|

ഇത് പഴയ സിനിമയിലിട്ട് അലക്കിയ സാധനമല്ലേ എന്ന് മാമുക്കോയ ചോദിച്ചു, എന്നാല്‍ ആ രംഗം ഹിറ്റാകുമെന്ന് പ്രിയന്‍ സാറിന് ഉറപ്പായിരുന്നു: ബാലാജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് ഒപ്പം. മോഹന്‍ലാല്‍ അന്ധനായി എത്തിയ ചിത്രം വലിയ നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. ചിത്രത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ബാലാജി ശര്‍മ.

ചെമ്പന്‍ വിനോദിന്റെ പൊലീസ് കഥാപാത്രം ചോദ്യം ചെയ്യുന്ന രംഗം ഷൂട്ട് ചെയ്തപ്പോള്‍ ഇത് മുന്‍ ചിത്രങ്ങളില്‍ ചെയ്തതല്ലേ എന്ന് മാമുക്കോയ ചോദിച്ചെന്നും എന്നാല്‍ ആ രംഗം ഹിറ്റാകുമെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞതെന്നും ബാലാജി പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്.

‘ഒപ്പത്തിന്റെ സെറ്റ് ഭയങ്കര രസമായിരുന്നു. പ്രിയന്‍ സാര്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ സിനിമയുടെ ഭാഗമായിരിക്കുന്നത് ഭയങ്കര രസമാണ്. ഇവര്‍ തമ്മിലുള്ള കെമിസ്ട്രിയും തമാശകളും കൗണ്ടറുകളുമൊക്കെയുണ്ട്. ഷോട്ട് എടുക്കുമ്പോള്‍ ലാല്‍ സാറെന്നാണ് പ്രിയന്‍ സാര്‍ വിളിക്കുന്നത്, പ്രിയന്‍ സാറെന്ന് ലാല്‍ സാര്‍ വിളിക്കും.

ഒപ്പത്തിലെ ഒരു അനുഭവം പറയാം. ചെമ്പന്‍ വിനോദും ഞാനും ആ സിനിമയില്‍ പൊലീസുകാരാണ്. മാമുക്കോയയോട് ചോദ്യം മറിച്ചും തിരിച്ചും ചോദിക്കുന്ന രംഗമുണ്ട്. ഇത് നമ്മള്‍ കാക്കക്കുയിലിലൊക്കെ ഇട്ട് അലക്കിയ സാധനമല്ലേ എന്ന് മാമുക്കോയ ചോദിച്ചു. ഈ സീന്‍ സൂപ്പര്‍ഹിറ്റായിരിക്കും, ആളുകള്‍ ചിരിക്കും, എന്ന് പ്രിയന്‍ സാര്‍ പറഞ്ഞു. അതാണ് പുള്ളിയുടെ കാല്‍ക്കുലേഷന്‍.

റിയാക്ഷനായി സൈലന്‍സ് മതി, വേറെ ഒന്നും വേണ്ടെന്ന് ചെമ്പനോട് പറഞ്ഞിരുന്നു. ആ സൈലന്‍സിനൊക്കെ ഭയങ്കര അര്‍ത്ഥങ്ങളുണ്ട്. ഇന്നും പല പ്രാവിശ്യം ട്രോളായി വരുന്ന സീനാണ് അത്. ആ സീന്‍ ചെയ്യുമ്പോളേ പ്രിയന്‍ സാറിന് അറിയാമായിരുന്നു അത് സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന്,’ ബാലാജി പറഞ്ഞു.

ത്രിശങ്കുവാണ് ഒടുവില്‍ പുറത്ത് വന്ന ബാലാജിയുടെ ചിത്രം. അച്ഛ്യുത് വിനായകിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍, നന്ദു, സുരേഷ് കൃഷ്ണ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായത്.

Content Highlight: balaji sharma about priyadarshan and oppam movie