ബാലാസാഹേബ് തോറാട്ടിന് മേല്‍ പ്രതീക്ഷ അര്‍പ്പിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ്; ആരാണ് ഈ നേതാവ്?
national news
ബാലാസാഹേബ് തോറാട്ടിന് മേല്‍ പ്രതീക്ഷ അര്‍പ്പിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ്; ആരാണ് ഈ നേതാവ്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd September 2019, 12:29 pm

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന അശോക് ചവാന്‍ രാജിവെച്ചിരുന്നു. പുതിയ അദ്ധ്യക്ഷനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നപ്പോള്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത് മുതിര്‍ന്ന നേതാക്കള്‍ക്കായിരുന്നു. മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, മുന്‍ എം.പി നാനാ പടോള്‍, മുന്‍ മന്ത്രി നിഥിന്‍ റാവത്ത് എന്നീ പേരുകളായിരുന്നു പട്ടികയില്‍ ആദ്യം ഇടം നേടിയിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ സ്ഥാനം ലഭിച്ചതാവട്ടെ ഈ ചര്‍ച്ചകളിലൊന്നും ഇല്ലാതിരുന്ന ഒരു നേതാവിനും. ബാലാസാഹേബ് തോറാട്ട് എന്ന അറുപ്പത്താറുകാരനായ അത്ര പ്രമുഖനല്ലാത്ത നേതാവിനെയാണ് കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നയിക്കാന്‍ ഗാന്ധി കുടുംബം തെരഞ്ഞെടുത്തത്. അദ്ധ്യക്ഷനെ അന്വേഷിക്കുന്ന അതേ സമയത്ത് തന്നെയായിരുന്നു മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മേഖലയില്‍ നിന്ന് തന്നെയാണ് ബാലാസാഹേഹിന്റെയും വരവ്. രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ പാര്‍ട്ടിയിലെ എതിരാളിയുമായിരുന്നു ബാലാസാഹേബ്.

സാംഗമ്‌നെര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ബാലാസാഹേബ് തോറാട്ട്. 1985ന് ശേഷം ഈ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ബാലാസാഹേബ്. ഗാന്ധി കുടുംബത്തോടുള്ള വിശ്വസ്ഥതയുടെ പേരില്‍ അറിയപ്പെടുന്ന നേതാവ്. അഴിമതിയുടെ കറ ഇത് വരെ പുരളാത്ത നേതാവ്. എന്നാല്‍ തന്നെയും രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ പാര്‍ട്ടിയിലെ എതിരാളിയാണ് എന്നത് തന്നെയാണ് ബാലാസാഹേബിനെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കാനുള്ള കാരണം. ബാലാസാഹേബ് ആണ് രാധാകൃഷ്ണ വിഖെ പാട്ടീലിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിയില്‍ ആദ്യം ആവശ്യം ഉന്നയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഭിഭാഷകനാണ് ബാലാ സാഹേബ്. 1980ല്‍ അഹമ്മദ് നഗറിലെ ജലക്ഷാമത്തിനെതിരെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ബാലാഹേബ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. നിരോധനാജ്ഞ ലംഘിച്ചതിന് അദ്ദേഹം ജയിലിലായി. മറാത്ത്‌വാദ സര്‍വ്വകലാശാല പേരുമാറ്റത്തിന് വേണ്ടിയും സമരം ചെയ്തു.

1985ല്‍ സ്വതന്ത്രനായി മത്സരിച്ചാണ് ബാലാസാഹേബ് നിയമസഭയിലെത്തുന്നത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാലാസാഹേബ് ആറ് തവണ എം.എല്‍.എയായി. ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടി സഹകരണ സംഘങ്ങള്‍ വ്യാപകമായി സ്ഥാപിച്ചു. ഇത്തരം നടപടികളാണ് ബാലാസാഹേബ് ഇപ്പോഴും മണ്ഡലത്തില്‍ പരാജയമറിയാതെ നില്‍ക്കുന്നതിന്റെ കാരണം. നിരവധി തവണ മന്ത്രി പദവി അലങ്കരിച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും ബാലാസാഹേബിനുള്ള ജനപ്രീതി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ ഭൂരിപക്ഷം സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെയും തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ഇത് ബാലാസാഹേബിന്റെ നേതൃശേഷിയുടെ ഗുണമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങളിലെ സംസാരം.