ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരനെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, തുടര്‍ന്നും തങ്ങള്‍ സംരക്ഷിക്കും: കൊടുങ്ങല്ലൂര്‍ അഗതി മന്ദിരം
Kerala News
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരനെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, തുടര്‍ന്നും തങ്ങള്‍ സംരക്ഷിക്കും: കൊടുങ്ങല്ലൂര്‍ അഗതി മന്ദിരം
ജിതിന്‍ ടി പി
Sunday, 2nd June 2019, 11:32 am

കോഴിക്കോട്: കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രനെ തുടര്‍ന്നും സംരക്ഷിക്കുമെന്ന് കൊടുങ്ങല്ലൂര്‍ വെളിച്ചം അഗതി മന്ദിരം. രോഗാതുരനായി അവശനിലയില്‍ കഴിയുന്ന ജയചന്ദ്രന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും പറ്റുമെങ്കില്‍ അഗതി മന്ദിരത്തില്‍ വന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കണമെന്നാണ് പറഞ്ഞതെന്നും ജീവകാരുണ്യപ്രവര്‍ത്തകനും വെളിച്ചം അഗതി മന്ദിരം പ്രവര്‍ത്തകനുമായ സന്ദീപ് പോത്താനി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നിലവില്‍ കൊടുങ്ങല്ലൂര്‍ പുല്ലാട്ടുള്ള വെളിച്ചം അഗതി മന്ദിരത്തിലാണ് ജയചന്ദ്രന്‍ കഴിയുന്നത്. ക്യാന്‍സര്‍ രോഗിയാണ് ഇദ്ദേഹം. തോന്ന്യങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കടത്തിണ്ണയില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍, വിസര്‍ജ്ജ്യങ്ങളില്‍ കിടക്കുകയായിരുന്നു ഇദ്ദേഹമെന്ന് സന്ദീപ് പറയുന്നു.

‘കൊണ്ടുവരുമ്പോള്‍ ഭയങ്കര ദുര്‍ഗന്ധമായിരുന്നു. രണ്ട്-മൂന്ന് ദിവസത്തോളം വിസര്‍ജ്യത്തിലാണ് കിടന്നിരുന്നത്. ഇപ്പോള്‍ അഗതി മന്ദിരത്തിലാണുള്ളത്.’

വീടുമായി ഇദ്ദേഹത്തിന് വര്‍ഷങ്ങളായി ബന്ധമില്ലായിരുന്നുവെന്ന് സന്ദീപ് പറയുന്നു. പറവൂരില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. പിന്നീട് വീടൊക്കെ വിറ്റു. ഈ അവസ്ഥയിലായതിന് ശേഷം സഹോദരിയുമായി നഗരസഭാ ബന്ധപ്പെട്ടിരുന്നെങ്കിലും അവരും ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് സന്ദീപ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നേരത്തെ ജയചന്ദ്രന്റെ അവസ്ഥ വിശദീകരിച്ച് സന്ദീപ് പോത്താനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

അതേസമയം സഹോദരന്‍ തെരുവിലെത്തിയതും ഈ അവസ്ഥയിലായതും ഇന്നലെയാണ് താന്‍ അറിയുന്നതെന്നും വര്‍ഷങ്ങളായി കുടുംബാംഗങ്ങളുമായി ബന്ധമില്ലെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് അഴിമുഖത്തോട് പ്രതികരിച്ചിരുന്നു.

സലീം കുമാര്‍ വിളിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും സഹോദരനെ ഏറ്റെടുക്കുന്നതിന് തയ്യാറല്ലെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞിരുന്നു.

പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

‘വളരെ ചെറുപ്പത്തിലേ വീട് വിട്ടു പോന്ന ആളാണു ഞാന്‍. എനിക്ക് കുടുംബാംഗങ്ങളുമായി യാതൊരു ബന്ധവുമില്ല. യാതൊരു തരത്തിലുള്ള മാനസിക അടുപ്പവുമില്ല. ഈ പറയുന്ന വ്യക്തിയെ കണ്ടിട്ടു തന്നെ വര്‍ഷങ്ങളായി. ഞാനനുഭവിച്ചത് അറിയാത്ത ലോകമല്ലേ എന്നെ വിമര്‍ശിക്കുന്നത്. എത്ര വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും കുഴപ്പമില്ല. ഈ സഹോദരന്‍ എന്ന് പറയുന്ന ആളുള്‍പ്പെടെ എന്നോട് ചെയ്തത് എനിക്ക് മാത്രമല്ലേ അറിയൂ. സഹോദരന്റെ കാര്യത്തില്‍ ഞാന്‍ ഇടപെടുന്നില്ല, ഏറ്റെടുക്കുന്നില്ല എന്ന വിമര്‍ശനമുണ്ടെങ്കില്‍ അത് ശരിയാണ്. സത്യവും അസത്യവുമായ എന്ത് വിമര്‍ശനവും എനിക്കെതിരെയാകാം. ഞാനൊരു തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ആളല്ല. പണിയെടുത്താണ് ജീവിക്കുന്നത്. ഇയാളില്‍ നിന്നുള്‍പ്പെടെ എനിക്കുണ്ടായ അനുഭവങ്ങള്‍ ലോകത്തിനറിയില്ല. ഇയാള്‍ ഇന്ന് ഈ അവസ്ഥയിലെത്താന്‍ ഉണ്ടായ കാരണവും എനിക്കറിയില്ല. ഞങ്ങള്‍ രണ്ടു പേരുടെ ഭാഗത്ത് നിന്നും കോണ്‍ടാക്ട് ചെയ്യല്‍ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കണ്ടിട്ട് തന്നെ അനേകം വര്‍ഷങ്ങളായി.

പുറത്ത് നിന്ന് നോക്കുന്ന ഒരാള്‍ക്ക് സഹോദരന്‍ ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ ഞാന്‍ ഏറ്റെടുക്കേണ്ടതാണ്, നോക്കേണ്ടതാണ് എന്ന് തോന്നാം. പക്ഷേ ഞാനത് ചെയ്യില്ല, എനിക്കതിന് എന്റേതായ കാരണങ്ങളുണ്ട്”, (അഴിമുഖത്തോട് പ്രതികരിച്ചത്)

സ്ന്ദീപ് പോത്താനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളക്കാടിന്,

താങ്കളുടെ സ്വന്തം അനിയന്‍ എന്നവകാശപ്പെടുന്ന പറവൂര്‍ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍കുട്ടിയെ തോന്ന്യകാവ് ക്ഷേത്രത്തിന് സമീപത്തെ ഒരു കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതായി അറിഞ്ഞിരുന്നോ ?

ഭക്ഷണം കഴിക്കാതെ അവശനിലയില്‍ വിസര്‍ജ്ജങ്ങളില്‍ കിടന്നിരുന്ന അദ്ദേഹത്തെ പറവൂര്‍ പോലീസും ജീവകാരുണ്യ പ്രവര്‍കത്തകരും ചേര്‍ന്ന് കുളിപ്പിച്ച് വൃത്തിയാക്കി പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം സിനിമാ നടനായ സലിം കുമാറിനെ കൊണ്ട് താങ്കളെ വിളിപ്പിച്ചിരുന്നു.

ഇദ്ദേഹത്തെ ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് താങ്കള്‍ പറഞ്ഞതായാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ഞങ്ങള്‍ക്കറിയാം താങ്കള്‍ക്കങ്ങിനെ പറയാനാവില്ലെന്ന്. കാരണം അന്തരിച്ച അനുഗ്രഹീത എഴുത്തുകാരി അഷിതക്ക് ഭ്രാന്താണെന്ന് പറഞ്ഞ അഷിതയുടെ സഹോദരനോട് താങ്കള്‍ വികാരക്ഷോഭത്താല്‍ പൊട്ടിത്തെറിച്ചതടക്കമുള്ള മനുഷ്യത്വപരമായ നിരവധി സാമൂഹിക ഇടപെടലുകളും ആഴത്തില്‍ കവിതകള്‍ കുറിക്കുന്നതും ഞങ്ങള്‍ കണ്ടിട്ടുണ്ട്.

അങ്ങിനെയുള്ള കവിക്ക് തന്റെ സഹോദരന്റെ സങ്കടത്തില്‍ ഉള്ളുനോവാതിരിക്കല്ലെന്ന് ഉറപ്പ്. ആരോരുമില്ലാത്ത ആ മിണ്ടാപ്രാണിയെ ഞങ്ങള്‍ ഏറ്റെടുത്ത് കൊടുങ്ങല്ലൂരിലെ വെളിച്ചം അഗതി മന്ദിരത്തില്‍ എത്തിച്ചിട്ടുണ്ട്. താങ്കളുടെ ജീവിതത്തില്‍ ഇതുവരെ ഈ സഹോദരന്‍ ഒരുപകാരവും ചെയ്തിട്ടില്ലായിരിക്കാം. എങ്കിലും കഴിയുമെങ്കില്‍ വന്നു കാണണം. പറ്റുമെങ്കില്‍ അല്പനേരം അടുത്തിരിക്കണം. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളാല്‍ വലയുന്ന അദ്ദേഹത്തിനത് ഒരു ആശ്വാസമാകും. ഉറപ്പായും വരണം.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.