കൊച്ചി: കേരള കോണ്‍ഗ്രസ് ബി ഇടതുമുന്നണി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നുവെന്ന വാര്‍ത്തക്കെതിരെ പാര്‍ട്ടി. ഇത്തരമൊരു വാര്‍ത്ത തെറ്റാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ളയും മകനും എം.എല്‍.എയുമായ ഗണേഷ് കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചില ഓണ്‍ലൈന്‍ പത്രങ്ങളും ചില മാധ്യങ്ങളുമാണ് ഇത്തരമൊരു വ്യാജവാര്‍ത്ത നല്‍കിയതെന്നും എല്‍.ഡി.എഫില്‍ അന്തസായാണ് തങ്ങള്‍ കഴിയുന്നതെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
ഞങ്ങളോട് അവര്‍ നന്നായി തന്നെയാണ് പെരുമാറുന്നത്. ഐക്യജനാധിപത്യ മുന്നണിയും കോണ്‍ഗ്രസും അഴിമതിയുടെ ചെളിക്കുണ്ടിലായിരുന്നു. എന്നാല്‍ ഇടതുമുന്നണിക്കെതിരെ ഒരു അഴിമതിയും ഉന്നയിക്കാനായിട്ടില്ല.
50000 രൂപയുടെ ആരോപണത്തില്‍ തുടങ്ങി ഇപ്പോള്‍ 50 പൈസയുടെ അഴിമതി ആരോപണത്തിലാണ് പ്രതിപക്ഷം നില്‍ക്കുന്നത്. അത് ബിവറേജിന് കിട്ടുന്ന പണമാണെന്ന് വന്നപ്പോള്‍ പിന്നെ അതിലും ഒന്നും പറയാനില്ല.
ഈ ഭരണത്തില്‍ അഴിമതിയില്ല. വികസനം ഉണ്ട്. എത്ര പണം ഇല്ലെങ്കിലും കടമെടുത്താണെങ്കിലും വികസനം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടതുമുന്നണി വിടുന്നെന്ന ആലോചന പോലും ഞങ്ങളില്‍ ഉണ്ടാവില്ല. അങ്ങനെ ഒരു ആലോചന ഉണ്ടെങ്കില്‍ അത് അറിയേണ്ടത് ഞാനാണ്. ഞാന്‍ അറിഞ്ഞിട്ടില്ല- ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
പാര്‍ട്ടി യു.ഡി.എഫ് വിടുന്നതിന് മുന്‍പ് താനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പോന്നതെന്നും ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ രാത്രിയില്‍ പോയി കണ്ട് രാജികൊടുത്ത ആളാണ് താനെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഇത്തരമൊരു വാര്‍ത്തയ്ക്ക് പിറകില്‍ കേരള കോണ്‍ഗ്രസ് ബിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ്. ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ രാത്രിയില്‍ പോയി കണ്ട് രാജികൊടുത്ത ആളാണ് ഞാന്‍. സ്വന്തം കൈപ്പടയില്‍ എഴുതിയ രാജി അദ്ദേഹത്തിന് കൈയില്‍ കൊടുത്തപ്പോള്‍ വാങ്ങാതിരുന്നിട്ട് മടിയില്‍ വെച്ച് കൊടുത്താണ് ഞാന്‍ ഇറങ്ങിയത്.
മന്ത്രിസ്ഥാനത്തില്‍ കൊതിയില്ല. ഇന്ന് വരെ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇടതുമുന്നണിയില്‍ ഉന്നയിച്ചിട്ടില്ല. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ അച്ഛനെ കാണാന്‍ കഴിഞ്ഞ ദിവസം എം.കെ മുനീര്‍ വന്നിരുന്നു. സൗഹൃദസംഭാഷണമാണ് അദ്ദേഹം നടത്തിയത്.
വേറെ ആരും ഞങ്ങളെ കാണാന്‍ വന്നിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ കുറച്ച് ജനപ്രതിനിധികള്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകരുത് എന്നതുകൊണ്ട് ഇടതുമുന്നണിയില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്.
രാവിലെ എഴുന്നേറ്റ് ആരോപണം ഉന്നയിക്കാന്‍ വേണ്ടി ആരോപണം ഉന്നയിക്കുകയാണ്. അധികാര മോഹമുള്ള ആളല്ല ഞാന്‍. ജനങ്ങള്‍ തിരഞ്ഞെടുത്തതുകൊണ്ട് എം.എല്‍.എയായി അസംബ്ലിയില്‍ പോയത്. ഇല്ലാത്ത അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പറയരുത്. ഏത് നേതാവിനോടാണ് ഞങ്ങള്‍ സംസാരിച്ചതെന്ന് വാര്‍ത്തയില്‍ പറയട്ടേയെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ