| Saturday, 22nd August 2020, 1:37 pm

നിങ്ങളോളം ആരാധകവൃന്ദവും സാമൂഹ്യനിലയും കൈവരിച്ചിട്ടില്ലാത്ത മനുഷ്യരുമുണ്ടിവിടെ, അവര്‍ കലിപ്പന്റെ കാന്താരിയാകാന്‍ വന്നിരിക്കുന്നതല്ല

ഹസ്‌ന ഷാഹിദ

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കൊടുംമാസ് ഡയലോഗ് എന്ന് പറയപ്പെടുന്ന വീഡിയോ ആദ്യം കണ്ട ശേഷം പിന്നീടോരോ തവണ ടൈംലൈനില്‍ വരുമ്പോഴും അറിയാതെ പോലും പ്‌ളേ ആകാതെ സൂക്ഷിച്ചാണ് താഴേക്ക് പോകുന്നത്.

മാതൃഭൂമി സാഹിത്യോത്സവത്തിലാണെന്ന് തോന്നുന്നു, ഒരു വൃദ്ധന്‍ ചുള്ളിക്കാടിനോട് സിനിമയുടെ കപടലോകത്ത് നിന്ന് എന്നാണ്
കവിതയിലേക്ക് തിരിച്ച് വരിക എന്ന് ചോദിക്കുകയാണ് വീഡിയോയില്‍ ആദ്യം. കവിത ചൊല്ലുമ്പോള്‍ അങ്ങിലുണ്ടായ വികാരങ്ങള്‍ താങ്കളിലെ കവി ജീവിച്ചിരിക്കുന്നു എന്നതിന് തെളിവാണെന്ന് മറ്റൊരു സ്ത്രീയും പറയുന്നു. രണ്ട് പേരും ആരാധനാപൂര്‍വ്വവും ആവശ്യത്തിലധികം വിനയത്തോടുമാണ് ഇത് പറയുന്നത്.

ചോദ്യത്തില്‍ ക്ഷുഭിതനാകുന്ന കവി/ചലച്ചിത്ര താരം ‘സൗകര്യമില്ല’ എന്ന് വൃദ്ധന് മറുപടി നല്‍കി. തുടര്‍ന്നുള്ള സംസാരത്തില്‍ താന്‍ നിരന്തരം കവിതകളെഴുതുന്നുണ്ടെന്നും അത് പ്രസിദ്ധീകരിക്കുന്നുണ്ടെന്നും കവിത വായിക്കാതെയാണ് ഈ ചോദ്യങ്ങളൊക്കെയെന്നും കലിപ്പ് മോഡില്‍ വിശദീകരിക്കുന്ന ചുള്ളിക്കാട് ഇനി എന്റെ അവസാന കവിത വായിച്ചിട്ട് ചാവാനിരിക്കുകയാണ് ഇവരൊക്കെയെന്ന മാസ് ഡയലോഗ് അടിച്ചിട്ടാണ് നിര്‍ത്തുന്നത്. നിങ്ങളെന്താ കവിത എഴുതാത്തത് എന്നല്ല, നിങ്ങള്‍ പഴയത് പോലെ അത്യാവശ്യം കൊള്ളാവുന്ന കവിതകള്‍ എഴുതാത്തതെന്താണെന്നാകണം ആ ചോദ്യങ്ങളുടെ ധ്വനി എന്ന് ഞാനൂഹിക്കുന്നു. കൃത്യമാകണമെന്നില്ല, എന്റെ വ്യക്തിപരമായ ആസ്വാദനസ്വാഭാവത്തില്‍ നിന്ന് വന്ന് പോയ നിഗമനമാണ്.

പക്ഷേ ആ വീഡിയോ അസ്വസ്ഥതപ്പെടുത്തുന്നത് ചോദ്യകര്‍ത്താക്കള്‍ പരസ്യമായി അപഹാസ്യരാക്കപ്പെടുന്നതിലാണ്. പരുക്കനിട്ട് അയാള്‍ പറയുന്ന മറുപടികള്‍ക്ക് കിട്ടുന്ന ഓരോ കയ്യടിയിലും ‘അനുചിത ചോദ്യം’ ചോദിച്ചതായി ആരോപിക്കപ്പെട്ട രണ്ട് പേര്‍ ആ വേദിയില്‍ വച്ചും തുടര്‍ന്നും എത്രമാത്രം അപമാനിതരാകുന്നുണ്ടെന്ന് തിരിച്ചറിയണം. എന്നെ സംബന്ധിച്ച്, ജോലിയുടെ ഭാഗമായോ വ്യക്തിപരമായോ ഒക്കെ ചുള്ളിക്കാടിനെ പോലുള്ള മനുഷ്യരോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരികയും, പ്രിവിലേജിന്റെ പുറത്ത് അവരെടുക്കുന്ന ആ വെട്ടിത്തുറക്കലേറ്റ് മുറിവേല്‍ക്കപ്പെടുകയും ചെയ്യേണ്ടി വരുമെന്ന ഓര്‍മ വന്ന് ഞെട്ടുന്നുണ്ട്.

ജനപ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരെ പത്രസമ്മേളനത്തിനിടെ വിരട്ടുമ്പോഴും, ജനകീയ കോടതി എന്ന പരിപാടിയില്‍ മൈത്രേയന്‍ അപ്പുറത്തിരുന്ന് ഭിന്നാഭിപ്രായം പറയുന്നവരോട് നിങ്ങളെന്നോട് ചോദ്യം ചോദിക്കാന്‍ യോഗ്യതയുള്ളവരല്ല എന്ന് പറയുമ്പോഴും അങ്ങനെ വായടപ്പിക്കപ്പെടുന്നവരുടെ അപമാനം തന്നെയാണ് ഓര്‍മ വരാറുള്ളത്.

പൊതുവേദികളിലുയരുന്ന ഇത്തരം ചോദ്യങ്ങള്‍ സാമൂഹികമോ രാഷ്ട്രീയമോ സാംസ്‌കാരികമോ ആയി ഉയര്‍ന്ന സ്ഥലങ്ങളിലിരിക്കുന്നവരോട് ആയിരിക്കെ ഉത്തരം പറയാന്‍ ബാധ്യസ്ഥനായ ആളായിരിക്കും കേന്ദ്രബിന്ദു. അയാളെയോ അയാള്‍ ചെയ്യുന്ന പ്രവൃത്തികളെയോ സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആളുകളുള്ളത് തന്നെയാണ് ആ വേദിയെ സജീവമാക്കുന്നത്. അതില്ലാത്ത പക്ഷം ആ വേദിയിലിരിപ്പിന് തന്നെ അവസരമില്ലല്ലോ. ഇനി മറുപടികളില്‍ ഇവര്‍ ക്ഷോഭിച്ചാലോ വിധിച്ചാലോ ഊഹങ്ങള്‍ പറഞ്ഞാലോ അതിനെ ഖണ്ഡിക്കാന്‍ മൈക്കോ ശ്രദ്ധയോ വീണ്ടും ചോദ്യകര്‍ത്താവിലേക്ക് എത്തണമെന്നില്ല. അയാള്‍ക്ക് പറയുന്നത് കേട്ട് മിണ്ടാതെ ഇരിക്കാനോ, സോഷ്യല്‍ മീഡിയയില്‍ തഗ്ഗെന്നോ തേപ്പെന്നോ ഉള്ള തലക്കെട്ടില്‍ ആ ദൃശ്യങ്ങള്‍ പ്രചരിക്കപ്പെടുമ്പോള്‍ പരിഹാസ്യനായി തുടരാനോ തന്നെ അവര്‍ക്ക് വിധി.

സ്വകാര്യതയിലേക്കും വ്യക്തിജീവിതത്തിലേക്കുമുള്ള ഒളിഞ്ഞ് നോട്ടങ്ങളും കൃത്യമല്ലാത്ത പ്രസ്താവനകളുമൊക്കെ ചോദ്യങ്ങളായി വന്നാല്‍ മനുഷ്യന്‍ എന്ന നിലയില്‍ അലോസരപ്പെടുന്നത് സ്വാഭാവികമാണ്. അതിനോട് മറുപടി പറയാനുള്ള യാതൊരു ബാധ്യതയും സെലിബ്രിറ്റിയായത് കൊണ്ടുണ്ടാകുന്നില്ല. പറയാന്‍ താല്‍പര്യമില്ല എന്ന് വ്യക്തമാക്കി ചോദ്യത്തില്‍ നിന്നൊഴിയ്. ആരും വീണ്ടും നിര്‍ബന്ധിക്കാതിരിക്കാനുള്ള സവിശേഷാധികാരം ഇരിക്കുന്ന കസേരകളില്‍ തന്നെ നിക്ഷിപ്തമാണ്. കവിയോ, സാമൂഹ്യ പ്രവര്‍ത്തകനോ, രാഷ്ട്രീയക്കാരോ, സിനിമാ നടനോ ആകട്ടെ, അവരോളം മൂലധനമില്ലാത്ത മനുഷ്യരെ ആള്‍ക്കൂട്ടത്തിലേക്കിട്ട് കൊടുക്കും വിധം കേമത്തരമെടുക്കുന്നതിന് കയ്യടിക്കുന്നവരെ കണ്ട് അത്ഭുതം തോന്നുന്നു.

ഈ ചോദ്യങ്ങളുടേയും ഉപചാരങ്ങളുടേയും പൊള്ളത്തരത്തെ ചൊല്ലി പൊട്ടിത്തെറിച്ച് പോകും എന്നുള്ളവര്‍ പൊതുവേദികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ മൂഡും സൗകര്യങ്ങളും ബുദ്ധിയും അനുസരിച്ച് മാത്രം സംശയങ്ങളോ ചോദ്യങ്ങളോ ഇഷ്ടമോ പ്രകടിപ്പിക്കാനുള്ള ശേഷി എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. നിങ്ങളോളം ആരാധാകവൃന്ദവും സാമൂഹ്യനിലയും കൈവരിച്ചിട്ടില്ലാത്ത മനുഷ്യര്‍ നിങ്ങളോട് സംവദിക്കാനോ കാര്യമറിയാനോ ശ്രമിക്കുന്നതിന്റെ പേരില്‍ ഇളിഭ്യരായി പോകുന്നത് സങ്കടകരമാണ്. വാസനകളുടേയോ ഇഷ്ടങ്ങളുടെയോ ആരാധനയുടേയോ ഒക്കെ പേരില്‍ കാണാനും, മിണ്ടാനും, അറിയാനും വണ്ടിക്കൂലിയും ചിലവാക്കി പാസുമെടുത്ത് കാത്ത് കെട്ടിയിരിക്കുന്ന പല വിധ മനുഷ്യര്‍ കലിപ്പന്റെ കാന്താരിയാകാന്‍ വന്നിരിക്കുന്നതല്ല മിസ്റ്റര്‍. ക്ഷുഭിതങ്ങള്‍!

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹസ്‌ന ഷാഹിദ

We use cookies to give you the best possible experience. Learn more