| Sunday, 18th June 2023, 10:15 am

സെന്തില്‍ ബാലാജിയുടെ അറസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാതെ ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് മുന്‍ വൈദ്യുത മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ബുധനാഴ്ച നടന്ന മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് പിന്നാലെയാണ് ബാലാജിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് ചെയ്ത് നാല് ദിവസമായിട്ടും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സാധാരണ ഗതിയില്‍ വെബ്‌സൈറ്റിലോ ട്വിറ്ററിലോ ഇ.ഡി. റെയിഡിനെക്കുറിച്ചും അറസ്റ്റിനെ കുറിച്ചുമുള്ള വിവരങ്ങള്‍ പങ്കുവെക്കാറുണ്ട്.

ലൈക്ക ഗ്രൂപ്പും കല്ലല്‍ ഗ്രൂപ്പുമായും ബന്ധപ്പെട്ട കേസില്‍ വിവിധ സ്വത്തുക്കള്‍ കണ്ടുകെട്ടിയതും കള്ളപ്പണക്കേസില്‍ ഉദയിനിധി സ്റ്റാലിന്‍ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടില്‍ 34.7 ലക്ഷം രൂപ കണ്ടെത്തിയതും വളരെ പെട്ടെന്ന് തന്നെ ഇ.ഡി. പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

എന്നാല്‍ ബാലാജിയുടെ കേസില്‍ പ്രാദേശിക കോടതി അനുവദിച്ച എട്ട് ദിവസത്തെ കസ്റ്റഡി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനങ്ങളും നടത്തിയിട്ടില്ല. ബാലാജിയുടെ സഹോദരനും അടുത്ത ബന്ധുക്കള്‍ക്കും സമന്‍സ് അയച്ചത് മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്.

കസ്റ്റഡിയിലെടുത്തെങ്കിലും ബാലാജിയെ ഇതുവരെ ഇ.ഡി. ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചെന്ന് സന്ദര്‍ശിച്ചിട്ടില്ലെന്നും ന്യൂ ഇന്ത്യന്‍ എക്സ്ര്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അറസ്റ്റിന് മുമ്പ് 17 മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ.ഡി. ബാലാജിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിട്ടും അന്വേഷണ ഏജന്‍സി മറുപടി നല്‍കിയിട്ടില്ല.

പുലര്‍ച്ചെ രണ്ട് മണിക്കുള്ള അറസ്റ്റിന് കാരണമെന്താണെന്നും വ്യക്തമാക്കിയിട്ടില്ലെന്നും അത് വ്യക്തമാക്കുന്നത് വരെ ഏജന്‍സിക്കെതിരെയുള്ള സംശയങ്ങള്‍ ഉയരുമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ബാലാജിക്ക് മന്ത്രി സ്ഥാനത്ത് തുടരാന്‍ അനുമതി നിഷേധിച്ച് ഗവര്‍ണറും ഉത്തരവിറക്കി. മന്ത്രി സെന്തില്‍ ബാലാജി ക്രിമിനല്‍ നടപടികള്‍ നേരിടുന്നതിനാലും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാലും അദ്ദേഹത്തിന് പദവിയില്‍ തുടരാനാകില്ലെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്.

ബാലാജിയെ മന്ത്രി പദവിയില്‍ ഒഴിവാക്കരുതെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഗവര്‍ണര്‍ തള്ളുകയായിരുന്നു. പക്ഷേ ബാലാജിയെ പദവിയില്ലാ മന്ത്രിയായി നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം.

ബാലാജിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ഭീഷണികള്‍ക്ക് മുന്നില്‍ ഭയപ്പെടുന്നവരല്ല തങ്ങളെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും കലൈഞ്ജരുടെ വാക്കുകള്‍ കടമെടുത്ത് സ്റ്റാലിന്‍ പറഞ്ഞു.

‘ബാലാജിക്കെതിരെ നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണ്. ബാലാജി ജനങ്ങളാല്‍ തെരഞ്ഞെടുത്ത എം.എല്‍.എ ആണെന്ന് മറക്കരുത്. ആര്‍ക്കും മുമ്പിലും തലക്കുനിക്കില്ല. ഞങ്ങള്‍ക്കും എല്ലാ രാഷ്ടീയവും അറിയാം. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണ്,’ സ്റ്റാലിന്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ.ഡി. ബാലാജിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാും ചെയ്തിരുന്നു.

CONTENT HIGHLIGHTS: Balaji’s arrest was not published on the ED website

We use cookies to give you the best possible experience. Learn more