കോഴിക്കോട്: ആര്‍.എസ്.എസ് പോഷകസംഘടനയായ ബാലഗോകുലത്തിന്റെ മാതൃസമ്മേളനത്തില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയെന്ന് വിവരം.
അന്തിമ തീരുമാനത്തിനായി സംസ്ഥാന കമ്മിറ്റിയിലേക്ക് ശിപാര്‍ശ ചെയ്യാനും കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ തീരുമാനമായി.
സംഘപരിവാര്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസ്താവനകളും, പീന്നീട് അത് ന്യായീകരിച്ച് എത്തുകയും ചെയ്ത ബീനാ ഫിലിപ്പിന്റെ നടപടി പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ലെന്ന് യോഗം വിലയിരുത്തി. എളമരം കരീം എം.പിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് മേയര്‍ക്കെതിരെ കടുത്ത നടപടിക്ക് ശിപാര്‍ശ ചെയ്തത്.
കോട്ടൂളി വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറും നിലവിലെ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാനുമായ ഡോ. എസ്. ജയശ്രീയെ മേയറാക്കണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം. ഗവണ്‍മെന്റ് കോളജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച ജയശ്രീയും, ബീനാ ഫിലിപ്പും ഒരേപോലെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ബീനാ ഫിലിപ്പിനെ മേയറാക്കുകയായിരുന്നു.
മേയര്‍ക്കെതിരെ മുമ്പ് വിമര്‍ശനമുയര്‍ന്നതും യോഗത്തില്‍ ചര്‍ച്ചയായി. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടി ഇനിയും പ്രതിരോധത്തിലാകുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. മേയര്‍ക്ക് പാര്‍ട്ടി ബോധം കുറവാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മേയര്‍ പോലുള്ള വലിയ പദവിയില്‍നിന്ന് നീക്കുന്ന കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. പിന്നീട് ജില്ലാ സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കും.
കഴിഞ്ഞദിവസം ബീന ഫിലിപ്പിനെ പാര്‍ട്ടി നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. ബാലഗോകുലത്തിന്റെ പരിപാടിയുള്ളത് തന്റെ പ്രൈവറ്റ് സെക്രട്ടറിയെപ്പോലും കൃത്യമായി അറിയിക്കാത്തതിലും പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്.
Content Highlight: Balagokulam Controversy; CPIM District Secretariat wants Kozhikode Mayor to be removed