'ഒരു മുദ്രാവാക്യക്കവിത' കൃഷ്ണകുമാറിനെതിരെ മാത്രമല്ല, എനിക്കെതിരെയുമാണ്: ബാലചന്ദ്രൻ ചുള്ളിക്കാട്
Kerala News
'ഒരു മുദ്രാവാക്യക്കവിത' കൃഷ്ണകുമാറിനെതിരെ മാത്രമല്ല, എനിക്കെതിരെയുമാണ്: ബാലചന്ദ്രൻ ചുള്ളിക്കാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th January 2024, 9:07 pm

തിരുവനന്തപുരം: ‘ഒരു മുദ്രാവാക്യക്കവിത’ കൃഷ്ണകുമാറിനെതിരെ മാത്രമല്ല, തനിക്കെതിരെ കൂടിയാണെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്.

‘തമ്പ്രാനെന്ന് വിളിക്കില്ല, പാളേൽ കഞ്ഞി കുടിക്കില്ല’ എന്ന രാഷ്ട്രീയ പ്രാധാന്യമുള്ള മുദ്രാവാക്യത്തിലൂടെ ആരംഭിക്കുന്ന, ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച ചുള്ളിക്കാടിന്റെ കവിത സമീപ കാലത്ത് ഏറെ ചർച്ചയായിരുന്നു.

ജനതയ്ക്ക് ഉണ്ണാൻ ചോരയെ നീരാക്കി നെല്ലും തേങ്ങയും ഉണ്ടാക്കിയവർക്ക് മണ്ണിൽ കുഴികുത്തി കഞ്ഞി വിളമ്പിയ സംസ്കാരം ജന്മിത്തത്തിന്റെ പിന്മുറയ്ക്ക് എന്നും പൊങ്ങച്ചമാണെന്നും അവരാ കാലം സ്വപ്നം കാണുന്നുണ്ടെന്നും കവിതയിൽ പറയുന്നുണ്ട്.

പണ്ട് തറവാട്ടിൽ പണിക്കാർക്ക് പറമ്പിൽ കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് കണ്ട്‌ കൊതി തോന്നിയിരുന്നു എന്ന നടൻ കൃഷ്ണകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കവിത ഏറെ ശ്രദ്ധ നേടിയത്.

എന്നാൽ കുറച്ചു കൃഷിയും ഭൂമിയും ഉണ്ടായിരുന്ന ഒരു വീട്ടിൽ ജനിച്ച താനും ചെറുപ്പകാലത്ത് കൃഷ്ണകുമാറിന്റെ മനോഭാവത്തോടെയാണ് അത്തരം രംഗങ്ങൾ കണ്ടിരുന്നത് എന്ന് പറയുകയാണ് ചുള്ളിക്കാട്.

കുറ്റകരമായ ആ മനോഭാവത്തിന്റെ പേരിൽ ഇന്ന് താൻ സമൂഹത്തോടു നിരുപാധികം മാപ്പുചോദിക്കുന്നുവെന്നും രാഷ്ട്രീയമായി ശരിയല്ലാത്തതും പഴയ കാലത്തിന്റെ അവശിഷ്ടവുമായ ഒരുപാടു പിഴകൾ ഇന്നും തന്റെ മനസ്സിലും വാക്കിലും എഴുത്തിലും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

അതിന്റെ പേരിൽ താൻ രൂക്ഷമായി വിമർശിക്കപ്പെടാറുമുണ്ടെന്നും ആ വിമർശനങ്ങൾ ഞാൻ ശിരസ്സുകുനിച്ച് സ്വീകരിച്ചുപോരുകയാണെന്നും ചുള്ളിക്കാട് പറയുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം –

‘ഒരു മുദ്രാവാക്യക്കവിത’യിൽ ഞാൻ കൃഷ്ണകുമാറിന്റെ പേര് എന്തുകൊണ്ടു പരാമർശിച്ചില്ല എന്ന് പലരും ചോദിച്ചു. ആ കവിത കൃഷ്ണകുമാറിനെതിരെ മാത്രമല്ല. എനിക്കെതിരെ കൂടിയാണ്. ചെറുപ്പകാലത്ത് കൃഷ്ണകുമാറിന്റെ മനോഭാവത്തോടെയാണ് ഞാനും അത്തരം രംഗങ്ങൾ കണ്ടിട്ടുള്ളത്.

പരമദരിദ്രരായ മനുഷ്യർ എന്റെ കുട്ടിക്കാലത്തുണ്ടായിരുന്നു. അവർ മണ്ണിലെ കുഴിയിൽ ഇലവെച്ച് ഭക്ഷണം കഴിക്കുമ്പോൾ കുഞ്ഞാമൻസാർ ആത്മകഥയിൽ പറഞ്ഞതുപോലെ
നായ്ക്കൾക്കൊപ്പമാണ് ഭൂവുടമകൾ അവരെ കണ്ടിരുന്നത്.

അധികമൊന്നുമില്ലെങ്കിലും കുറച്ചു കൃഷിയും ഭൂമിയും ഉണ്ടായിരുന്ന ഒരു വീട്ടിൽ ജനിച്ച ഞാനും ആ മനോഭാവത്തിൽ പങ്കുപറ്റിയിട്ടുണ്ടെന്ന് വലിയ കുറ്റബോധത്തോടെ പറയട്ടെ. അത് സാമൂഹ്യമായ വലിയൊരു കുറ്റകൃത്യമായിരുന്നു എന്ന് അന്ന് അറിയില്ലായിരുന്നു.

കുറ്റകരമായ ആ മനോഭാവത്തിന്റെ പേരിൽ ഇന്ന് ഞാൻ സമൂഹത്തോടു നിരുപാധികം മാപ്പുചോദിക്കുന്നു.

രാഷ്ട്രീയമായി ശരിയല്ലാത്തതും പഴയ കാലത്തിന്റെ അവശിഷ്ടവുമായ ഒരുപാടു പിഴകൾ ഇന്നും എന്റെ മനസ്സിലും വാക്കിലും എഴുത്തിലും ഉണ്ടാവും. അതിന്റെ പേരിൽ ഞാൻ രൂക്ഷമായി വിമർശിക്കപ്പെടാറുമുണ്ട്.

ആ വിമർശനങ്ങൾ ഞാൻ ശിരസ്സുകുനിച്ച് സ്വീകരിച്ചുപോരുന്നു. കഴിവുപോലെ സ്വയം തിരുത്താൻ ശ്രമിക്കുന്നു. അത്തരം പിഴകളുടെ പേരിൽ സമൂഹത്തോടു നിരുപാധികം മാപ്പുചോദിക്കുന്നു.

അതിനാൽ,
‘ ഒരു മുദ്രാവാക്യക്കവിത’
കൃഷ്ണകുമാറിനെതിരെ മാത്രമല്ല, എനിക്കും എതിരെയാണ്.

Content highlight: Balachandran Chullikkad says his poem was not just against krishna kumar but also against himself