സിനിമാ-സീരിയല്‍ രംഗത്ത് വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് ബാലാജി ശര്‍മ. ദൃശ്യം, 2018, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലാജി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ഒപ്പത്തിലും ബാലാജി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബാലാജി.
മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ എന്നിവര്‍ ഉള്ള സെറ്റ് തന്നെ എപ്പോഴും രസകരമായ അനുഭവമാണെന്ന് ബാലാജി പറഞ്ഞു. ഷോട്ടിന് മുമ്പ് പരസപം പേര് വിളിക്കുന്ന മോഹന്‍ലാലും പ്രിയദര്‍ശനും ഷോട്ടിന്റെ സമയത്ത് സാര്‍ എന്ന് മാത്രമേ വിളിക്കാറുള്ളൂവെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ ഏല്ലാവരെയും ചിരിപ്പിച്ച മാമുക്കോയയുടെ സീനില്‍ താനും ഉണ്ടായിരുന്നെന്ന് ബാലാജി പറഞ്ഞു.
ചെമ്പന്‍ വിനോദും മാമുക്കോയയും തമ്മില്‍ സംസാരിക്കുന്ന സീന്‍ മുഴുവന്‍ കോമഡിയായിരുന്നുവെന്നും ആ സീന്‍ എടുത്ത അനുഭവം മറക്കാന്‍ കഴിയില്ലെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. എല്ലാ സിനിമയിലും ഇതുപോലുള്ള സീന്‍ ഉണ്ടെന്നും പ്രേക്ഷകര്‍ക്ക് ബോറടിക്കുമെന്ന് മാമുക്കോയ പ്രിയദര്‍ശനോട് ഷോട്ടിന് മുന്നേ പറഞ്ഞിരുന്നുവെന്ന് ബാലാജി പറഞ്ഞു.
എന്നാല്‍ ആ സീന്‍ സിനിമയിലെ ഹിറ്റ് സീനുകളിലൊന്നായിരിക്കുമെന്നും കാക്കക്കുയിലടക്കം പല സിനിമയിലും വന്നുപോയ സീന്‍ യാതൊരു മടുപ്പമില്ലാതെ പ്രേക്ഷകര്‍ ആസ്വദിച്ചെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. അത്രയും സീരിയസ് ട്രാക്കില്‍ പോകുന്ന സിനിമയിലെ കോമഡി പ്രേക്ഷകര്‍ക്ക് ഇഷ്ടമായെന്നും അത് പ്രിയദര്‍ശന് മാത്രമേ സാധിക്കുള്ളൂവെന്നും ബാലാജി പറഞ്ഞു. മാസ്റ്റര്‍ ബിന്നിനോട് സംസാരിക്കുകയായിരുന്നു ബാലാജി.
‘ഒരുപാട് സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും മറക്കാന്‍ പറ്റാത്ത എക്‌സ്പീരിയന്‍സില്‍ ഒന്ന് ഒപ്പത്തിന്റേതാണ്. പ്രിയദര്‍ശന്‍ സാറും ലാലേട്ടനും ഉള്ള സെറ്റ് എപ്പോഴും ജോളി മൂഡിലാണ്. അവര്‍ രണ്ടുപേരും തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന്റെ പോസിറ്റിവിറ്റി എപ്പോഴും അവിടെയുണ്ടാകും. ഷോട്ടിന് മുമ്പ് അവര്‍ പരസ്പരം പേരാണ് വിളിക്കാറുള്ളത്. പക്ഷേ ഷോട്ട് എടുക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും സാര്‍ എന്നേ വിളിക്കാറുള്ളൂ.
അതില്‍ എടുത്തുപറയേണ്ട സീനുകളില്‍ ഒന്നാണ് മാമുക്കോയയും ചെമ്പന്‍ വിനോദും തമ്മിലുള്ള സീന്‍. അതില്‍ ഞാനും ഉണ്ടായിരുന്നു. കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന കോമഡിയാണ് ആ സീനിന്റെ ഹൈലൈറ്റ്. അതുപോലത്തെ സീന്‍ പ്രിയന്‍ സാറിന്റെ ഒരുപാട് പടത്തിലുണ്ട്. ‘കുറേ പടത്തില്‍ ഇതുപോലുള്ള സീന്‍ ഉണ്ടല്ലോ, ആളുകള്‍ക്ക് ബോറഡിക്കും’ എന്ന് മാമുക്കോയ പറഞ്ഞു. ‘അതൊന്നും ഉണ്ടാവില്ല, ഈ പടത്തിലെ സൂപ്പര്‍ഹിറ്റ് സീനായിരിക്കും ഇത്’ എന്ന് പ്രിയന്‍ സാര്‍ പറഞ്ഞു. അതുപോലെ തന്നെ അവസാനം സംഭവിച്ചു,’ ബാലാജി ശര്‍മ പറയുന്നു.
Content Highlight: Balaji Sharma about the scene of Mamukkoya in Oppam movie