| Monday, 11th September 2017, 7:19 pm

'അങ്ങനെയങ്ങ് വിരട്ടല്ലേ ടീച്ചറേ'; വിദ്വേഷ പ്രസംഗത്തില്‍ കെ.പി ശശികലയ്ക്ക് മറുപടിയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എഴുത്തുകാര്‍ മൃത്യൂഞ്ജയ ഹോമം നടത്തേണ്ടി വരുമെന്ന ഹിന്ദുഐക്യ വേദി നേതാവ് ശശികലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്.

” കവിതയെ ഉപാസിക്കലാണെന്റെ മൃത്യുഞ്ജയം. അരനൂറ്റാണ്ട് അതു ആവുംവിധം ചെയ്തിട്ടുണ്ട്. അങ്ങനെയങ്ങു വിരട്ടല്ലേ ടീച്ചറേ” എന്ന് ചുള്ളിക്കാട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതായി ഐ.ഇ മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.

“എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍ എസ് എസ്. എതിര്‍ക്കുന്നവരെ കൊല്ലണ്ട ഗതികേട് ആര്‍ എസ് എസിനില്ല. അങ്ങനെയൊരു കൊലപാതകം കോണ്‍ഗ്രസിന് ആവശ്യമാണ്. അതുകൊണ്ട് ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുക എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല”.

“ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാന്‍ പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം” എന്നായിരുന്നു ശശികലയുടെ പരാമര്‍ശം.


Also Read:  ‘സാങ്കേതിക കാരണങ്ങളാണ് നിങ്ങള്‍ ദരിദ്രരായത്’; ജി.ഡി.പി നിരക്കു കുറഞ്ഞതിന് പിന്നില്‍ സാങ്കേതിക കാരണമെന്ന് പറഞ്ഞ അമിത് ഷായെ പരിഹസിച്ച് സീതാറാം യെച്ചൂരി


അതേസമയം, വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്കെതിരെ പൊലീസ് കേസേടുത്തു. ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ പറവൂരില്‍ നടത്തിയ പ്രസംഗത്തിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം 2006 ല്‍ മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കോഴിക്കോട് കസബ പൊലീസും ശശികലയ്ക്കെതിരെ കേസേടുത്തു.

മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് കേസ്. 2006 ലെ പ്രസംഗത്തിന് 2017 ല്‍ കാസര്‍ഗോഡ് പൊലീസിലാണ് ആദ്യം പരാതി കൊടുത്തിരുന്നത്. എന്നാല്‍ പ്രസംഗം കോഴിക്കോട് വെച്ചുള്ളതായതിനാല്‍ കേസ് കസബ പൊലീസിന് കൈമാറുകയായിരുന്നു.

തുടര്‍ന്ന് ആറുമാസം മുമ്പ് കേസ് ചാര്‍ജ് ചെയ്യപ്പെടുകയും അറസ്റ്റുണ്ടാകുമെന്ന് കരുതി ശശികല ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതിനെത്തുടര്‍ന്ന് നടപടി ക്രമങ്ങള്‍ അനന്തമായി നീണ്ടുപോകുകയായിരുന്നു.

We use cookies to give you the best possible experience. Learn more