| Thursday, 3rd October 2024, 10:14 pm

വാപ്പയെ ഇത്ര മോശക്കാരനാക്കണോ എന്നായിരുന്നു പാലേരി മാണിക്യത്തിന് ശേഷം അഹമ്മദ് ഹാജിയുടെ മകള്‍ എന്നോട് ചോദിച്ചത്: ബാലന്‍ പാറക്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സിനിമകളിലൊന്നാണ് രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ. മമ്മൂട്ടി മൂന്ന് വേഷത്തിലാണ് ചിത്രത്തിലെത്തിയ്ത. സംസ്ഥാന അവാര്‍ഡ് വേദിയില്‍ മികച്ച നടന്‍, ചിത്രം, നടി എന്നിവയടക്കം നിരവധി അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. ടി.പി. രാജീവന്റെ ഇതേ പേരിലുള്ള നോവലിന്റെ അടിസ്ഥാനമാക്കിയാണ് രഞ്ജിത് ചിത്രം അണിയിച്ചൊരുക്കിയത്. 15 വര്‍ഷത്തിന് ശേഷം 4കെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്.

ചിത്രത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ ബാലന്‍ പാറയ്ക്കല്‍. നാടകത്തിലൂടെ സിനിമയിലെത്തിയ ബാലന്‍ പാലേരിമാണിക്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ലോഹം, അയ്യപ്പനും കോശിയും, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ സാന്നിധ്യമറിയിച്ചു. പാലേരിമാണിക്യത്തിന്റെ കഥ തന്റെ നാടിനടുത്ത് സംഭവിച്ചതാണെന്ന് പറയുകയാണ് ബാലന്‍ പാറയ്ക്കല്‍. തന്റെ സുഹൃത്ത് വഴിയാണ് ഈ സിനിമയിലേക്ക് താനെത്തിയതെന്ന് ബാലന്‍ പറഞ്ഞു.

ഓഡിഷന്‍ കഴിഞ്ഞതിന് ശേഷമാണ് താന്‍ ആ സിനിമയിലേക്കെത്തിയതെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. അഹമ്മദ് ഹാജി എന്ന കഥാപാത്രത്തിന്റെ മക്കള്‍ തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും സിനിമ കണ്ട ശേഷം തന്റെ പിതാവിനെക്കുറിച്ച് എന്തൊക്കെ തോന്യാസമാണ് കാണിച്ചുവെച്ചതെന്ന് തന്നോട് ചോദിച്ചെന്നും ബാലന്‍ പറഞ്ഞു. നന്‍പകല്‍ നേരത്തിന്റെ സെറ്റില്‍ വെച്ച് ഒരുപാട് നേരം മമ്മൂട്ടിയുമായി സംസാരിച്ചെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ബാലന്‍.

‘എന്റെ സുഹൃത്തായ വില്‍സണ്‍ സാമുവല്‍ എന്നയാളാണ് പാലേരിമാണിക്യത്തിനെക്കുറിച്ച് എന്നോട് ആദ്യം പറഞ്ഞത്. ‘മമ്മൂട്ടി ഇങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ട്’ എന്ന്. പാലേരിമാണിക്യം എനിക്ക് അറിയാവുന്ന കഥയാണ്. എന്റെ നാട്ടിലാണ് ആ കഥ നടന്നത്. പടത്തിന്റെ ഓഡിഷന്‍ കഴിഞ്ഞെങ്കിലും ഒരുവിധത്തില്‍ ആ സിനിമയില്‍ കയറിക്കൂടി.

അഹമ്മദ് ഹാജിയുടെ മക്കള്‍ എന്റെ അടുത്ത സുഹൃത്തുക്കളാണ്. പടം റിലീസായ ശേഷം അഹമ്മദ് ഹാജിയുടെ മകള്‍ എന്റെയടുത്തേക്ക് വന്നിട്ട് ‘എന്റെ വാപ്പയെപ്പറ്റി എന്തോരം തോന്യാസമാ നിങ്ങള്‍ കാണിച്ചുവെച്ചിരിക്കുന്നത്?’ എന്നാണ് ചോദിച്ചത്. പിന്നീട് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ സെറ്റില്‍ വെച്ച് വീണ്ടും മമ്മൂക്കയെ കണ്ടു. ഒരുപാട് നേരം സിനിമയെപ്പറ്റി സംസാരിച്ചു. വല്ലാത്തൊരു അനുഭവമായിരുന്നു അത്,’ ബാലന്‍ പാറയ്ക്കല്‍ പറഞ്ഞു.

Content Highlight: Balan Parakkal about Palerimanikayam movie

We use cookies to give you the best possible experience. Learn more