വിരമിച്ച വനിതാ ഡി.ജി.പി ഫോറന്‍സിക് ലാബിനെതിരെ രംഗത്ത് വന്നത് ദിലീപിന് വേണ്ടിയുള്ള പി.ആര്‍ വര്‍ക്ക്: ബാലചന്ദ്ര കുമാര്‍
national news
വിരമിച്ച വനിതാ ഡി.ജി.പി ഫോറന്‍സിക് ലാബിനെതിരെ രംഗത്ത് വന്നത് ദിലീപിന് വേണ്ടിയുള്ള പി.ആര്‍ വര്‍ക്ക്: ബാലചന്ദ്ര കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2022, 11:18 pm

കൊച്ചി: വിരമിച്ച വനിതാ ഡി.ജി.പി ഫോറന്‍സിക് ലാബിനെതിരെ രംഗത്ത് വന്നത് ദിലീപിന് വേണ്ടിയുള്ള പി.ആര്‍ വര്‍ക്കിന്റെ ഭാഗമായാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍.

ഫോറന്‍സിക് ലാബുകളിലെ പല തെളിവുകളും വ്യാജമാണെന്ന് വിരമിച്ച വനിതാ ഡി.ജി.പി
മുന്‍കൂറായി പറയുകയായിരുന്നു. ദിലീപിനെതിരായ തെളിവുകളെല്ലാം ഫോറന്‍സിക് ലാബുകളിലൂടെ വരുന്ന റിപ്പോര്‍ട്ടുകളാണ്. അതിനെ തടയിടാന്‍ വേണ്ടിയാണ് മുന്‍ ഡി.ജി.പി ഇക്കാര്യം പറഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.

”അവര്‍ ജുഡീഷ്യറിയെക്കുറിച്ച് വളരെ ഈസിയായി സംസാരിക്കുന്ന ഒരു ഓഡിയോയുണ്ട്. അത്, കുറ്റപത്രമൊന്ന് പെട്ടെന്ന് കൊടുക്കാന്‍ പറ. ബാക്കി കാര്യങ്ങളെല്ലാം നമ്മള്‍ പറയുന്നത് പോലെയാണല്ലോ എന്ന് പറയുന്ന ഒരു ഓഡിയോ ക്ലിപ്പ് ഞാന്‍ റെക്കോര്‍ഡ് ചെയ്ത് കൊടുത്തിട്ടുണ്ട്.

തുടക്കം മുതലേ ഞാന്‍ പറഞ്ഞിട്ടുണ്ട്. പ്രതി പ്രബലനാണ്. കാരണം അദ്ദേഹത്തിനൊപ്പം വര്‍ഷങ്ങളോളം യാത്ര ചെയ്ത ആളാണ് ഞാന്‍. അവര്‍ എന്തൊക്കെയാണ് പ്ലാന്‍ ചെയ്യുന്നതെന്ന് വ്യക്തമായി എനിക്ക് അറിയാം” ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

”അന്ന് ദിലീപ് അനുകൂലികള്‍ എനിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പം എല്ലാ കാര്യങ്ങളും പുറത്ത് വരുന്നുണ്ട്. ഞാന്‍ എണ്ണിയെണ്ണി പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് ഇവര്‍ ബോധപൂര്‍വ്വം ഒരു സംഭവം ചെയ്തു.

ഒരു റിട്ടയേര്‍ഡ് ചെയ്ത് പെന്‍ഷന്‍ വാങ്ങിക്കുന്ന ഡി.ജി.പിയായിരുന്ന ഒരു വനിത വന്നിട്ട് ഒരു പ്രസ്താവന നടത്തുന്നു. അതായത് ഫോറന്‍സിക് ലാബുകളിലെ പല തെളിവുകളും വ്യാജമാണെന്ന് അവര്‍ മുന്‍കൂറായി അങ്ങ് ഇട്ടു. അത് എന്തിന് വേണ്ടിയാണ്. ദിലീപിനെതിരായ തെളിവുകളെല്ലാം ഫോറന്‍സിക് ലാബുകളിലൂടെ വരുന്ന റിപ്പോര്‍ട്ടുകളാണ്. അതിനെ തടയിടാന്‍ വേണ്ടി ആഴ്ചകള്‍ക്ക് മുന്‍പ് റിട്ട. ഡി.ജി.പിയെ കൊണ്ട് ബോധപൂര്‍വ്വം അവര്‍ ഒരു പി.ആര്‍ വര്‍ക്കിന് തുടക്കമിട്ടു. കാണുമ്പോള്‍ സത്യത്തില്‍ ഭയം തോന്നുന്നു. അന്വേഷണത്തില്‍ പ്രതിഭാഗം സഹകരിക്കാതെ സമയം കളയുന്നതില്‍ ആശങ്കയുണ്ട്. പക്ഷെ അന്വേഷണം നേരായ വഴിക്ക് തന്നെയാണ് നടക്കുന്നത്. വളരെയേറെ പ്രതീക്ഷയുണ്ട്,” ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ഏപ്രില്‍ ആദ്യവാരമാണ് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകളില്‍ തിരിമറി നടത്താന്‍ എളുപ്പമാണെന്ന് മുന്‍ ഡി.ജി.പി പറഞ്ഞത്.

 

Content Highlights: Balachandra Kumar against Dileep