ചുംബനസമരം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നതുപോലെ ശബരിമലയില്‍ കയറാന്‍ അനുമതി വേണമെന്ന് പറയുന്നത് വിഡ്ഡിത്തം: ബാലകൃഷ്ണപ്പിള്ള
Sabarimala women entry
ചുംബനസമരം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നതുപോലെ ശബരിമലയില്‍ കയറാന്‍ അനുമതി വേണമെന്ന് പറയുന്നത് വിഡ്ഡിത്തം: ബാലകൃഷ്ണപ്പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 1:12 pm

തിരുവനന്തപുരം: ചുംബന സമരം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നതുപോലെ ശബരിമലയില്‍ കയറാന്‍ അനുമതി വേണമെന്ന് പറയുന്നത് വിഡ്ഡിത്തമെന്ന് മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ള.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും പരിരക്ഷിക്കുകയാണ് വേണ്ടത്. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി പുറപ്പെടുവിച്ചത് കോടതിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.


യോഗി ആദിത്യനാഥിന് പറ്റുമെങ്കില്‍ എന്തുകൊണ്ട് ദേവേന്ദ്രഫട്‌നാവിസിന് ആയിക്കൂട’; മഹാരാഷ്ട്രയിലും പേര് മാറ്റം ആവശ്യപ്പെട്ട് ശിവസേന


കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി എന്‍.എസ്.എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നില്‍ ആര്‍.എസ്.എസ് ക്രിമിനലുകളാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍ ആരോപിച്ചത് അദ്ദേഹത്തിന് ലഭിച്ച ഔദ്യോഗികമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

അതേസമയം ശബരിമലയിലെ സമരം സുപ്രീംകോടതി വിധിക്കെതിരെയാണെന്ന് ഹൈക്കോടതി പറഞ്ഞു. ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയില്‍ നടന്നതെന്നു കോടതി നിരീക്ഷിച്ചു.

ശബരിമലയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദന്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. അക്രമത്തില്‍ പങ്കെടുത്തിട്ടില്ലെന്നും നാമജപപ്രാര്‍ഥന നടത്തിയതേ ഉള്ളൂവെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല.