്നു. അധികം സമ്പാദ്യമോ ഭക്ഷണമോ കയ്യിലില്ലാതെയാണ് ഇവരുടെ നടത്തം.
സൂറത്തില്‍ നിന്നുള്ള ആദിവാസി തൊഴിലാളികള്‍ നടന്നു പോവുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. തൊഴിലിടങ്ങളില്‍ തന്നെ താമസിക്കുന്ന പലരേയും ഉടമസ്ഥര്‍ ഇറക്കിവിട്ടതോടെയാണ് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത്.
ലോക്ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ചു എന്ന് ആരോപിച്ച് പൊലീസില്‍ നിന്നുള്ള പീഡനങ്ങളും ഇവര്‍ക്ക് യാത്രക്കിടയില്‍ നേരിടേണ്ടി വരുന്നു. ഗ്വാളിയോറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വീട്ടിലേക്ക് പോയിരുന്ന വിദ്യാര്‍ത്ഥിയെ പൊലീസ് പീഡിപ്പിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് നാട്ടിലേക്ക് പലായനം ചെയ്യുന്നത്. ഇവര്‍ നേരിടുന്ന ദുരിതത്തെ കുറിച്ച് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുച്ചെുകൊണ്ടിരിക്കുകയാണ്.
WATCH THIS VIDEO: