| Friday, 4th June 2021, 9:11 pm

വീരപ്പന്‍ മരിക്കും മുന്‍പ് എല്‍.ഡി.എഫിന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം; ബാലകൃഷ്ണപിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണെന്ന് ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അന്തരിച്ച കേരളാ കോണ്‍ഗ്രസ് ബി. നേതാവ് ആര്‍. ബാലകൃഷ്ണപിള്ളക്ക് സ്മാരകം നിര്‍മ്മിക്കാന്‍ ബജറ്റില്‍ രണ്ട് കോടി അനുവദിച്ചതിനെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ബാലകൃഷ്ണപിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണെന്നും ഹരീഷ് പറഞ്ഞു.

വീരപ്പന്‍ മരിക്കും മുന്‍പ് എല്‍.ഡി.എഫിന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യമാണെന്നും അല്ലെങ്കില്‍ 2 കോടി രൂപ ആ വഴിക്കും മലയാളിക്ക് ഖജനാവില്‍ നിന്ന് പോയേനെയെന്നും അദ്ദേഹം പരിഹസിച്ചു.

ഇടമലയാര്‍ കേസില്‍ അഴിമതിയക്ക് ശിക്ഷിക്കപ്പെട്ടയാളാണ് ബാലകൃഷ്ണപിള്ള. ബാലകൃഷ്ണ പിള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയും വിധിച്ചു.


ബാലകൃഷ്ണ പിള്ളയ്ക്ക് പുറമേ കരാറുകാരന്‍ പി.കെ. സജീവന്‍, മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍ എന്നിവരേയും കോടതി ശിക്ഷിച്ചു. കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടത്തിയെന്ന കേസില്‍ ആര്‍. ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്ക്കെതിരെ വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ആര്‍. ബാലകൃഷ്ണപിള്ള ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടത്തിയെന്നായിരുന്നു കേസ്.

ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണിയ്ക്ക് സ്മാരകം നിര്‍മ്മിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. അതേസമയം കെ.ആര്‍ ഗൗരിയമ്മയ്ക്ക് സ്മാരകം നിര്‍മ്മിക്കാനും 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വീരപ്പന്‍ മരിക്കും മുന്‍പ് LDF ന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം.
2 കോടി രൂപ ആ വഴിക്കും മലയാളിക്ക് ഖജനാവില്‍ നിന്ന് പോയേനെ.
ബാലകൃഷ്ണപിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണ്. ഇടമലയാര്‍ അഴിമതിക്ക് എതിരെ പണ്ട് വഴിനീളെ പ്രസംഗിച്ചു തൊണ്ടപൊട്ടിയ പ്രിയ സഖാക്കള്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ട് ഉള്ളത്‌കൊണ്ട് മൗനം ആചരിച്ചേക്കും, അല്ലേ?

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Balakrishna Pillai’s memorial is a monument to corruption: Hareesh Vasudevan

We use cookies to give you the best possible experience. Learn more