national news
ബാലസോര്‍ ട്രെയിന്‍ അപകടം; പ്രതികള്‍ക്ക് ജാമ്യമനുവദിച്ച് ഒറീസ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 30, 06:10 am
Wednesday, 30th October 2024, 11:40 am

ന്യൂദല്‍ഹി: 2023ലുണ്ടായ ബാലസോര്‍ ട്രിപ്പിള്‍ ട്രെയിന്‍ അപകടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട മൂന്ന് പേര്‍ക്കും ജാമ്യമനുവദിച്ച് ഒറീസ ഹൈക്കോടതി. ട്രെയിന്‍ അപകടത്തില്‍ പങ്കുണ്ടെന്നാരോപിച്ച് സി.ബി.ഐ അറസ്റ്റ് ചെയ്ത മൂന്ന് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്.

ജസ്റ്റിസ് ആദിത്യ കുമാര്‍ മൊഹപത്ര അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. 50000 രൂപ ബോണ്ടിന്റെയും അതേ തുകയുടേതന്നെ രണ്ട് ലോക്കല്‍ സോള്‍വെന്റ് ആള്‍ ജാമ്യത്തിലുമാണ് മൂന്ന് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

അപകടം നടന്ന ഡിവിഷനില്‍ ഇവരെ നിയമിക്കരുതെന്ന് പറഞ്ഞ കോടതി ആറ് അധിക നിബന്ധനകളോടെയുമാണ് ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

2023 ജൂണിലാണ് 300 ഓളം യാത്രക്കാരുടെ മരണത്തിനിടയാക്കിയ ബാലസോര്‍ ട്രിപ്പിള്‍ ട്രെയില്‍ അപകടമുണ്ടാവുന്നത്. സിഗ്നല്‍ ആന്ഡ് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിലെ മുഹമ്മദ് അമീര്‍ ഖാന്‍, അരുണ്‍ കുമാര്‍ മഹന്ത, പപ്പു യാദവ് എന്നിവരെയായിരുന്നു സി.ബി.ഐ അറസ്റ്റ് ചെയ്തത്.

300ഓളം യാത്രക്കാരുടെ മരണത്തിനും തെളിവ് നശിപ്പിച്ചതിനുമായിരുന്നു ഇവര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തത്.

ഉത്തരവുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കണമെന്നും റിലീസ് ഉത്തരവുകള്‍ ലഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്നും പ്രതികള്‍ക്കുവേണ്ടി ഹാജരായ കേദാര്‍ നാഥ് ത്രിപാഠി പറഞ്ഞു.

2023 ജൂണ്‍ രണ്ടിന് ബാലസോറിലെ ബഹനാന ബസാര്‍ സ്‌റ്റേഷന് സമീപം ഷാലിമാര്‍ ചെന്നൈ കോറമണ്ടല്‍ എക്‌സ്പ്രസ്, ബെംഗലൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, സ്റ്റേഷണറി ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.

റെയില്‍വേ നടത്തിയ അന്വേഷണത്തില്‍ തെറ്റായ സിഗ്നലിങ്ങും സിഗ്നല്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ പല തലങ്ങളിലും വീഴ്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചുവപ്പ് സിഗ്നലോ പതാകയോ കാണിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്നു.

അതേസമയം റെയില്‍വേ സുരക്ഷാ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സിഗ്നലിങ്ങില്‍ അപാകതകളുണ്ടെങ്കിലും ട്രാക്കുകള ബന്ധിപ്പിക്കുന്ന സ്വിച്ചുകളുടെ പ്രവര്‍ത്തനത്തിലുള്ള അസാധാരണത്വം റിപ്പോര്‍ട്ട് ചെയ്യാത്തതിലുള്ള വീഴ്ചയും വയറിങ്ങിലുണ്ടായ പിഴവിനെ കുറിച്ചും പരാമര്‍ശിച്ചിരുന്നു.

നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാളായ മഹന്ത സിഗ്നലിങ് വിഭാഗത്തില്‍ പിഴവുകളൊന്നും വരുത്തിയിട്ടില്ലെന്ന് സിബി.ഐ അറിയിക്കുകയും ചെയ്തിരുന്നു.

കോടതി വിധി സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ റെയില്‍വേ എസ്.ആന്റ്.ടി മെയിന്റനേഴ്‌സ് യൂണിയനും അറിയിച്ചു. ദീപാവലിക്ക് മുമ്പ് പ്രതികള്‍ക്ക് പുറത്തിറങ്ങാനുള്ള സാഹചര്യമൊരുക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

Content Highlight: Balasore train accident; Orissa High Court granted bail to the accused