മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി ശിവസേനയുമായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രി പദമുള്‍പ്പെടെ യാതൊരു വിധത്തിലുള്ള വാഗ്ദാനങ്ങളും ബി.ജെ.പി തെരഞ്ഞെടുപ്പിന് മുന്‍പ് ശിവസേനയ്ക്ക് നല്‍കിയിട്ടില്ല എന്നായിരുന്നു നിതിന്‍ ഗഡ്കരിയുടെ പ്രതികരണം.
” എനിക്ക് ലഭിച്ച വിവരമനുസരിച്ച് മഹാരാഷ്ട്രയില്‍ അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിയ്ക്കും ശിവസേനയ്ക്കും ഇടയില്‍ യാതൊരു കരാറും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് നല്‍കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് തന്നെയാണ് അറിഞ്ഞത്. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ എം.എല്‍.എമാര്‍ ഉള്ള പാര്‍ട്ടിക്കാണ് മുഖ്യമന്ത്രി പദവിക്ക് അവകാശമെന്ന് അന്തരിച്ച ശിവസേനാ സ്ഥാപകന്‍ ബാലാസാഹേബ് താക്കറെ പണ്ട് പറഞ്ഞതാണ്. ബി.ജെപി-ശിവസേന സഖ്യവുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു അന്ന് അദ്ദേഹം അത് പറഞ്ഞത്. ശിവസേന അത് ഓര്‍ക്കണം”- നിതിന്‍ ഗഡ്ഗരി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും ശിവസേനയ്ക്ക് തങ്ങള്‍ മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെടുമ്പോള്‍ എല്ലാ പദവികളും തുല്യമായി പങ്കിടാമെന്ന ഉറപ്പ് ബി.ജെ.പി നല്‍കിയെന്നായിരുന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞത്. തന്നെ ഒരു നുണയനായി ബി.ജെ.പി ചിത്രീകരിക്കരുതെന്നും താക്കറെ പറഞ്ഞിരുന്നു.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ആര്‍.എസ്.എസിന് ഒരു പങ്കുമില്ലെന്ന് നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ”ദേവേന്ദ്ര ഫഡ്‌നാവിസിനു കീഴില്‍ മഹാരാഷ്ട്രയില്‍ ഒരു സര്‍ക്കാരുണ്ടാകും. എന്നാല്‍ ആര്‍.എസ്.എസിനും മോഹന്‍ ഭാഗവതിനും ഇതില്‍ ഒരു പങ്കുമുണ്ടാവില്ല. അധികം വൈകാതെ തന്നെ ഒരു തീരുമാനമുണ്ടാകും” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ