ബലാസോര്‍: രാജ്യത്തിന്റെ ചരിത്രത്തിലെ എക്കാലത്തേയും വലിയ ട്രെയിന്‍ അപകടങ്ങളിലൊന്നായ ബലാസോറിലെ ട്രെയിന്‍ അപകടത്തിന്റേതെന്ന പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അപകടത്തിന് തൊട്ടുമുമ്പുള്ള കൊറോമണ്ഡല്‍ എക്‌സപ്രസിലെ അവസാന നിമിഷങ്ങളുടെ വീഡിയോ വ്യാഴാഴ്ച രാവിലെയോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ജൂണ്‍ രണ്ടിന് വൈകുന്നേരം അപകടത്തില്‍പ്പെട്ട കൊറോമണ്ഡല്‍ എക്സ്പ്രസ് ട്രെയിനിന്റെ എ.സി കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരനാണ് ഈ വീഡിയോ പകര്‍ത്തിയത്. അപകടത്തിന് തൊട്ടുമുമ്പ് ആരംഭിച്ച് കൂട്ടിയിടി നടക്കുന്ന സമയത്തെ അലര്‍ച്ചകളും കൂട്ടക്കരച്ചിലുകളുമായി അവസാനിക്കുന്ന വീഡിയോക്ക് വെറും 27 സെക്കന്‍ഡ് മാത്രമാണ് ദൈര്‍ഘ്യമുള്ളത്.
അപകടത്തിന് മുമ്പുള്ള അവസാന ദൃശ്യങ്ങളെന്ന വിധത്തില്‍ മനസിനെ അലോസരപ്പെടുത്തുന്ന വീഡിയോ എന്ന തലക്കെട്ടോടെയാണ് ദിലീപ് റാവു ജി. ഷെട്ടി എന്ന വ്യക്തി ഈ വീഡിയോ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. എ.സി കമ്പാര്‍ട്ട്‌മെന്റില്‍ യാത്രക്കാരന്‍ തറ തുടക്കുന്നതും ഒരു സ്ത്രീ ഉറങ്ങുന്നതുമായ ദൃശ്യങ്ങളാണ് തുടക്കത്തില്‍ കാണിക്കുന്നത്.
പിന്നീട് കൂട്ടിയിടിയുടെ ആഘാതത്തില്‍ കമ്പാര്‍ട്ട്‌മെന്റ് നിയന്ത്രണം വീട്ട് മറിയുന്നതോടെ ക്യാമറ യാത്രക്കാരന്റെ കൈയില്‍ നിന്ന് തെറിച്ചുപോകുന്നുണ്ട്. പിന്നീടാണ് യാത്രക്കാരുടെ ഉച്ചത്തിലുള്ള കരച്ചിലുകള്‍ പശ്ചാത്തലത്തില്‍ ഉയരുന്നത്.
ദി പ്രീ പ്രസ് ജേണല്‍ എന്ന ദേശീയ മാധ്യമമാണ് ഈ വീഡിയോ സഹിതം വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോയുടെ ആധികാരികതയെ കുറിച്ച് തങ്ങള്‍ക്ക് ഉറപ്പില്ലെന്നും അവര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
വീഡിയോയുടെ ആധികാരികതയെ കുറിച്ച് റെയില്‍വേ അധികൃതരും സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. കേസ് സി.ബി.ഐ ആണ് അന്വേഷിക്കുന്നത്.
Content Highlights: balasore train accident video out showing disturbing visuals