| Saturday, 5th October 2024, 11:28 am

ബാലകൃഷ്ണമാരാര്‍ സ്മാരക സാഹിത്യ സമഗ്രസംഭാവന പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റ് രണ്ടാം എഡിഷന്റെ എന്‍.ഇ. ബാലകൃഷ്ണമാരാര്‍ സ്മാരക സാഹിത്യ സമഗ്രസംഭാവന പുരസ്‌കാരം എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചു.

ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദനാണ് പുരസ്‌കാരം നല്‍കിയത്. എം.ടിയുടെ അസാന്നിധ്യത്തില്‍ മകള്‍ അശ്വതി വി. നായരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

പൂര്‍ണയുടെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് അശ്വതി വി. നായര്‍ പറഞ്ഞു. എം.ടിയുടെ ആദ്യ പ്രസാധകരിലൊന്നായ പൂര്‍ണയില്‍ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങുന്നത് എന്നുള്ളതില്‍ അഭിമാനിക്കുന്നുവെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

എം.ടിയ്ക്ക് പുരസ്‌കാരം നല്‍കാന്‍ കഴിഞ്ഞതില്‍ വലിയ ആഹ്ലാദമുണ്ടെന്നും അത് പൂര്‍ണയുടെ പേരിലാണെന്നതില്‍ അതിലുപരി സന്തോഷിക്കുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

സി. രാധാകൃഷ്ണന്‍ പുരസ്‌കാരസമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിക്കുകയും ഡോ. കെ. ശ്രീകുമാര്‍ സ്വാഗതം പറയുകയും ചെയ്തു. എം.ടി. വാസുദേവന്‍ നായര്‍ കാലത്തിന്റെ വിളക്കാണെന്ന് സി. രാധാകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹം പ്രായത്തെ കണക്കിലെടുക്കാറില്ലെന്നും സാഹിത്യത്തില്‍ ജീവിതത്തെ ലയിപ്പിച്ച മനുഷ്യനാണ് എം.ടിയെന്നും രാധാകൃഷ്ണന്‍ പറയുകയുണ്ടായി.

വെള്ളിയാഴ്ച ആരംഭിച്ച പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റ് രണ്ടാം എഡിഷന്‍ ഇന്ന് (ശനിയാഴ്ച) വൈകുന്നേരത്തോടെ പൂര്‍ത്തിയാകും. കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ചാണ് പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ രണ്ടാം എഡിഷന്‍ നടക്കുന്നത്.

Content Highlight: Balakrishnamarar Memorial Literary Contribution Award Dedicated to M.T. Vasudevan Nair

We use cookies to give you the best possible experience. Learn more