'താനൊരു പത്രപ്രവർത്തകനാവാം, പക്ഷെ ഉദ്ദേശ്യം അതല്ല' പ്രേം നസീർ പറഞ്ഞു: ബാലചന്ദ്ര മേനോൻ
Entertainment
'താനൊരു പത്രപ്രവർത്തകനാവാം, പക്ഷെ ഉദ്ദേശ്യം അതല്ല' പ്രേം നസീർ പറഞ്ഞു: ബാലചന്ദ്ര മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st June 2023, 10:24 pm

കാലം എത്ര കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിന്ന് മായാതെ കിടക്കുന്ന പേരാണ് പ്രേം നസീർ എന്ന നടന്റേത്. അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെക്കുകയാണ് നടൻ ബാലചന്ദ്ര മേനോൻ.

താൻ മാധ്യമ പ്രവർത്തകനായിരുന്നപ്പോൾ നസീറിനെ ഇന്റർവ്യൂ ചെയ്തിരുന്നെനും മാധ്യമ പ്രവർത്തനം തന്നെയാണോ ഉദ്ദേശമെന്ന് ചിരിയോടെ നസീർ ചോദിച്ചതായി ബാലചന്ദ്രമേനോൻ. താൻ ചെയ്തതിൽ ഏറ്റവും ഇഷ്ടമുള്ളത് ‘കാര്യം നിസ്സാരം’ എന്ന ചിത്രത്തിലെ കഥാപാത്രമാണെന്ന് നസീർ പല തവണ പറഞ്ഞിരുന്നെന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വിവാഹം സ്വർഗത്തിൽ’ എന്ന ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത് കാണാൻ ഞാൻ പോയിട്ടുണ്ട്. സൈക്കിൾ ചവിട്ടി വിയർത്ത് കുളിച്ചാണ് ഞാൻ ചെന്നത്. അവിടെ
രണ്ട് കസേരയിലായി നസീറും ഷീലയും ഇരിക്കുന്നുണ്ട്. എന്റെ വെപ്രാളം കണ്ടിട്ടാവണം പ്രേം നസീർ എന്നെ അകത്തേക്ക് വിളിച്ചു. ഞാൻ അദ്ദേഹത്തോട് ചിത്രത്തിന്റെ സംവിധായകൻ ആരാണെന്ന് തിരക്കി. അത് കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് കൗതുകം ആയിരുന്നു. അദ്ദേഹം സംവിധായകൻ ജെ.ഡി. തോട്ടാനെ വിളിച്ചു. എന്നിട്ട്, ഒരു കടുത്ത ആരാധകൻ വന്നിട്ടുണ്ടെന്നും, ഇയാൾക്ക് തന്നെയോ കൂടെയുള്ള മറ്റ് താരങ്ങളെയോ കാണണ്ട പടത്തിന്റെ സംവിധായകനെയാണ് കാണണ്ടതെന്നും തൊട്ടാനോട് പറഞ്ഞു. അന്നാണ് ഞാൻ ആദ്യമായിട്ട് നസീർ സാറിനെ കണക്കുന്നത്.

പിന്നീട് ഞാൻ മാധ്യമ പ്രവർത്തകനായിരിക്കെ നസീറിനെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. യാത്ര പറഞ്ഞിറങ്ങുമ്പോൾ ‘എന്താ നിങ്ങളുടെ ഉദ്ദേശമെന്ന്’ അദ്ദേഹം എന്നോട് ചോദിച്ചു. പത്ര പ്രവർത്തനമാണെന്ന് ഞാൻ പറഞ്ഞു. ‘ ജോലി കൊണ്ട് നിങ്ങളൊരു പത്ര പ്രവർത്തകനാവാം , പക്ഷെ ഉദ്ദേശ്യം അതല്ല, ഉറപ്പ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ അത് കേട്ട് ചിരിച്ചു,’ ബാല ചന്ദ്രമേനോൻ പറഞ്ഞു.

താൻ സംവിധാനം ചെയ്ത ‘കാര്യം നിസ്സാരം’ എന്ന ചിത്രമാണ് പ്രേം നസീറിന് ഏറ്റവും ഇഷ്ടമെന്ന് പ്രേം നസീർ പറയുമായിരുന്നെന്നും അത് സത്യസന്ധമായി പറഞ്ഞതാണെന്ന് അദ്ദേഹത്തിന്റെ മരണ ശേഷമാണ് മനസിലായതെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു.

‘നൂറ്കണക്കിന് സിനിമകളിൽ അഭിനയിച്ച നസീറിന് ‘കാര്യം നിസ്സാരം’ എന്ന ചിത്രത്തിൽ ചെയ്ത ഉണ്ണിത്താൻ എന്ന കഥാപാത്രം ഏറ്റവും പ്രീയപ്പെട്ടതായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് നസീറിന് പദ്മഭൂഷൺ പുരസ്കാരം ലഭിക്കുന്നത്. പുരസ്‌കാരത്തിന് ശേഷമുള്ള എല്ലാ സ്വീകരണ വേളകളിലും ‘ശ്രീ ബാലചന്ദ്ര മേനോന്റെ ‘കാര്യം നിസ്സാരത്തിലെ’ ഉണ്ണിത്താനെയാണ് ഏറ്റവും ഇഷ്ടം’ എന്ന് അദ്ദേഹം പറയും. അതൊരു ആവർത്തനമായിമാറിയപ്പോൾ ഏതെങ്കിലും വേദിയിൽ അദ്ദേഹം ഇത് പറയാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ഈ ചിത്രത്തോട് അത്രയും ഇഷ്ടം ഉണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ മരണ ശേഷമാണ് ഞാൻ മനസിലാക്കിയത്. മരണ ശേഷം അദ്ദേഹത്തിന്റെ ശവമഞ്ചത്തിൽ വച്ചത് കാര്യം നിസ്സാരം എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നിന്നും അടർത്തിയെടുത്ത ചിത്രമാണ്. അഞ്ഞൂറിൽ കൂടുതൽ ചിത്രത്തിൽ അഭിനയിച്ച പ്രേം നസീറിൻറെ അവസാന യാത്രയിൽ കാര്യം നിസ്സാരത്തിലെ ഉണ്ണിത്താന് മാത്രം നറുക്ക് വീണെങ്കിൽ പ്രേം നസീർ പറഞ്ഞത് സത്യമാണ്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം ഉണ്ണിത്താൻ എന്ന ഏക കഥാപാത്രം തന്നെയാണ്,’ ബാലചന്ദ്ര മേനോൻ പറഞ്ഞു.

Content Highlights: Balachandra Menon on Naseer