| Wednesday, 2nd February 2022, 5:00 pm

ബാലയ്യയും ബോയപ്പെട്ടി ശ്രീനുവും വീണ്ടും ഒന്നിക്കുന്നു; അഖണ്ഡ രണ്ടാം ഭാഗം 2023ല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നന്ദമൂരി ബാലകൃഷ്ണയുടെ സിനിമകള്‍ മലയാളികള്‍ക്ക് വലിയ തമാശയാണ്. ട്രോളന്മാരുടെ സ്ഥിരം ഇരയാണ് തെലുഗ് പ്രേക്ഷകര്‍ സ്നേഹത്തോടെ ബാലയ്യ എന്ന വിളിക്കുന്ന ഇദ്ദേഹത്തിന്റെ സിനിമകള്‍.

എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ബാലയ്യയുടെ അഖണ്ഡയെ പറ്റി നല്ല പ്രതികരണമായിരുന്നു മലയാളികള്‍ നടത്തിയത്. സാധാരണ തെലുഗുസിനിമകള്‍ പോലെ അമാനുഷികതയുടെ അതിപ്രസരമാണെങ്കിലും ചിത്രം നല്ല കാഴ്്ച അനുഭവം നല്‍കിയെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

2021 ലെ തെലുഗു സിനിമ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ പണവാരി ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു അഖണ്ഡ. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുകയാണെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

‘അഖണ്ഡയെ വീണ്ടും കൊണ്ടുവരാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായി നിരവധി വെല്ലുവിളികളാണ് രണ്ടാം ഭാഗത്തില്‍ അദ്ദേഹം നേരിടാന്‍ പോകുന്നത്. എന്നാല്‍ കഥ അന്തിമരൂപത്തിലേക്ക് എത്തിയിട്ടില്ല. പല തരത്തിലുള്ള ആശയങ്ങള്‍ ആലോചിക്കുന്നുണ്ട്.

ചിത്രത്തിന്റെ ടീം ഒന്നുകൂടി ചര്‍ച്ചക്കിരിക്കും. 2023ഓടെ ചിത്രം പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ചിത്രത്തോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഖണ്ഡ രണ്ടാം ഭാഗത്തിന് മുന്‍പേ മറ്റൊരു ചിത്രം കൂടി സംവിധായകന്‍ ബോയപ്പെട്ടി ശ്രീനുവിന് പൂര്‍ത്തിയാക്കാനുണ്ട്. വര്‍ഷാവസാനത്തോടെയോ 2023ന്റെ ആദ്യത്തോടെയോ അഖണ്ഡ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷത്തെ ഏറ്റവും വലിയ റിലീസ് ആയിരിക്കും അഖണ്ഡ രണ്ടാം ഭാഗം. പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായി അദ്ദേഹം തിരിച്ചുവരും,’ ചിത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.

ബാലകൃഷ്ണയും ബോയപ്പെട്ടി ശ്രീനുവും ഒന്നിക്കുന്ന നാലാത്തെ ചിത്രമാകും അഖണ്ഡ രണ്ടാം ഭാഗം. നേരത്തെ സിംഹ, ലെജന്റ്, അഖണ്ഡ എന്നീ ചിത്രങ്ങളാണ് ബോയപ്പതി ശ്രീനുവിന്റെ സംവിധാനത്തില്‍ ബാലകൃഷ്ണ നായകനായി എത്തിയത്.

ആദ്യ ഭാഗത്തിലേതു പോലെ പുതിയ ചിത്രത്തിന്റേയും സംഗീത സംവിധാനവും എസ്. തമനായിരിക്കും നിര്‍വഹിക്കുന്നത്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ ബാലകൃഷ്ണ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മാസ് കൊമേഴ്ഷ്യല്‍ എന്റര്‍ടെയ്നറായ ചിത്രം ഉടന്‍ റിലീസ് ചെയ്യും.


Content Highlight: balakrishna-reunite-boyapati-srinu-akhanda-2-floors-2023

We use cookies to give you the best possible experience. Learn more