തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ആരാണെന്ന കാര്യത്തില്‍ പൊലീസ് വ്യക്തത തേടുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ വരുന്നത്.
കൊല്ലത്ത് വെച്ച് വാഹനത്തിന്റെ പിന്‍സീറ്റില്‍ ബാലഭാസ്‌കര്‍ ഉറങ്ങുന്നത് കണ്ടെന്നും ഡ്രൈവര്‍ ജ്യൂസ് വാങ്ങി നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നുമാണ് ചവറ സ്വദേശിയുടെ മൊഴി. ദുരൂഹത ഉയര്‍ത്തുന്ന ഈ മൊഴിയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി കൊല്ലത്ത് വെച്ച് ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്‌കര്‍ ഡൈവര്‍ സീറ്റിലേക്ക് മാറിയെന്നായിരുന്നു ഡ്രൈവറായ അര്‍ജുന്റെ മൊഴി. കൊല്ലത്ത് വെച്ച് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി ഇരുവരും ജ്യൂസ് കുടിച്ചെന്ന് ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ വെളിപ്പെടുത്തലുമായാണ് ചവറ സ്വദേശി കൊല്ലം പൊലീസിനെ സമീപിച്ചത്. പിറകിലെ സീറ്റിലിരുന്ന് ബാലഭാസ്‌കര്‍ ഉറങ്ങുന്നത് കണ്ടു എന്നാണ് ചവറ സ്വദേശിയുടെ മൊഴി.
എസ്.പിയെ ഫേസ്ബുക്കില്‍ ആക്ഷേപിച്ച കേസില്‍ കെ സുരേന്ദ്രന് ജാമ്യം
അതേസമയം ഡ്രൈവറുടെയും ഭാര്യ ലക്ഷ്മിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. ആംബുലന്‍സിലേക്ക് കയറ്റുന്നതിനിടെ ബാലഭാസ്‌ക്കര്‍ സംസാരിച്ചതായി സാക്ഷികളിലൊരാളായ പ്രവീണ്‍ പറഞ്ഞിരുന്നു. എല്ലാവരും സുരക്ഷിതരല്ലേ എന്നായിരുന്നു ബാലഭാസ്‌കര്‍ ചോദിച്ചത് എന്നായിരുന്നു പ്രവീണിന്റെ മൊഴി.
ഡ്രൈവറുടെ സീറ്റില്‍ നിന്നാണ് ബാലഭാസ്‌കറിനെ പുറത്തേക്കെടുത്തതെന്നാണ് പ്രവീണ്‍ പറഞ്ഞത്. പുലര്‍ച്ചെ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് പ്രവീണ്‍ അപകടത്തില്‍പ്പെട്ട വാഹനം കാണുന്നത്.
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്റേയും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴികളില്‍ വൈരുധ്യമുണ്ട്. അര്‍ജുനാണ് വാഹനമോടിച്ചതെന്ന മൊഴിയില്‍ ലക്ഷ്മി ഉറച്ചുനില്‍ക്കുകയാണ്. പക്ഷെ വാഹനമോടിച്ചത് ബാലഭാസ്‌ക്കറാണെന്ന അര്‍ജുന്റെ മൊഴി പ്രധാന സാക്ഷികളും ശരിവയ്ക്കുകയാണ്.
അപകടത്തില്‍ ദുരൂഹത ഉന്നയിച്ച ബാലഭാസ്‌ക്കറിന്റെ അച്ഛന്റെ മൊഴിയും ഈ ആഴ്ച രേഖപ്പെടുത്തും. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്.