തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കെതിരെ താന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്നും കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപ്പിള്ള.
പട്ടികുരയ്ക്കുന്നതുപോലെയാണ് ബാങ്കുവെളിയെന്ന് പറയാന്‍ എനിക്ക് ഭ്രാന്തുണ്ടോയെന്നും ബാലകൃഷ്ണപ്പിള്ള ചോദിച്ചു.
താന്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല. ക്രൈസ്തവര്‍ നൂറ് നൂറ്റിയന്‍പത് വീടുകള്‍ കഴിയുമ്പോള്‍ ഇടവകകള്‍ ഉണ്ടാക്കുമെന്നും അങ്ങനെയാണ് സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതെന്നുമാണ് ഞാന്‍ പറഞ്ഞത്. ഇത്തരത്തില്‍ തന്നെ കരയോഗങ്ങളും ഉണ്ടാക്കണമെന്നും പറഞ്ഞിരുന്നു.മുസ് ലീങ്ങള്‍ ദിവസം അഞ്ച് പ്രാവശ്യം നിസ്‌കരിക്കുന്നു. ക്രിസ്ത്യാനികള്‍ ആഴ്ചയിലെന്നവണ്ണം പള്ളികളില്‍ പോകുന്നു. എന്നാല്‍ എത്ര ആണുങ്ങള്‍ അമ്പലങ്ങളില്‍ കാലുകുത്താറുണ്ടെന്നുമാണ് ഞാന്‍ ചോദിച്ചത്. അതില്‍ എന്താണ് തെറ്റ്.
തിരുവനന്തപുരത്ത് ചെന്നാല്‍ പട്ടിയുടെ കുര കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അത് കോടതി ശ്രദ്ധിക്കണമെന്നുമാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ പറഞ്ഞ മറ്റുകാര്യങ്ങള്‍ ഇതിന്റെ ഇടയ്ക്ക് കൂട്ടിച്ചേര്‍ത്ത് എഡിറ്റ് ചെയ്ത് വാര്‍ത്ത പടച്ചുവിടുകയായിരുന്നുവെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
സ്വന്തം കൈയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചിലവാക്കി കൊട്ടാരക്കരയില്‍ നിന്നുള്ള ഒരാളെ എനിക്ക് വേണ്ടി പ്രതിനിധിയായി ഹജ്ജിനയച്ച വ്യക്തിയാണ് ഞാന്‍. അത്രയ്ക്ക് വിശ്വാസമുള്ള ആളാണ് ഞാന്‍. എനിക്ക് പോകാന്‍ പറ്റില്ല. അതുകൊണ്ട് മറ്റൊരാളെ അയച്ചു. ഇതൊക്കെ അറിയാത്തവര്‍ മനസിലാക്കണം. എനിക്കെതിരെ നടന്നത് ഗൂഢാലോചനയാണ് അത് തെറ്റാണ്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇക്കാലമത്രയും ഒന്നും പറഞ്ഞിട്ടില്ല. ഒന്നും ചെയ്തിട്ടുമില്ല. ഇനി ചെയ്യുകയുമില്ല. ഇത് തെറ്റിദ്ധരിപ്പിക്കലാണ്. ഇത് തിരുത്താന്‍ എനിക്ക് മാധ്യമങ്ങളുടെ സഹായം വേണം. 1957 മുതല്‍ സജീവരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ കാലം മുതല്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ആളാണ് ഞാന്‍. ബാബ്‌റി മസ്ജിദ് അടിച്ചുതകര്‍ത്തപ്പോള്‍ രാജ്യം മുഴുവന്‍ നടന്നു ഞാന്‍ പ്രസംഗിച്ചു. പ്രധാന വക്താവായി പോയത് ഞാനായിരുന്നു.
എനിക്കെതിരായ ഈ വാര്‍ത്ത തികച്ചും ദുഖമുണ്ടാക്കുന്നത്. നാല് ചുവരിനകത്ത് വെച്ച് നടന്ന കരയോഗത്തിലെ പ്രസംഗം ആരാണ് മൊബൈലില്‍ പിടിച്ചതെന്നും അത് ആരാണ് എഡിറ്റ് ചെയ്തതെന്നും എനിക്ക് അറിയാം. ഞാനൊരു ന്യൂനപക്ഷ വിരോധിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ എന്റെ ചരിത്രം അതിന് അനുവദിക്കില്ല. ന്യൂനപക്ഷ വിരുദ്ധനായി എന്നെ ചിത്രീകരിക്കാന്‍ ഒരു പത്രം എനിക്കെതിരെ നടത്തിയ ശ്രമമാണ് ഇത്.
ഒന്നരമണിക്കൂര്‍ നീണ്ട പ്രസംഗം എഡിറ്റ് ചെയ്ത് വിവാദമാക്കി. വൈര്യനിരാതന ബുദ്ധിയോടെ പ്രസംഗം വളച്ചൊടിച്ച് വിവാദമാക്കി തന്നെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാനായിരുന്നു ശ്രമം. വിവാദം വളരെയേറെ വേദനിപ്പിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം ആര്‍ജിച്ചാല്‍ മാത്രമെ ഇന്ത്യയുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂവെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താന്‍.
ബാങ്ക് വിളിക്കുന്ന സമയത്ത് ഹിന്ദുക്ഷേത്രങ്ങളില്‍ പോലും ഉച്ചഭാഷിണികള്‍ ഓഫ് ചെയ്യും. അതാണ് സംസ്‌ക്കാരം. അങ്ങനെയാണ് ഞാന്‍ പറഞ്ഞത്. അത് തെറ്റാണോ്. ന്യൂനപക്ഷങ്ങളെ വേദനിപ്പിച്ചുകൊണ്ട് ഒരു പാര്‍ട്ടിക്കും നിലനില്‍ക്കാനാവില്ല. മഅദനിക്ക് പ്രശ്നമുണ്ടായ സമയത്ത് അദ്ദേഹത്തെ സഹായിച്ചതിനെ എനിക്കെതിരെ 40 ഓളം ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. മഅദനിയെ ആദ്യം ജയിലില്‍ പോയി കണ്ട വ്യക്തിയും ഞാനാണ്. മുസ് ലീങ്ങള്‍ക്കെതിരായി ഞാന്‍ എന്തെങ്കിലും പറഞ്ഞു എന്ന് പറയുന്നത് രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കില്ല.
ഇതിന്റെ പേരില്‍ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടപ്പിക്കുകയാണ്. ഞാന്‍ ചെയ്യാത്ത തെറ്റായിട്ട് പോലും ഞാന്‍ ഖേദം പ്രകടിപ്പിക്കുകയാണ്. അതില്‍ തനിക്ക് ഒരു വിഷമവുമില്ലെന്നുംബാലകൃഷ്ണപ്പിള്ള പറഞ്ഞു.