| Monday, 12th June 2023, 4:46 pm

പണ്ടൊക്കെ ഷൂട്ടിങ് കാണാന്‍ ഇഷ്ടം പോലെ ആളുകള്‍ വരും; ഇന്ന് കയ്യിലിരിപ്പ് കൊണ്ട് അത്രത്തോളം ആളുകളില്ല: ബാലചന്ദ്രമേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പണ്ട് കാലത്ത് ഷൂട്ടിങ് കാണാന്‍ ഇഷ്ടം പോലെ ജനങ്ങള്‍ വരുമായിരുന്നെന്നും നടന്‍ ബാലചന്ദ്ര മോനോന്‍. എന്നാല്‍ ഇന്ന് അങ്ങനെയില്ലെന്നും സിനിമയിലെ ആളുകളുടെ കയ്യിലിരിപ്പ് കൊണ്ടാണതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുറിയില്‍ തന്നെ താരം ജനിക്കുകയാണെന്നും സിനിമാ മേഖലയുടെ അപചയാണിതെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

തിരുവനന്തപുരം സുനില്‍ വാക്സ് മ്യൂസിയത്തില്‍ നടന്‍ പ്രേം നസീറിന്റെ മെഴുക് പ്രതിമയുടെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് ഷൂട്ടിങ് എന്ന് പറഞ്ഞാല്‍ കാണാന്‍ ജനങ്ങള്‍ ഇഷ്ടം പേലെ വരും. കണ്ടമാനം. ഇപ്പോള്‍ അത്രത്തോളം ആളുകള്‍ ഉണ്ടോയെന്ന് സംശയമാണ്. കയ്യിലിരുപ്പ് കൊണ്ടാണ്. കളിയാക്കി പറഞ്ഞതല്ല ഞാന്‍.

എവിടെയാണോ സിനിമാ താരം ഉള്ളത് എന്ന് അന്വേഷിച്ച് വന്നൊരു കാലമുണ്ടായിരുന്നു. സിനിമയില്‍ അസൂയ ഉളവാക്കിയ കാലമാണ്. പ്രേം നസീറിന്റെ കണ്ണെങ്ങനെയിരിക്കും, ഉമ്മറിന്റെ മൂക്കെങ്ങനെ ഇരിക്കും ഇതായിരുന്നു നമ്മുടെ അന്നത്തെ ചിന്ത.

അതുപോയിട്ട് ഇന്ന് കാര്യം നേരെ ഉള്‍ട്ടയായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സൊക്കെ വന്നെങ്കിലും ഇപ്പോള്‍ നമ്മള്‍ സ്വകാര്യതയ്ക്ക് വേണ്ടി, അങ്ങനെ പറയാമോ എന്ന് എനിക്ക് അറിഞ്ഞൂടാ, പ്രകൃതിയുടെ വിളിക്ക് (നാച്ചേര്‍സ് കോള്‍) വേണ്ടി ഒരു മുറിയില്‍ കയറി കതകടച്ചാല്‍ അവിടെ താരങ്ങള്‍ വന്ന് തുടങ്ങി.

‘എന്റെ പടം നാളെ റിലീസുണ്ട്. തീര്‍ച്ചയായും കാണണം’ എന്ന് പറയും. സിനിമയുടെ വലിയ അപചയാണത്. അതിന് ഞാനടക്കമുള്ള സിനിമാ രംഗം തന്നെയാണ് ഉത്തരവാദി,’ അദ്ദേഹം പറഞ്ഞു.

പ്രേം നസീറുമൊത്തുള്ള ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. ദൈവത്തെയോര്‍ത്ത് എന്ന സിനിമയിലെ ഒരു സീനില്‍ പ്രേം നസീര്‍ നല്‍കിയ ഉപദേശവും ബാലചന്ദ്ര മേനോന്‍ പറഞ്ഞു. എന്നാല്‍ ഇന്നുള്ള ആള്‍ക്കാര്‍ ഇങ്ങനെ പറയില്ലെന്നും, ഒത്താല്‍ പാര വെക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘ദൈവത്തെയോര്‍ത്ത് എന്ന സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരുന്നപ്പോള്‍ നാല് മണി സമയമാണ്, സന്ദര്‍ഭം മറന്ന് പോയി. ഞാനാണ് അതിലെ ഒരു പ്രധാന വേഷം ചെയ്യുന്നത്. നസീര്‍ സാറും ശ്രീവിദ്യയുമുണ്ട്.

ചെറിയ ഫൈറ്റ് സീക്വന്‍സില്‍ ഞാന്‍ വന്നിട്ട് വെള്ളത്തില്‍ ചാടണം. നമ്മളന്ന് ചെറുപ്പം കൂടിയാണ്. ആള്‍ക്കാര്‍ ഇരിക്കുമ്പോള്‍ നമുക്കൊരു വീര്യം കൂടുമല്ലോ. മസിലൊന്ന് ഫ്‌ളക്‌സ് ചെയ്യും. നമ്മള്‍ മോശമൊന്നുമല്ലെന്ന് അറിയിക്കാനായിട്ട്.

അപ്പോ ഷോട്ട് എടുക്കാമല്ലേയെന്ന് ചോദിച്ചു. എടുക്കാമെന്ന് പറഞ്ഞു. വന്ന് ചാടിയാല്‍ മതിയെന്ന് പറഞ്ഞു. ചാടുന്നത് വരെയുള്ളൂ ഷോട്ട്. ആക്ഷന്‍, ഞാന്‍ ചാടി വരുന്നു, വെള്ളത്തില്‍ ചാടുന്നു. സന്ധ്യാ സമയമാണ്.

ചാടിയപ്പോള്‍ ആള്‍ക്കാര്‍ പറഞ്ഞു, ഫെന്റാസ്റ്റിക്, ചാട്ടം നന്നായിട്ടുണ്ടെന്നൊക്കെ. ഈ നസീര്‍ സര്‍ എന്ന് പറയുന്ന വ്യക്തി ഒരു മൂലയിലിരിക്കുകയാണ്. ഇത് കഴിഞ്ഞ് അങ്ങേരുടെ സീനാണ് എടുക്കാനുള്ളത്. അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു.

ഷോട്ട് നന്നായിരുന്നല്ലേ, ഞാന്‍ പറഞ്ഞു എല്ലാരും പറഞ്ഞു കൊള്ളാമെന്ന്. അപ്പോ ഇരിക്കണം, ഞാനൊരു കാര്യം ചോദിക്കട്ടേയെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥലം പരിചയമുണ്ടോയെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, എനിക്ക് പരിചയമില്ല. പുഴ പരിചയമുണ്ടോ, ഇല്ല. നിങ്ങള്‍ എന്താ ഇതില്‍ ചാടിയത്. ഞാനൊരു നിമിഷം ആലോചിച്ചു.

എന്റെ പ്രിയപ്പെട്ട ബാലചന്ദ്രന്‍ മേനോന്‍, നിങ്ങള്‍ ആവേശത്തില്‍ ചാടി, തലേ ദിവസം തേങ്ങ പൊതിക്കുന്ന ഒരുത്തന്‍ അവിടെ കൊണ്ടൊരു പാര വെച്ചാല്‍ നിങ്ങള്‍ കാണുമോ. നിങ്ങള്‍ എടുത്ത് ചാടുന്നു, പാര നിങ്ങളുടെ പള്ളയില്‍ കൊള്ളുന്നു. നിങ്ങളുടെ അമ്മയ്ക്കും അച്ചനും നഷ്ടപ്പെടും.

നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് പ്രൊഡക്ഷനില്‍ പറഞ്ഞ് ഒരാളെ അയച്ചിട്ട്, ഒരുപാട് പേുരണ്ടല്ലോ, ബാറ്റ വാങ്ങിച്ചിട്ട്. അവര് പോയി തട്ടി നോക്കണം, അവിടെ തടസമുണ്ടോയെന്ന്. ഒരു മനുഷ്യന്‍ ചാടാന്‍ വരികയാണ്. എന്നെ ഇത്രയും ശ്രദ്ധയോട് പഠിപ്പിക്കേണ്ട കാര്യമെന്താണ് അദ്ദേഹത്തിന്. ഇന്നുള്ള ആള്‍ക്കാര്‍ പറയത്തുമില്ല, ഒത്താല്‍ പാര വെക്കുകയും ചെയ്യും,’ ബാലചന്ദ്ര മോനോന്‍ പറഞ്ഞു.

content highlight: Balachandran about shooting location

We use cookies to give you the best possible experience. Learn more