| Saturday, 29th January 2022, 12:58 pm

നാലാമത്തെ ആ ഫോണ്‍ നിര്‍ണായകം; ദിലീപ് ഒരേസമയം നാലിലേറെ ഫോണ്‍ ഉപയോഗിച്ചു: ബാലചന്ദ്ര കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദിലീപ് ഒരേസമയം നാലിലേറെ ഫോണ്‍ ഉപയോഗിച്ചതായി തനിക്ക് അറിയാമെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ഉപയോഗിച്ച ഫോണ്‍ കൂടി കണ്ടെത്തണമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ദിലീപിന്റെ ഫോണ്‍ മാത്രമല്ല, അതിനേക്കാള്‍ ഉപരി അദ്ദേഹത്തിന്റെ സഹോദരിയുടെ ഭര്‍ത്താവ് സുരാജ് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കണം. കേരളം ഞെട്ടുന്ന നിര്‍ണായകമായ പല തെളിവുകളും ഈ ഫോണ്‍ കണ്ടെത്തുന്നതിലൂടെ പുറത്തുവരും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായകരമാകുന്ന നിര്‍ണായകമായ പല കാര്യങ്ങളും അതിലുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

അതേസമയം ആറ് ഫോണുകള്‍ മാത്രമാണ് ദിലീപിന്റെ കൈവശമുള്ളതെന്നും പ്രോസിക്യൂഷന്‍ പറയുന്ന ഏഴാമത്തെ ഫോണ്‍ ഏതാണെന്നു പോലും തങ്ങള്‍ക്കറിയില്ലെന്ന നിലപാടാണ് ഇന്ന് കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ കൈക്കൊണ്ടത്.

എന്നാല്‍ ആറ് ഫോണുകള്‍ അല്ലെന്നും ഏഴ് ഫോണുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇതിന്റെ ഇ.എം.ഐ നമ്പറും സി.ഡി.ആറും ഉള്‍പ്പെടെ തങ്ങളുടെ പക്കലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകളും സമര്‍പ്പിക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് പറഞ്ഞു.

ഇതോടെ 1,2,3,5,6,7 എന്നീ സീരിയല്‍ നമ്പറിലുള്ള മുഴുവന്‍ ഫോണുകളും സീല്‍ ചെയ്ത കവറില്‍ രജിസ്റ്റാര്‍ ജനറലിന് മുന്‍പാകെ ജനുവരി 31 ന് രാവിലെ 10.15 ന് മുന്‍പ് കൈമാറാമെന്നും നാലാമത്തെ സീരിയല്‍ നമ്പറിലുള്ള ഫോണുമായി ബന്ധപ്പെട്ട കാര്യം അതിന് ശേഷം തീരുമാനിക്കാമെന്നുമാണ് കോടതി പറഞ്ഞത്.

അതേസമയം നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടതിന്റെ തെളിവുകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് വിവരങ്ങള്‍ നല്‍കിയത്. ദിലീപും കൂട്ടാളികളും ദൃശ്യം കാണുന്നതിന്റെ ശബ്ദരേഖയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയത്.

അതേസമയം ബാലചന്ദ്രകുമാറിന്റെ മൊഴിയിലെ വിവരങ്ങള്‍ ശരിയാണെന്ന് പ്രതി പള്‍സര്‍ സുനിയും സമ്മതിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിനെ അറിയാം, ഒരേ വാഹനത്തില്‍ യാത്ര ചെയ്തെന്നും പള്‍സര്‍ സുനി വ്യക്തമാക്കി. അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടത്. കഥ പറയാന്‍ വന്നയാളെന്ന് പരിചയപ്പെടുത്തി. അന്നേ ദിവസം ദിലീപ് പണം നല്‍കിയതായും സുനി ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.

അതേസമയം ദിലീപും മറ്റ് പ്രതികളും ഉപയോഗിച്ച ആറ് ഫോണുകളും കോടതിക്ക് മുന്‍പാകെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ കൈമാറണമെന്നാണ് കോടതി പറഞ്ഞത്. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍ നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

ഫോണ്‍ നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് ഇന്നും ദിലീപിന്റെ അഭിഭാഷന്‍ ഉയര്‍ത്തിയത്. എന്നാല്‍ ഫോണ്‍ നല്‍കില്ലെന്ന് പ്രതികള്‍ക്ക് പറയാനാവില്ലെന്ന് കോടതി പറഞ്ഞു.

ഫോണ്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏജന്‍സി ഏതാണെന്ന് കോടതി ചോദിച്ചു. ഫോണ്‍ മുംബൈയില്‍ ആണ് ഉള്ളതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഏജന്‍സിക്കും ഫോണ്‍ കൈമാറില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഏത് ഏജന്‍സി ഫോണ്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം തീരുമാനിക്കുന്നത് മറ്റൊരു കേസിലും കണ്ടിട്ടില്ലാത്ത കാര്യമാണെന്ന് പ്രോസിക്യൂഷനും തിരിച്ചടിച്ചു.

മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ആദ്യം ഫോണിന്റെ കാര്യത്തില്‍ തീരുമാനമാകട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്. സ്വന്തം നിലയ്ക്ക് പ്രതി ഫോണ്‍ പരിശോധനയ്ക്ക് അയച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

Content Highlight: Balachandrakumar About Dileeps Phone

Latest Stories

We use cookies to give you the best possible experience. Learn more