|

ട്രോളന്മാരെ വരെ ഫാനാക്കിയതില്‍ സംഗീത സംവിധായകന്റെ പങ്ക് ചെറുതല്ല, സന്തോഷസൂചകമായി ലക്ഷ്വറി കാര്‍ സമ്മാനിച്ച് നന്ദമൂരി ബാലകൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ട്രോളുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ തെലുങ്ക് നടനാണ് നന്ദമൂരി ബാലകൃഷ്ണ. കൊവിഡ് കാലഘട്ടത്തില്‍ ബാലകൃഷ്ണയുടെ സിനിമകളിലെ ലോജിക്കില്ലാത്ത സീനുകള്‍ ട്രോള്‍ പേജുകളിലൂടെ മലയാളികളെ ചിരിപ്പിച്ചു. എന്നാല്‍ കൊവിഡിന് ശേഷം സ്‌ക്രിപ്റ്റ് സെലക്ഷനില്‍ ബാലകൃഷ്ണ തന്റെ ഫാന്‍ബേസ് വ്യാപിപ്പിക്കുകയായിരുന്നു.

അഖണ്ഡ, വീരസിംഹ റെഡ്ഡി, ഭഗവന്ത് കേസരി എന്നീ ചിത്രങ്ങളിലൂടെ കേരളത്തില്‍ തരക്കേടില്ലാത്ത ആരാധകരെ സൃഷ്ടിക്കാന്‍ ബാലകൃഷ്ണക്ക് സാധിച്ചു. കളിയാക്കിയവര്‍ തന്നെ ബാലയ്യ ഫാന്‍സായി മാറുന്ന കാഴ്ച പിന്നീട് കണ്ടു. ബാലകൃഷ്ണ നായകനായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഡാക്കു മഹാരാജിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ സംഗീത സംവിധായകനായ തമന് ബാലകൃഷ്ണ വിലകൂടിയ ലക്ഷ്വറി കാര്‍ സമ്മാനിച്ചിരിക്കുകയാണ്. പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡലായ കയാനെയാണ് ബാലകൃഷ്ണ തമന് സമ്മാനിച്ചത്. ഡാക്കു മഹാരാജിന്റെ സക്‌സസ് മീറ്റില്‍ തമന്‍ തന്റെ സഹോദരനാണെന്ന് ബാലകൃഷ്ണ പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഡാക്കു മഹാരാജില്‍ ബാലകൃഷ്ണയുടെ മാസ് സീനുകളെ അപ്‌ലിഫ്റ്റ് ചെയ്യുന്നതില്‍ തമന്റെ സംഗീതം നല്‍കിയ ഇംപാക്ട് ചെറുതല്ലായിരുന്നു.

അഖണ്ഡ, വീര സിംഹ റെഡ്ഡി എന്നീ ചിത്രങ്ങളുടെ സംഗീതം നിര്‍വഹിച്ചതും തമന്‍ തന്നെയായിരുന്നു. ബാലകൃഷ്ണയെ സ്‌ക്രീനില് പ്രസന്റ് ചെയ്യുമ്പോള്‍ തമന്റെ സംഗീതം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. ഡാക്കു മഹാരാജിലെ ഇന്‍ട്രോ ബി.ജി.എം ഇതിനോടകം പല താരങ്ങളുടെ വീഡിയോയിലും എഡിറ്റ് ചെയ്ത വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കൊവിഡിന് ശേഷമുള്ള ബാലകൃഷ്ണയുടെ സ്‌ക്രിപ്റ്റ് സെലക്ഷനും ഇതിനൊടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ്. തന്റെ പ്രായത്തിനൊത്ത വേഷങ്ങള്‍ ചെയ്യുന്നതിനാണ് ബാലകൃഷ്ണ ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്. വീരസിംഹ റെഡ്ഡിയിലെ ശ്രുതി ഹാസനുമായുള്ള റൊമാന്റിക് സീനുകള്‍ ഇതിനൊരപവാദമാണെങ്കിലും പ്രധാന കഥാപാത്രത്തിന്റെ പെര്‍ഫോമന്‍സ് അതിനെ മറികടക്കുന്ന ഒന്നാണ്.

2023ല്‍ പുറത്തിറങ്ങിയ ഭഗവന്ത് കേസരിയും ബാലകൃഷ്ണയുടെ ഫിലിമോഗ്രഫിയില്‍ പ്രധാനപ്പെട്ട ഒന്നാണ്. ശ്രീലീലയെപ്പോലെ പുതുമുഖമായ ഒരു നടിക്ക് തുല്യപ്രാധാന്യം നല്‍കിയതും ചിത്രത്തില്‍ കൊച്ചുകുട്ടികള്‍ക്ക് ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിച്ച് കൊടുത്ത സീനും ബാലകൃഷ്ണയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. ഇത്തരം കാര്യങ്ങളാണ് മലയാളികള്‍ക്കിടയിലും ബാലകൃഷ്ണക്ക് മതിപ്പുണ്ടാക്കി കൊടുത്തത്. ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിനായി കേരളത്തിലെ ആരാധകരും കാത്തിരിക്കുകയാണ്.

Content Highlight: Balakrishna gifted Porsche car to S Thaman after the success of Daaku Maharaj movie