ഉത്രാടരാത്രി, രാധ എന്ന പെണ്‍കുട്ടി, കലിക, ഇഷ്ടമാണ് പക്ഷേ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച് കൂട്ടുകെട്ടാണ് ബാലചന്ദ്ര മേനോനും സുകുമാരനും. സുകുമാരനെ പറ്റിയുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് കലാകൗമുദിയിലെഴുതിയ ലേഖനത്തില്‍ ബാലചന്ദ്ര മേനോന്‍.
‘സുകുമാരനും ഞാനും തമ്മില്‍ നല്ല ചേര്‍ച്ചയായിരുന്നു. ഊടും പാവും പോലെയായിരുന്നു ഞങ്ങളുടെ യോജിപ്പ്. ഞാന്‍ എഴുതിയ ഡയലോഗുകള്‍ സുകുമാരന്‍ പറഞ്ഞുകേട്ടപ്പോള്‍ അത് അങ്ങേയറ്റം സ്വഭാവികമായി കാണികള്‍ക്ക് തോന്നി. എന്റെ സിനിമയിലെ ഡയലോഗുകള്‍ സുകുമാരന്റെ സ്വയം രചനയാണെന്ന് വരെ ജനം വിശ്വസിച്ചു.
സുകുമാരന്‍ നിര്യാതനായപ്പോള്‍ ഞാന്‍ പറഞ്ഞത് യേശുദാസിന്റെ പാട്ടും സുകുമാരന്റെ സംഭാഷണവും ഒരുപോലെ എനിക്ക് ഇഷ്ടമാണെന്നാണ്. ഡയലോഗുകള്‍ പറയുമ്പോഴുള്ള വ്യക്തതയും പ്രത്യേകം എടുത്ത് പറയാതെ വയ്യ. ഒപ്പം ഡബ്ബ് ചെയ്യാനുള്ള വേഗതയും. ഷര്‍ട്ടൂരി, ഡബ്ബ് ചെയ്യേണ്ട മൈക്കിന് മുന്നില്‍ സുകുമാരന്‍ ഇരിക്കുന്നത് ഒരു ഗുസ്തിക്കാരന്റെ ഉണര്‍വോടെയും വീറോടെയുമാണ്. ഏറ്റവും വേഗത്തില്‍ ഡബ്ബ് ചെയ്യുന്ന ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായിട്ടാണ് ഞാന്‍ സുകുമാരനെ കാണുന്നത്,’ ബാലചന്ദ്ര മേനോന്‍ പറഞ്ഞു.