| Tuesday, 2nd February 2021, 7:09 pm

ബാലഭാസ്‌കറിന്റെ മരണം അപകടം തന്നെ; അര്‍ജുനെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം; തെറ്റായ വിവരം നല്‍കിയതിന് കലാഭവന്‍ സോബിക്കെതിരെയും കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം അപകടത്തെ തുടര്‍ന്ന് തന്നെയാണെന്ന് സി.ബി.ഐ കണ്ടെത്തല്‍. ബാലഭാസ്‌ക്കര്‍ കൊല്ലപ്പെട്ട വാഹനാപകടത്തില്‍ അസ്വാഭാവികതയില്ലെന്ന് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

അതേസമയം അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ച അര്‍ജുന്‍ കേസില്‍ പ്രതിയാണ്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിരിക്കുന്നത്. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു.

തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണനാണ് കുറ്റപത്രം നല്‍കിയത്‌കേസില്‍ സാക്ഷിയായ കലാഭവന്‍ സോബിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. 132 സാക്ഷിമൊഴികളും 100 രേഖകളുമാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചത്.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് 2018 ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. ദേശീയപാതയില്‍ പള്ളിപ്പുറം സി.പി.ഐ.പി.എഫ് ക്യാമ്പ് ജംങ്ഷനു സമീപം 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലരയോടെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. അപകടത്തെ തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരുക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Balabhaskar’s death CBI charge sheet submitted

We use cookies to give you the best possible experience. Learn more