പിണറായിയുടെയും ജയരാജന്റെയും ഭാഷയില്‍ സംസാരിക്കാനാണ് മമ്മൂട്ടി എന്നോട് പറഞ്ഞത്: ബാലാജി ശര്‍മ
Film News
പിണറായിയുടെയും ജയരാജന്റെയും ഭാഷയില്‍ സംസാരിക്കാനാണ് മമ്മൂട്ടി എന്നോട് പറഞ്ഞത്: ബാലാജി ശര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th February 2022, 2:56 pm

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബാലാജി ശര്‍മ. നാടകത്തിലൂടെ അഭിനയത്തില്‍ എത്തിയ അദ്ദേഹം എയര്‍ഫോഴ്‌സിലെ ജോലി രാജിവച്ച ശേഷം സീരിയലുകളിലേക്ക് പ്രവേശിക്കുകയായിരുന്നു.

രാജ സേനന്റെ ചിത്രമായ ‘നാടന്‍പെണ്ണും നാട്ടു പ്രമാണി’യും എന്ന സിനിമയിലൂടെയാണ് ബാലാജി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് പേരറിയാത്തവര്‍, ഒഴിമുറി, ഹോംലി മീല്‍സ്, ലവകുശ, കുട്ടനാടന്‍ ബ്ലോഗ്, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ഭാഗമായിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെക്കുകയാണ് ബാലാജി. കൗമുദി മൂവിസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കുഞ്ഞനന്തന്റെ കട എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി മമ്മൂക്കയുമൊത്ത് അഭിനയിക്കുന്നത്. അതില്‍ മമ്മൂക്കയുമായി ഒരു രംഗത്തില്‍ ഡയലോഗ് മുഴുവന്‍ എനിക്കാണ്. അദ്ദേഹത്തിന് ഒരു ഡയലോഗോ മറ്റോ ഉള്ളൂ.

ആ ചിത്രത്തില്‍ ഞാനൊരു പ്രായമുള്ള രാഷ്ട്രീയക്കാരനാണ്. കണ്ണൂര്‍ സ്ലാങ് ആണ് സംസാരിക്കേണ്ടത്. മമ്മൂക്കയാണ് ഓപ്പോസിറ്റ് നില്‍ക്കുന്നത്. എങ്ങനെയെങ്കിലും ഡയലോഗ് പഠിച്ച് പറയാന്‍ നോക്കുവാണ്. സ്ലാങ്ങ് പറഞ്ഞു തരുന്ന ഒരു അസോസിയേറ്റ് ഡയറക്ടറുണ്ട്. ‘ഇതീന്നാന്ന്, ആടെ’ എന്നൊക്കെ അയാള്‍ പറഞ്ഞുതരുന്നുണ്ടായിരുന്നു. പ്ലീസ് തെറ്റിക്കല്ലേ എന്ന് ഞാന്‍ പറഞ്ഞു.

പിന്നെ ആ രംഗമെടുത്തു, ഓക്കെയായി. കുറച്ച് കഴിഞ്ഞ് മമ്മൂട്ടി പറഞ്ഞു. ‘സിനിമയില്‍ നീ 55 വയസുള്ള കഥാപാത്രമാണ്, കണ്ണൂരുകാരനായ രാഷ്ട്രീയക്കാരനാണ്. കണ്ണൂരുകാരായ രാഷ്ട്രീയക്കാരുടെ ഡയലോഗ് ഡെലിവറി ആലോചിച്ച് നോക്ക്. പിണറായി വിജയനായാലും ജയരാജനായാലും പതുക്കെയാണ് സംസാരിക്കുന്നത്. അപ്പോള്‍ ഒരു ഡയലോഗ് പറയുമ്പോള്‍ വണ്‍ ടു ത്രൂ എന്ന് കൗണ്ട് ചെയ്തിട്ട് അടുത്ത ഡയലോഗ് പറഞ്ഞാല്‍ മതി.

അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഞാന്‍ ചെയ്തു. പക്ഷേ സിനിമയില്‍ അത് കണ്ടപ്പോഴാണ് അതിന്റെ എഫക്ട് മനസിലായത്. മുന്നില്‍ നിന്ന് അഭിനയിക്കുന്നത് കാണുമ്പോള്‍ ഇവരെന്താ ഇങ്ങനെ കാണിക്കുന്നത് എന്ന് തോന്നും. പക്ഷേ അത് സ്‌ക്രീനില്‍ കാണുമ്പോള്‍ ആ വ്യത്യാസം മനസിലാകും,’ ബാലാജി പറഞ്ഞു.


Content Highlight: balaji sarma about the shooting experience with mammootty