| Saturday, 28th November 2020, 4:49 pm

'സോറി, എന്റെ ഗര്‍ഭം ഇങ്ങനെയല്ല'; ബി.ജെ.പിക്ക് തന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചതായുള്ള പ്രചരണത്തില്‍ ബാലചന്ദ്രമേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പിക്ക് വേണ്ടി തന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് വ്യാജപ്രചരണം നടക്കുന്നതായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍.

‘ഇടതനേയും വലതനേയും മാറി മാറി പരീക്ഷിച്ചു. വല്ല പ്രശ്‌നവും പരിഹരിച്ചോ, മോദിജി നയിക്കുന്ന ബി.ജെ.പി സാരഥികള്‍ക്ക് നിങ്ങളുടെ ഏത് വിഷയവും പരിഹരിക്കാനാവും. ഈ അവസരം പാഴാക്കരുത്, ബാലചന്ദ്രമേനോന്‍’ എന്നെഴുതിയ പോസ്റ്ററില്‍ മോദിക്കൊപ്പം ബാലചന്ദ്രമേനോന്റെ ചിത്രം കൂടി എഡിറ്റ് ചെയ്ത് ചേര്‍ത്തുകൊണ്ടായിരുന്നു സോഷ്യല്‍മീഡിയ വഴി പ്രചരണം നടന്നത്.

ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി ബാലചന്ദ്രമേനോന്‍ രംഗത്തെത്തിയത്. ‘ സോറി ഇത് എന്റെ ഗര്‍ഭമല്ല. ഇത് ആരുടേയോ വികൃതിയാണ്. അവര്‍ ദയവായി ഈ ഗര്‍ഭം ഏറ്റെടുക്കുക’ എന്നായിരുന്നു ബാലചന്ദ്രമേനോന്‍ പ്രതികരിച്ചത്.

താന്‍ മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത ഒരു കാര്യം തന്റെ തലയും വെച്ച് ആള്‍ക്കാര്‍ വായിക്കുമ്പോള്‍ ‘ഇപ്പോള്‍ ഇങ്ങനൊക്കെ പലതും നടക്കും’ എന്ന മട്ടില്‍ മൗനം പാലിക്കുന്നത് ഭൂഷണമല്ല എന്ന് തോന്നിയതുകൊണ്ടാണ് പ്രതികരിച്ചതെന്നും ബാലചന്ദ്രമോനോന്‍ പറഞ്ഞു.

ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘കണ്‍ഗ്രാജുലേഷന്‍സ് !’
‘നല്ല തീരുമാനം…’
‘അല്‍പ്പം കൂടി നേരത്തേയാവാമായിരുന്നു …’
‘നിങ്ങളെപ്പോലുള്ളവര്‍ പൊതുരംഗത്ത് വരണം ..
.’അതിനിടയില്‍ ഒരു വിമതശബ്ദം :
‘വേണോ ആശാനേ ?’
‘നമുക്ക് സിനിമയൊക്കെ പോരെ ?’
ഫോണില്‍കൂടി സന്ദേശങ്ങളുടെ പ്രവാഹം .എനിക്കൊരു പിടിയും കിട്ടിയില്ല. പിന്നെയാണറിയുന്നത് എന്റെ പേരില്‍ ഒരു വ്യാജ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന്. ഒന്നല്ല…പല ഡിസൈനുകള്‍ …

ഞാന്‍ മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത ഒരു കാര്യം എന്റെ തലയും വെച്ച് ആള്‍ക്കാര്‍ വായിക്കുമ്പോള്‍ ‘ഇപ്പോള്‍ ഇങ്ങനൊക്കെ പലതും നടക്കും’ എന്ന മട്ടില്‍ ഞാന്‍ മൗനം പാലിക്കുന്നത് ഭൂഷണമല്ല എന്ന് എനിക്ക് ബോധ്യമായി.

എന്നാല്‍ ‘രാഷ്ട്രീയമായി’ നേരിടാനും ‘നിയമപരമായി’ യുദ്ധം ചെയ്യാനുമൊന്നും എനിക്ക് തോന്നിയില്ല. എന്നാല്‍ എന്റെ നിലപാട് എനിക്ക് വ്യക്തമാക്കുകയും വേണം. അങ്ങിനെയാണ് ഞാന്‍ ജഗതി ശ്രീകുമാറിന്റെ സഹായം തേടിയത്.

ആ ചിത്രത്തിന്റെ സംവിധായകനായ രാജസേനനും നന്ദി …എന്റെ മറുപടി കണ്ട് എന്നോട് പ്രതികരിച്ച ഏവര്‍ക്കും കൂപ്പുകൈ. (അങ്ങിനെ ഒന്നുണ്ടോ ഇപ്പോള്‍?..,ആവോ !) പലരും ഭംഗ്യന്തരേണ ചോദിച്ച ഒരു ചോദ്യം :’നിങ്ങള്‍ നയം വ്യക്തമാക്കണം. രാഷ്ട്രീയത്തിലേക്കുണ്ടോ?’

ഉത്തരം : രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളില്ല. മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ്. അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല. രാഷ്ട്രീയത്തിലെ അഭിപ്രായങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സ്ഥിരതയില്ല. ഇതെല്ലാം ‘കൂട്ടിവായിക്കുമ്പോള്‍’ ഞാന്‍ രാഷ്ട്രീയത്തില്‍ വരുമോ എന്ന ചോദ്യത്തിന് വരുമെന്നോ, വരില്ല, എന്നോ ഇപ്പോള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്ന്..എന്റെ രാഷ്ട്രീയമായ തീരുമാനം …

that’s ALL your honour !

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Balachandra Menon On Fake Post

We use cookies to give you the best possible experience. Learn more