ദയവായി നിങ്ങളയാളെ പഴയ ബാലനാക്കരുത്‌
Discourse
ദയവായി നിങ്ങളയാളെ പഴയ ബാലനാക്കരുത്‌
ലിജീഷ് കുമാര്‍
Saturday, 22nd August 2020, 2:24 pm

പഴയ ജീവിതം പാടെ വെറുത്തു ഞാന്‍
ഇനിയുമെന്നെത്തുലയ്ക്കാന്‍ വരുന്നുവോ

‘നോക്കൂ
ദഹിച്ച മെഴുതിരി
ശ്മശാന വസ്ത്രം
പിശാചു ബാധിച്ച കസേരകള്‍
മോഹങ്ങള്‍തന്‍ ശവദാഹം കഴിഞ്ഞു
ഇന്നു ഞാനീ മുറിയുപേക്ഷിക്കുന്നു’.

അടിമുടി നിരാശനായ ഒരു മനുഷ്യന്‍ അങ്ങേയറ്റം യാഥാര്‍ത്ഥ്യ ബോധത്തോടെ എഴുതി, നിര്‍ത്തിപ്പോയ വരികളാണിത്. അയാളുടെ പേര് ബാലചന്ദ്രന്‍ ചുള്ളിക്കാട്. ആരൊക്കെയായിരുന്നു അയാളുപേക്ഷിച്ചു പോയ മുറിയിലെ താമസക്കാര്‍?, ഒറ്റവാക്കില്‍ അതിനൊരുത്തരമേയുള്ളൂ, തോറ്റവര്‍.

”I’m the poet of a lost and failed generation. Our dreams have failed. Our ideas have failed. I’m the poet of a time of anguish and trauma that this generation cannot conceive.”

സത്യമാണത്, തോറ്റ തലമുറയുടെ കവിയായിരുന്നു അയാള്‍. സ്വപ്നങ്ങള്‍ തകര്‍ന്നവരുടെ, ആശകള്‍ കരിഞ്ഞവരുടെ കവി.  പത്തൊമ്പതാമത്തെ വയസ്സില്‍ കുടുംബഭ്രഷ്ടനായി, അടിയന്തരാവസ്ഥയുടെ ഇരുട്ടിലൂടെ മദ്യത്തില്‍ കുഴഞ്ഞ് നടന്ന കവി. സേഫ് സോണിലിരുന്ന് കൈയ്യടിക്കുന്നവര്‍ക്ക് അരാജക രാജന്‍.

ബാലചന്ദ്രന്‍ ചുള്ളിക്കാട്

ജോണ്‍ എബ്രഹാം, കടമ്മനിട്ട, കാക്കനാടന്‍, ഭരതന്‍, അരവിന്ദന്‍, പത്മരാജന്‍, തലപ്പൊക്കമുള്ള കൂട്ടുകാരുണ്ടായിരുന്നു അന്നയാള്‍ക്ക്. മാല്യങ്കര കോളേജിലെ ക്ലാസ് മുറിയില്‍ നിന്ന് കള്ളുഷാപ്പിലൂടെ വെട്ടിയ വഴിയേ നടന്ന് ഇവരിലേക്കെത്തുമ്പോള്‍ ‘ക്ഷുഭിത യൗവനം’ എന്ന് വാഴ്ത്തി നാമയാള്‍ക്ക് കൈയ്യടിച്ചു. ഒരു ദിവസം മദ്യപിച്ച് ബോധമില്ലാതെ അയാള്‍ കാമ്പസില്‍ വീണു കിടന്നു. വീണിടത്ത് കിടന്നു ഛര്‍ദിച്ചു. ഛര്‍ദില്‍ കണ്ട് അടുത്തുകൂടിയ ഒരു പട്ടി, അതു നക്കി തിന്നശേഷം ഛര്‍ദിലിന്റെ അവശിഷ്ടങ്ങള്‍ അയാളുടെ മുഖത്തുനിന്നും നക്കിയെടുത്തു. കൂട്ടുകാര്‍ അതു നോക്കി നിന്നു. അങ്ങനെ കിടന്നാണ് അയാളുടെ പല കൂട്ടുകാരും പില്‍ക്കാലം മരിക്കുന്നത്. ജോണ്‍, സുരാസു, അയ്യപ്പന്‍…

‘അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്’
അയ്യപ്പനെഴുതിയതാണിത്. പക്ഷേ, രക്ഷപ്പെട്ടില്ല. തെരുവില്‍ മരിച്ച് കിടക്കുമ്പോള്‍ അയ്യപ്പന്റെ കുപ്പായക്കൈ മടക്കില്‍ ഈ വരികളായിരുന്നു.
‘അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം,
പ്രാണനും കൊണ്ട് ഓടുകയാണ്,
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും.
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്‍
കൊതിയോടെ.
ഒരു മരവും മറ തന്നില്ല,
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി.” എന്ന്.

ജോണ്‍ എബ്രഹാം

ഞാന്‍ ദിക്കുകള്‍ തെറ്റി നടന്നവന്‍, സ്വന്തം അച്ചുതണ്ടില്‍ തിരിയുന്ന ഒരു കവി എന്ന് അയ്യപ്പനെപ്പോഴും പറയുമായിരുന്നു. ആ കറക്കത്തില്‍ നിന്ന് അയ്യപ്പന് പുറത്ത് കടക്കാനായില്ല. അയ്യപ്പനെപ്പോലെയവസാനിക്കേണ്ടതായിരുന്നു ചുള്ളിക്കാടും. ദിക്കുകള്‍ തെറ്റി നടന്നവനായിരുന്നു ബാലന്‍, പക്ഷേ സ്വന്തം അച്ചുതണ്ടില്‍ തിരിയുന്ന ഒരു കവിയാവാന്‍ അയാള്‍ നിന്നുകൊടുത്തില്ല. തന്നെ പിടികൂടിയ സകലമാന നരകതീര്‍ത്ഥങ്ങളേയും ഒരുനാള്‍ അയാള്‍ തള്ളിപ്പറഞ്ഞു. ‘എനിക്കുറപ്പാണ് ഇനി ഒരിക്കലും ഞാന്‍ മദ്യപിക്കില്ല, പുകവലിക്കില്ല’ എന്ന് പച്ചയായി പറഞ്ഞ് നമ്മള്‍ക്കു പ്രിയപ്പെട്ട അവധൂതന്റെ കുപ്പായം അയാള്‍ അഴിച്ചു വെച്ചു. ജോണിനെപ്പോലെ സുരാസു, സുരാസുവിനെപ്പോലെ അയ്യപ്പന്‍, അയ്യപ്പനെപ്പോലെ ബാലന്‍ എന്നെഴുതാനായിരുന്നു നമുക്കിഷ്ടം. പക്ഷേ, അയാള്‍ അതിന് നിന്നു തന്നില്ല

‘എനിക്ക് നിങ്ങളുടെ ഫ്ളാറ്റും വീടും ഒന്നും വേണ്ട, ഒന്നോ രണ്ടോ പെഗ്ഗു കൊണ്ട് എനിക്ക് ഫ്ളാറ്റാവാം’. വീടൊരുക്കിക്കൊടുക്കാന്‍ ചെന്നവരോട് സുരാസു പറഞ്ഞതാണ്. അവര്‍ തിരിച്ചുപോയി, അലഞ്ഞുതിരിഞ്ഞു നടന്നു അവസാനം വരെ സുരാസു. കളരിമന മേലേങ്കല്‍ ബാലഗോപാലന്‍ സുരാസുവായ കഥ എനിക്കിഷ്ടമാണ്. സുരാസുവിന്റെ നാടകങ്ങളും തിരക്കഥകളും എനിക്കിഷ്ടമാണ്. മദ്യത്തില്‍ വിഷം കലര്‍ത്തി ജീവനൊടുക്കിയ അയാളുടെ അവസാനം പക്ഷേ ഇഷ്ടമല്ല. ആരും തിരിച്ചറിയാതെ അജ്ഞാത മൃതദേഹമായി മോര്‍ച്ചറിയില്‍ കിടന്ന സുരാസുവിന്റെ അവസാനത്തെ എനിക്ക് പേടിയാണ്.

അങ്ങനേ അവസാനിച്ചതാണ് ജോണും. ആകെ നാല് സിനിമകളേ ജോണ്‍ എബ്രഹാം ചെയ്തിട്ടുള്ളൂ. ഫ്രഞ്ച് – സ്വിസ്സ് ഡിറക്ടര്‍ ജീന്‍ ലൂക്ക് ഒരിക്കല്‍ ജോണിനെ ‘ഗൊദാര്‍ദ്’ എന്ന് വാഴ്ത്തിയിട്ടുണ്ട്. ജനകീയ സിനിമയുടെ പിതാവ്, മലയാളത്തിന്റെ ഋത്വിക് ഘട്ടക്ക്, ചുരുങ്ങിയ നേരത്തിനുള്ളില്‍ എന്തെല്ലാം വിശേഷണങ്ങള്‍

സുരാസു

പക്ഷേ, ആകെ നാല് സിനിമകളേ ജോണ്‍ ചെയ്തിട്ടുള്ളൂ. കാലുറയ്ക്കാതെ കോഴിക്കോട് മിഠായി തെരുവിലെ പണി തീരാതെ കിടന്ന ഒയാസിസ് കോംപ്ലക്സിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ ജോണ്‍ എപ്പോഴും എന്റെ അസ്വസ്ഥതകളിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കിടന്നാണ് അയാള്‍ മരിക്കുന്നത്. ആശുപത്രി രജിസ്റ്ററില്‍ അയാള്‍ക്ക് പേര് ജോണ്‍ എബ്രഹാം എന്നായിരുന്നില്ല. ഗൊദാര്‍ദെന്നോ ഘട്ടക്കെന്നോ ആയിരുന്നില്ല, അണ്‍നോണ്‍ ബെഗ്ഗര്‍ എന്നായിരുന്നു.എവിടെ ജോണ്‍ എന്ന കവിതയില്‍ ചുള്ളിക്കാടെഴുതി:

‘പരിചിതമായ ചാരായ ശാലയില്‍
നരക തീര്‍ത്ഥം പകര്‍ന്നു കൊടുക്കുന്ന
പരിഷയോട് ഞാന്‍ ചോദിച്ചു :
ഇന്ന് ജോണ്‍ ഇവിടെ വന്നുവോ ?’അതൊരു നീണ്ട കവിതയാണ്. അതിലെ രണ്ട് വരികള്‍ അടര്‍ത്തി ചിദംബരസ്മരണയുടെ അകച്ചട്ടയില്‍ ഞാനെഴുതി വെച്ചിട്ടുണ്ട്. അതിങ്ങനെയാണ്,
‘എന്റെയിപ്പടി കയറുവാന്‍ പാടില്ല
മേലില്‍ നീ.
അറിക, ജോണിന്റെ കാവലാളല്ല ഞാന്‍’, എന്ന്. തോറ്റവരുടെ ജാഥയില്‍ നിന്ന് ആട്ടിയിറക്കിയിറക്കിയതാണ് കവിത അയാളെ. ചിദംബരസ്മരണയില്‍ ചുള്ളിക്കാടെഴുതുന്നുണ്ട്, ‘കവിത യക്ഷകലയാണ്. അത് നിന്റെ അവസാനത്തെ തുള്ളിച്ചോരയും ഊറ്റിക്കുടിക്കും’,എന്ന്.അയ്യപ്പന്‍ മുതല്‍ ലൂയിസ് പീറ്റര്‍ വരെയുള്ളവരുടെ അപ്പനാവേണ്ടിയിരുന്ന മനുഷ്യനാണ്, സിനിമയാണ് അയാളെ രക്ഷിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ പക്ഷേ മലയാളിക്ക് ചുള്ളിക്കാടിനോടുള്ളത് ഒരുതരം കലിയാണ്. നിഷ്‌കളങ്കമല്ല അത്. അവധൂതനെന്ന് വാഴ്ത്താനാവാത്തതിന്റെ വിരോധം അതിലുണ്ട്. ക്ഷുഭിത യൗവനമെന്ന്, മുറിവേറ്റ മിശിഹയെന്ന്, അരാജകനായ കവിയെന്ന് ആഘോഷിക്കാനാവാത്തതിന്റെ വിഷമം അതിലുണ്ട്.

എ. അയ്യപ്പന്‍

ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന നിങ്ങളുടെ പ്രിയപ്പെട്ട കവി ഒരു സിനിമാക്കാരനായതിന്റെ പ്രശ്‌നമല്ല അത്. നിങ്ങളിഷ്ടപ്പെട്ട സിനിമാക്കാരനാവാഞ്ഞതിലുള്ള അസ്വസ്ഥതയാണ്. സുരാസുവിനേയും, ജോണിനേയും പോലുള്ള ഒരു സിനിമാക്കാരനെ നിങ്ങളയാളില്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് പഴയ ബാലനെവിടെ എന്ന് നിങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്.’പഴയ ജീവിതം പാടെ വെറുത്തു ഞാന്‍
ഇനിയുമെന്നെത്തുലയ്ക്കാന്‍ വരുന്നുവോ ?
പ്രതിഭകള്‍ക്കു പ്രവേശനമില്ലെന്റെ മുറിയില്‍.
ഒട്ടും സഹിക്കുവാന്‍ വയ്യെനിക്കവരുടെ
സര്‍പ്പസാന്നിദ്ധ്യം’.

എന്ന് 1988 ല്‍ത്തനെ ബാലചന്ദ്രന്‍ ചുള്ളിക്കാടെഴുതിയിട്ടുണ്ട്. മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറം മാതൃഭൂമിയുടെ ലിറ്റ് ഫെസ്റ്റിലും അയാള്‍ അത് തന്നെയാണ് ആവര്‍ത്തിച്ചത്. പഴയ ബാലനാവാന്‍ എനിക്ക് സൗകര്യമില്ല എന്ന്. എന്റെയിപ്പടി കയറുവാന്‍ പാടില്ല മേലില്‍ നീ. അറിക, ജോണിന്റെ കാവലാളല്ല ഞാന്‍ എന്ന്.വാല്‍ക്കഷേണം : വീഡിയോ കട്ട് ചെയ്‌തെടുത്ത് പ്രചരിപ്പിച്ചവര്‍ എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് എനിക്കറിഞ്ഞുകൂട. എന്തായാലും അതിലൊരുന്മൂലന ദാഹമുണ്ട്. ഒന്നുകില്‍ ചുള്ളിക്കാട് അല്ലെങ്കില്‍ ചോദ്യകര്‍ത്താവ്, രണ്ടിലൊരാളുടെ ചോര വാര്‍ന്ന് കാണാനുള്ള കൊതി. ഈ വിഷയം പരാമര്‍ശിക്കുമ്പോഴും ആ കൊതിയെ എനിക്കതിജീവിക്കണമെന്നുണ്ട്. അതുകൊണ്ട്, മേലെയെഴുതിയതത്രയും ആ വീഡിയോയ്ക്ക് പുറത്ത് നിന്ന് വായിക്കാന്‍ അപേക്ഷ. അവധൂതനില്‍ നിന്ന് മനുഷ്യനിലേക്കുള്ള ചുള്ളിക്കാടിന്റെ മടക്കത്തെക്കുറിച്ചുള്ള എന്റെ സ്വതന്ത്ര നിരീക്ഷണങ്ങളാണിത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക