| Saturday, 22nd August 2020, 1:34 pm

ശകാരവും തെറിയും എനിക്കു വിട്ടേക്കൂ; ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലം മുതലേ നല്ല ശീലമാണ്; പ്രതികരണവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ട് വര്‍ഷം മുന്‍പ് മാതൃഭൂമി കലോത്സവത്തില്‍ സദസ്സില്‍ നിന്നും ചോദ്യം ചോദിച്ച വ്യക്തിക്ക് മറുപടി നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരിക്കൊണ്ടിരിക്കുന്നതിനിടെ സംഭവത്തില്‍ പ്രതികരണവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്.

രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരാളോട് താന്‍ പറഞ്ഞ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായത് അറിഞ്ഞെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നതായും ചുള്ളിക്കാട് പറയുന്നു.

ശകാരവും തെറിയും തനിക്കു വിട്ടേക്കൂവെന്നും അതു നിങ്ങളെ ബാധിക്കരുതെന്നും ശരാശരി മലയാളികളുടെ ഈ കൃമികടി തനിക്ക് കുട്ടിക്കാലം മുതലേ നല്ല ശീലമാണെന്നും അതു ഞാന്‍ സഹിച്ചോളാമെന്നും പറഞ്ഞ അദ്ദേഹം തന്റെ പേരില്‍ മറ്റുള്ളവരുടെമേല്‍ ചെളി തെറിക്കരുതെന്നും പറയുന്നു. സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കവിതയില്‍ നിന്ന് സിനിമയിലേക്കുളള ദൂരം എത്രയാണ്, തിരിച്ച് ഇനി കവിതയിലേക്ക് മടങ്ങി വരുമോ, നല്ല കവിതകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇന്നുണ്ട്. സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങി വന്നൂകൂടേ? എന്നായിരുന്നു ചോദ്യം. സൗകര്യമില്ല എന്നായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് നല്‍കിയ മറുപടി. തനിക്ക് തോന്നുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നും മറ്റാരും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ താന്‍ ചെയ്യാറില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. താന്‍ ജീവിക്കുന്നത് തന്റെ ജീവിതമാണെന്നും മറ്റുളളവരുടെ ജീവിതം ജീവിക്കാന്‍ തനിക്ക് സൗകര്യമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

മലയാളത്തിലേയോ മറ്റ് ഭാഷകളിലേയോ ഒന്നും കവിതാ മത്സരത്തില്‍ പങ്കെടുക്കുന്ന ഒരാളല്ല ഞാന്‍. രണ്ടാഴ്ച മുന്‍പാണ് ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നത്. അതിന് രണ്ടാഴ്ച മുന്‍പാണ് വേറൊരു കവിത അതില്‍ തന്നെ വന്നത്. ഇങ്ങനെയല്ലാതെ ദിവസവും ഞാന്‍ എഴുതിക്കൊണ്ടിരിക്കണോ എന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് ചോദിക്കുന്നുണ്ട്.
എല്ലാ ആഴ്ചപ്പതിപ്പിലും ഞാന്‍ എഴുതിക്കൊണ്ടിരിക്കണോ. മാതൃഭൂമി പത്രാധിപര്‍ക്ക് വേറെ ആളുകളുടെ കവിതകളൊന്നും പ്രസിദ്ധീകരിക്കണ്ടേ. എന്റേത് തന്നെ അച്ചടിച്ചുകൊണ്ടിരുന്നാല്‍ മതിയോ എന്നും ചോദിക്കുന്നു.

ഒരു മനുഷ്യന്‍ പത്ത് ജന്മം ജീവിച്ചാല്‍ വായിച്ചുതീരാത്തത്രയും കവിതകള്‍ ലോകത്തുണ്ട്. ഒരു കവിത പത്ത് ജന്മം വായിച്ചാല്‍ തീരില്ല. അതൊന്നും വായിക്കാതെ ഉപരിപ്ലവമായി എന്തെങ്കിലും പറയാന്‍ വേണ്ടി പറയുന്നവരെ താന്‍ വകവെയ്ക്കാറില്ലെന്ന് പറയുന്ന ചുള്ളിക്കാട് തന്റെ അവസാനത്തെ കവിത കൂടി വായിച്ചിട്ട് ചാവാനിരിക്കുകയല്ലേ ഇവരൊക്കെയെന്നും പറയുന്നുണ്ട്.
ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രതികരിച്ച രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സന്ദേശം

സുഹൃത്തുക്കളേ,

രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരാളോട് ഞാന്‍ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത്.

സ്നേഹപൂര്‍വ്വം

ബാലന്‍.

ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Balachandran chullikkadu on viral video

We use cookies to give you the best possible experience. Learn more