| Monday, 10th February 2014, 6:41 pm

വക്കില്‍ രക്തം പൊടിയാത്ത ബാല്യകാലസഖി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈക്കം മുഹമ്മദ് ബഷീര്‍ പൊറുക്കട്ടെ. എം.പി. പോള്‍ ക്ഷമിക്കട്ടെ. റൊണാള്‍ഡ് ഇ. ആഷര്‍ എന്ന സായിപ്പുപോലും വിസ്മയിച്ചുനിന്ന ആ എഴുത്തിന്റെ മുന്നില്‍ ഒരു പേടിയും അന്ധാളിപ്പുമില്ലാതെ പ്രമോദ് പയ്യന്നൂര്‍ എന്ന സംവിധായകന്‍ ചെയ്തുവെച്ച ഈ ദുരന്തത്തിന്.


മാറ്റിനി / കെ.കെ രാഗിണി

സിനിമ: ബാല്യകാലസഖി
സംവിധായകന്‍: പ്രമോദ് പയ്യന്നൂര്‍
നിര്‍മാണം: എം.ബി മുഹ്‌സിന്‍, സജീബ് ഹാഷിം
കഥ: വൈക്കം മുഹമ്മദ് ബഷീര്‍
തിരക്കഥ: പ്രമോദ് പയ്യന്നൂര്‍
അഭിനേതാക്കള്‍: മമ്മൂട്ടി, ഇഷാ തല്‍വാര്‍, മീന, അറ്റ്‌ലസ് രാമചന്ദ്രന്‍, കെ.പി.എ.സി ലളിത, കവിത നായര്‍, സുനില്‍ സുഗത
സംഗീതം: ഷഹബാസ് അമന്‍, കെ. രാഗവന്‍ മാസ്റ്റര്‍
ഛായാഗ്രഹണം: ഹരിനായര്‍
എഡിറ്റിങ്: മനോജ് കന്നോത്ത്‌

[share]

അടൂര്‍ ഗോപാലകൃഷ്ണന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ “മതിലുകള്‍” സിനിമയാക്കിയപ്പോള്‍ ബഷീറിനെ കാണാന്‍ മമ്മൂട്ടി ബേപ്പൂരില്‍ എത്തിയ സംഭവം പറഞ്ഞുകേട്ടിട്ടുണ്ട്.

നിരവധി പത്രക്കാരും അന്നുണ്ടായിരുന്നു. അത്രയും സുന്ദരനായ മമ്മൂട്ടി ബഷീറിനെ അവതരിപ്പിച്ചാല്‍ എങ്ങനെയാവും എന്ന് ആരുടെയോ സന്ദേഹം. അതിന് മമ്മൂട്ടിയെന്ന വൈക്കത്തുകാരനെ നോക്കി സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഒരു ബ്രഹ്മാണ്ഡ മറുപടി കാച്ചി. തനി ബഷീറിയന്‍ സ്‌റ്റൈല്‍.

“എടാ, നിന്റെ പ്രായത്തില്‍ ഞാന്‍ നിന്നെക്കാള്‍ സുന്ദരനായിരുന്നു. അഹങ്കരിക്കുകയൊന്നും വേണ്ട കേട്ടോ…”

അഹങ്കാരത്തിന്റെ ആള്‍രൂപമായ മമ്മൂട്ടി ബഷീറിന് മുന്നില്‍ വിനയാന്വിതനായി നിന്നു. മറ്റൊരാളുടെ മുമ്പിലും ഇങ്ങനെ മമ്മൂട്ടി  വിയനശ്രീലാളിതനായി കണ്ടിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായരുടെ മുന്നില്‍.

ആ ബഷീറിന്റെ ആദ്യത്തെ നോവല്‍ “ബാല്യകാലസഖി” സിനിമയാക്കുമ്പോള്‍ പലതും ആലോചിച്ചില്ലെങ്കിലും ഒരൊറ്റ വാചകം ഓര്‍മത്തെറ്റുകളില്ലാതെ കടന്നുവരേണ്ടതായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ പ്രമോദ് പയ്യന്നൂരിന്റെ മനസ്സില്‍.

തിരണ്ടുകല്ല്യാണവും സംബന്ധവും നായര്‍ തറവാടുകളിലെ നിശ്വാസങ്ങളും മാത്രം സാഹിത്യമായി ആഘോഷിക്കപ്പെട്ടിരുന്ന കാലത്ത് മുറിപ്പെട്ട ജീവിതത്തിന്റെ അവസാനിക്കാത്ത നൊമ്പരവുമായായിരുന്നു “ബാല്യകാലസഖി” മലയാള സാഹിത്യത്തില്‍ സംഭവിച്ചത്.

പുതിയൊരു എഴുത്തുകാരന്റെ സഭാപ്രവേശം വിളംബരം ചെയ്തുകൊണ്ട് ആ നോവലിന് എം.പി പോള്‍ എഴുതിയ അവതാരിക നോവലിനൊപ്പം വിലപിടിപ്പുള്ളതായി മാറി.

“ബാല്യകാലസഖി” ജീവിതത്തില്‍നിന്ന് വലിച്ചുചീന്തിയ ഒരു ഏടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു..” എം.പി. പോള്‍ എഴുതിയ ഈ വാചകം മനസ്സിലിട്ട് നൂറ്റൊന്നാവര്‍ത്തിച്ച ശേഷമാകണമായിരുന്നു സിനിമ ഒരുക്കാന്‍.

വൈക്കം മുഹമ്മദ് ബഷീര്‍ പൊറുക്കട്ടെ. എം.പി. പോള്‍ ക്ഷമിക്കട്ടെ. റൊണാള്‍ഡ് ഇ. ആഷര്‍ എന്ന സായിപ്പുപോലും വിസ്മയിച്ചുനിന്ന ആ എഴുത്തിന്റെ മുന്നില്‍ ഒരു പേടിയും അന്ധാളിപ്പുമില്ലാതെ പ്രമോദ് പയ്യന്നൂര്‍ എന്ന സംവിധായകന്‍ ചെയ്തുവെച്ച ഈ ദുരന്തത്തിന്.


മമ്മൂട്ടി 1989ല്‍ അഭിനയിക്കേണ്ടിയിരുന്ന സിനിമയാണ് “ബാല്യകാലസഖി”. പ്രമോദ് പയ്യന്നൂര്‍ 1967ല്‍ എങ്കിലും സംവിധാനം ചെയ്യേണ്ടിയിരുന്ന സിനിമയാണ് ബാല്യകാലസഖി.


നാടകമേ ഉലകം…

മമ്മൂട്ടി 1989ല്‍ അഭിനയിക്കേണ്ടിയിരുന്ന സിനിമയാണ് “ബാല്യകാലസഖി”. പ്രമോദ് പയ്യന്നൂര്‍ 1967ല്‍ എങ്കിലും സംവിധാനം ചെയ്യേണ്ടിയിരുന്ന സിനിമയാണ് ബാല്യകാലസഖി.

1967ല്‍ ശശികുമാര്‍ ബഷീറിന്റെ “ബാല്യകാലസഖി” സിനിമയാക്കിയിട്ടുണ്ട്. പ്രേംനസീര്‍ മജീദും ഷീല സുഹ്‌റയായും കൊട്ടാരക്കര ശ്രീധരന്‍ നായര്‍ മജീദിന്റെ ബാപ്പയായും അഭിനയിച്ച ആ സിനിമ ഒരു ശരാശരി നാടകം മാത്രമായിരുന്നു.

നിരവധി തവണ കേട്ട് പരിചയിച്ച സൂപ്പര്‍ ഹിറ്റ് ഗാനം സ്‌റ്റേജില്‍ പാടുമ്പോള്‍ ഒന്ന് പിഴച്ചാല്‍ ഗായകന് കിട്ടുക കൂക്കിവിളിയായിരിക്കും. അത് ഏത് യേശുദാസായാലും ശരി. അതുപോലെയാണ് വായനക്കാരന്റെ മനസ്സില്‍ കുറ്റിയടിച്ച ഒരു കൃതി സിനിമയാക്കുമ്പോഴും സംഭവിക്കുക. ഒന്നു പാളിയാല്‍ തീര്‍ന്നു കഥ.

സിനിമയും നോവലും രണ്ടും രണ്ടാണെന്ന് അറിയാത്തതുകൊണ്ടല്ല. ഇതിനുമുമ്പും നോവല്‍ സിനിമയാക്കിയിട്ടുണ്ട്. ബഷീറിന്റെ തന്നെ ഭാര്‍ഗവീനിലയവും മതിലുകളുമൊക്കെ സിനിമയായിട്ടുണ്ട്.

കളിയറിയാവുന്നവന്റെ കൈയില്‍ പന്ത് കിട്ടണമെന്നു പറയുന്നപോലെ സിനിമ അറിയാവുന്ന അടൂരിന്റെ കൈയില്‍ കിട്ടിയപ്പോള്‍ മതിലുകള്‍ ഒരു സംഭവമായി. ബഷീറിന്റെ മതിലുകള്‍ ആയിരുന്നില്ല അടൂരിന്റെ മതിലുകള്‍.

മുകുന്ദന്റെ “ദൈവത്തിന്റെ വികൃതികള്‍” ആയിരുന്നില്ല ലെനിന്‍ രജേന്ദ്രന്‍േറത്. വാസ്തവത്തില്‍ സിനിമയ്ക്ക് വഴങ്ങുന്ന കഥയല്ല ബഷീര്‍ സാഹിത്യം. അതില്‍ നിന്ന് ഭേദപ്പെട്ട സിനിമ ആയാസപ്പെട്ടാല്‍ കണ്ടത്തൊം എന്നുമാത്രം.

മലയാളസിനിമ നാടകത്തിന്റെ തുടര്‍ച്ചയായിരുന്നു. അഭിനയവും അങ്ങനത്തെന്നെ. പ്രേംനസീറും മധുവും സോമനുമൊക്കെ നാടകത്തിന്റെ തുടര്‍ച്ചയാക്കിയിരുന്ന സിനിമാഭിനയത്തെ അതില്‍നിന്ന് മോചിപ്പിച്ചത് നാടകക്കാരായ ഗോപിയും തിലകനും നെടുമുടിയും നാടകക്കാരല്ലാത്ത മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ചേര്‍ന്നായിരുന്നു.

പക്ഷേ, പ്രമോദ് പയ്യന്നൂര്‍ വീണ്ടും സിനിമയെ പഴയ നാടക കാലത്തേക്ക് കെട്ടിയെടുത്തുകൊണ്ടുപോകാനാണ് തുനിയുന്നത്. മതിലുകളില്‍ മമ്മൂട്ടി അഭിനയിക്കുമ്പോള്‍ ബഷീറിന്റെ ചെറുപ്പകാലം ആ നടനശരീരത്തിലും മനസ്സിലും ഫിറ്റ് ആയിരുന്നു.

25 വര്‍ഷത്തിനുശേഷം വീണ്ടും ബഷീറായി (മജീദായി) വേഷമിടുമ്പോള്‍ കാലത്തിനൊപ്പം നടക്കാനാവാത്ത ഒരു നടനില്‍ ആ പാപഭാരം കെട്ടിവെച്ച ഉത്തരവാദിത്തത്തില്‍നിന്ന് സംവിധായകനും നടനും ഒഴിഞ്ഞുനില്‍ക്കാനാവില്ല. അതേ, മമ്മൂട്ടി 1989ല്‍ അഭിനയിക്കേണ്ടിയിരുന്ന സിനിമയാണിത്.

നല്ലൊരു നാടകക്കാരനാണ് പ്രമോദ് പയ്യന്നൂര്‍. ഇപ്പോഴും സീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സൈഡ് കര്‍ട്ടന്‍ വകഞ്ഞുമാറ്റി രംഗപ്രവേശം ചെയ്യുമ്പോഴുള്ള ശരീരഭാഷ സായികുമാറില്‍നിന്ന് വിട്ടുപോകാത്തപോലെ, വിജയരാഘവനില്‍ ഇപ്പോഴും നാടകം പ്രേതാവേശം ചെയ്യുന്നപോലെ ഓരോ സീനിലും പ്രമോദിനെ നാടകം ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നു.

സ്‌റ്റേജിലെ പോലെ പൊതുസ്ഥലത്തുവരെ നീല സ്‌പോട്ട് ലൈറ്റൊക്കെയിട്ട് ലൈല  മജീദ് പ്രണയം ആവിഷ്‌കരിക്കുന്നതു അതുകൊണ്ടാണ്…


മമ്മൂട്ടി മജീദായതുകൊണ്ടാവാം സിനിമയില്‍ രണ്ട് ഫൈറ്റുകൂടി ഉള്‍പ്പെടുത്തിയത്. നാല് കിടിലന്‍ ഡയലോഗുകൂടി കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ഒരു രഞ്ജിപണിക്കര്‍  ഷാജി കൈലാസ് എഫക്ട് കൂടി സിനിമയ്ക്ക് നല്‍കാമായിരുന്നു.


പാത്രം തെറ്റിയ കഥാപാത്രങ്ങള്‍

ആനവാരി രാമന്‍നായരും പൊന്‍കുരിശ് തോമായും എട്ടുകാലി മമ്മൂഞ്ഞുമൊക്കെ കഥ മാറി പ്രത്യക്ഷപ്പെടുന്ന വിശാലമായ കഥാപാത്രങ്ങളില്‍ ഒരൊറ്റ കഥാപാത്രം ഒഴികെ ബാക്കിയെല്ലാം അബദ്ധതാരങ്ങളായിപ്പോയി. മിസ് കാസ്റ്റിങ്ങിന്റെ സമീപകാലത്തെ ഏറ്റവും വലിയ ദുരന്ത ഉദാഹരണമാണ് ബാല്യകാലസഖി.

അതില്‍ ഏറ്റവും വലിയ മിസ് ഫിറ്റ് മജീദും സുഹ്‌റയും തന്നെയാണ്. മമ്മൂട്ടിയും ഇഷാ തല്‍വാറും മോരും മുതിരയും പോലെ വേറിട്ടുകിടക്കുന്നു.

മമ്മൂട്ടിയും ഇഷാ തല്‍വാറും മോരും മുതിരയും പോലെ വേറിട്ടുകിടക്കുന്നു

ഏഷ്യാനെറ്റ് ശശികുമാറും മീനയും സീമാ ബിശ്വാസുമൊക്കെ കഥാഘടനയോട് ചേരാതെ മാറിനില്‍ക്കുന്നു. എല്ലാം സഹിക്കാം. പാവം, അറ്റ്‌ലസ് രാമചന്ദ്രനെ എന്തിനാണ് ഇങ്ങനെ പീഡിപ്പിക്കുന്നത്…?

മമ്മൂട്ടിയെ 21കാരനായ മജീദാക്കി മാറ്റാന്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ കണ്ടുപിടിച്ച് നടത്തിയ പരീക്ഷണം കണ്ടപ്പോള്‍ “പാ”യിലെ അമിതാഭ് ബച്ചനെയും “ദശാവതാര”ത്തിലെ കമലാഹാസന്‍മാരെയും ഓര്‍മവന്നു. ഇതായിരുന്നു അല്ലേ പ്രമോദ് പറഞ്ഞ ആ സര്‍പ്രൈസ്…?

മമ്മൂട്ടി മജീദായതുകൊണ്ടാവാം സിനിമയില്‍ രണ്ട് ഫൈറ്റുകൂടി ഉള്‍പ്പെടുത്തിയത്. നാല് കിടിലന്‍ ഡയലോഗുകൂടി കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ഒരു രഞ്ജിപണിക്കര്‍  ഷാജി കൈലാസ് എഫക്ട് കൂടി സിനിമയ്ക്ക് നല്‍കാമായിരുന്നു.

മജീദായും ബാപ്പയായും മമ്മൂട്ടി വേഷമിട്ടെങ്കിലും ബാപ്പ മാത്രമാണ് കഥാപാത്രത്തോട് നീതി പുലര്‍ത്തിയത്.


ബഷീറിന്റെ നോവലില്‍ നാടുവിട്ടുപോയി തിരികെവന്ന മജീദിന്റെ മുന്നില്‍ നിന്നത് പഴയ സുഹ്‌റയുടെ പ്രേതമായിരുന്നു. മമ്മൂട്ടിയുടെ മുന്നില്‍ വന്ന് ഇഷാ തല്‍വാര്‍ നില്‍ക്കുന്നത് ഫാഷന്‍ റാമ്പില്‍നിന്നാണ്. ആ പ്രണയം വെറും മാംസനിബദ്ധമായേ അനുഭവപ്പെടുന്നുള്ളൂ.


ചോരപൊടിയാത്ത ക്ലൈമാക്‌സ്
ബഷീറിന്റെ നോവലില്‍ നാടുവിട്ടുപോയി തിരികെവന്ന മജീദിന്റെ മുന്നില്‍ നിന്നത് പഴയ സുഹ്‌റയുടെ പ്രേതമായിരുന്നു. ഭര്‍ത്താവിന്റെ അടിയേറ്റ് തകര്‍ന്നുപോയ പല്ലും കുണ്ടില്‍ താണ കണ്ണുകളുമായി അവള്‍ മുന്നില്‍ വന്ന് നിന്നപ്പോഴും മജീദിന് അവളോടുള്ള സ്‌നേഹം തെല്ലും കുറഞ്ഞിരുന്നില്ല.

കാരണം, അവരുടെ ആത്മാവിലായിരുന്നു അനശ്വര പ്രണയത്തിന്റെ വേരുകള്‍ ആണ്ടിറങ്ങിയിരുന്നത്.

മമ്മൂട്ടിയുടെ മുന്നില്‍ വന്ന് ഇഷാ തല്‍വാര്‍ നില്‍ക്കുന്നത് ഫാഷന്‍ റാമ്പില്‍നിന്നാണ്. ആ പ്രണയം വെറും മാംസനിബദ്ധമായേ അനുഭവപ്പെടുന്നുള്ളൂ.

സുഹ്‌റ മരിച്ചുവെന്ന കത്ത് മജീദ് വായിക്കുന്ന രംഗം നെഞ്ച്കീറിയാണ് മലയാളി വായിച്ചിരുന്നത്. അതിന്റെ ഹാങ്ഓവറില്‍നിന്ന് രക്ഷപ്പെടാന്‍ പിന്നെ വായനക്കാരന് ദിവസങ്ങള്‍ വേണ്ടിവന്നു. അത് ബഷീര്‍ വിവരിക്കുന്ന വാക്കുകളുടെ വക്കിലായിരുന്നു രക്തം പൊടിഞ്ഞിരുന്നത്.

അത് വായിച്ചിട്ടാണ് എം.പി. പോള്‍ പറഞ്ഞത് “ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത ഒരു ഏടാണ്” എന്ന്. ഈ കഥാകാരന്‍ മലയാള സാഹിത്യത്തിന്റെ ജാതകം തിരുത്തിയെഴുതുമെന്ന് അദ്ദേഹം പ്രവചിച്ചത്..

പക്ഷേ, കല്‍ക്കത്ത നഗരത്തില്‍വെച്ച് വികലാംഗനായ മജീദ്, സോറി … മമ്മൂട്ടി ആ കത്ത് വായിച്ച രംഗം സിനിമയിലെ അങ്ങേയറ്റം നിര്‍വികാരമായ രംഗമായിപ്പോയി.. പ്രമോദിലെ സംവിധായകന്‍ അമ്പേ പരാജയപ്പെട്ടത് ഈ ചോര പൊടിയാത്ത ക്ലൈമാക്‌സിലാണ്…

കട്ട്.. കട്ട്.. കട്ട്…

അറുപത് പിന്നിട്ട മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്റെ പ്രായം പോലുമില്ലാത്ത പെങ്കൊച്ചിന്റെ നായകനായി മരംചുറ്റി നടക്കുന്നത് അരോചകമാണ് സര്‍. കുറഞ്ഞത് ദുല്‍ഖര്‍ സല്‍മാനെയെങ്കിലും ആ റോളില്‍ പരിഗണിക്കാമായിരുന്നു.

അതെങ്ങനെയാ മകന്റെ യൗവനം കടമായി വാങ്ങാന്‍ പറ്റുമായിരുന്നെങ്കില്‍ യയാതിയെപോലെ ഒരുകൈ കൂടി നോക്കാമായിരുന്നു… അല്ലേ..!

മമ്മൂട്ടിക്ക് പറ്റിയ വേഷം മജീദിന്റെ ബാപ്പയുടേതാണ്. അത് അസാമാന്യമായ കൈയ്യൊതുക്കത്തോടെ മമ്മൂട്ടി മികവുറ്റതാക്കുകയും ചെയ്തു. ഇനിയുള്ള കാലം ദുല്‍ഖറിന്റെയും ഫഹദിന്റെയും നിവിന്‍ പോളിയുടേയുമൊക്കെ അച്ഛന്‍ വേഷത്തില്‍ മമ്മൂട്ടിക്ക് മുന്നില്‍ അപാരമായ സാധ്യത തുറന്നുകിടക്കുകയാണ്…

kkragini85@gmail.com

We use cookies to give you the best possible experience. Learn more