| Saturday, 21st March 2020, 4:07 pm

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹതയില്ല; അപകടകാരണം അമിത വേഗമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും അപകട കാരണം വാഹനത്തിന്റെ അമിത വേഗതയാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്

മാതൃഭൂമി ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രൈം ബ്രാഞ്ച് ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആണിത്. നേരത്തെ ബാലഭാസ്‌ക്കറിന്റെ അച്ഛന്റെ പരാതിയില്‍ കേസ് സി.ബി.ഐക്ക് വിട്ടിരുന്നു.

എന്നാല്‍ ഈ അവസരത്തില്‍ തന്നെ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവില്‍ ഈ റിപ്പോര്‍ട്ട് സി.ബി.ഐ പരിശോധിക്കുകയാണ്.

ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉന്നയിച്ച സംശയങ്ങള്‍ എല്ലാം പരിശോധിച്ചെന്നും എന്നാല്‍ കേസില്‍ ദുരൂഹതയില്ലെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കെ. നാരായണന്‍ ആയിരുന്നു വാഹനം ഓടിച്ചതെന്നും കാറിന്റെ് അമിതവേഗം കാരണം നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തൃശ്ശൂരില്‍ നിന്ന് പുലര്‍ച്ചേ ഒരു മണിക്ക് യാത്ര പുറപ്പെട്ട ബാലഭാസ്‌ക്കറും കുടുംബവും മൂന്നര മണിക്കൂറിനകം തന്നെ 260 കിലോമീറ്റര്‍ ദൂരം മറികടന്നതു തന്നെ ഡ്രൈവറുടെ അമിത വേഗത വ്യക്തമാക്കുന്നതാണെന്നും ചാലക്കുടിയിലെ ക്യാമറയില്‍ കാറിന്റെ വേഗത 95 കിലോമീറ്റര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ചിലരെ കണ്ടെന്ന കലാഭവന്‍ സോബിയുടെ ആരോപണം ശരിയല്ല. സോബി കണ്ടെന്ന് പറയുന്നത് ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ നോക്കിനടത്തുന്ന വിഷ്ണു സോമസുന്ദരം, കുടുംബസുഹൃത്ത് ലതയുടെ മകന്‍ ജിഷ്ണു എന്നിവരെ അപകടം നടന്നയുടനെ സംഭവസ്ഥലത്ത് കണ്ടെന്നാണ്. എന്നാല്‍, വിഷ്ണു സോമസുന്ദരം ആ സമയത്ത് വിദേശത്താണെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നു. ജിഷ്ണു സംഭവം നടക്കുമ്പോള്‍ അപകടസ്ഥലത്തു നിന്ന് 22 കിലോമീറ്റര്‍ അകലെ ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശ് തമ്പിയുടെ ഇടപ്പഴഞ്ഞിയിലെ വീട്ടിലായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തൃശ്ശൂരിലെ ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷം രാത്രി തന്നെ തിരികെ പോകുമെന്ന് ബാലഭാസ്‌ക്കര്‍ പറഞ്ഞിരുന്നതായി ഹോട്ടല്‍ മാനേജറുടെ മൊഴിയും ക്രൈംബ്രാഞ്ച് എടുത്തിരുന്നു.

കുടുംബസുഹൃത്ത് ലത, ഡോ. രവീന്ദ്രനാഥ് എന്നിവരുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ ദുരുഹതയില്ല മുമ്പ് ഇവര്‍ക്ക് ബാലഭാസ്‌കര്‍ നല്‍കിയ പത്തു ലക്ഷം രൂപ രണ്ടു തവണയായി തിരിച്ചുനല്‍കിയ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ കെ. നാരായണന്റെ പേരില്‍ തൃശ്ശൂരിലും പാലക്കാടും കേസുകള്‍ ഉണ്ടെന്നും ഇയാളെ നല്ല വഴിക്ക് നയിക്കാനാണ് ബാല ഭാസ്‌ക്കര്‍ കൂടെ കൂട്ടിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് 2018 ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. ദേശീയപാതയില്‍ പള്ളിപ്പുറം സി.പി.ഐ.പി.എഫ് ക്യാമ്പ് ജംങ്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലരയോടെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

അപകടത്തെ തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരുക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more