| Sunday, 6th December 2020, 8:10 pm

ബാലഭാസ്‌കറിന്റെ മരണം; മധു ബാലകൃഷ്ണന്റെ മൊഴിയെടുത്ത് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്‍ഫെ മരണത്തില്‍ ഗായകന്‍ മധു ബാലകൃഷ്ണന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. നേരത്തെ സംഗീതജ്ഞരായ ഇഷാന്‍ ദേവ്, സ്റ്റീഫന്‍ ദേവസി എന്നിവരുടെ മൊഴി അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബം രംഗത്തെത്തിയതിയിരുന്നു. കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

ബാലഭാസ്‌കറിന്റെ അപകടമരണത്തിന് എട്ട് മാസം മുമ്പ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. ഇതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.

മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണം. എല്‍.ഐ.സി മാനേജര്‍, ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്തു.

ബാലഭാസ്‌കര്‍ മരിക്കുന്നതിന് എട്ടുമാസം മുന്‍പാണ് 82 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയാണ് പോളിസിയുടെ നോമിനി. പോളിസി രേഖകളില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവുമാണുള്ളത്.

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചുവെന്നാണ് പരാതി. അപേക്ഷാ ഫോമിലെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പോളിസി തുക തടഞ്ഞു വച്ചിരിക്കുകയായിരുന്നു ഇന്‍ഷുറന്‍സ് കമ്പനി.

വിഷ്ണുവിന്റെ സുഹൃത്തായ ഇന്‍ഷുറന്‍സ് ഡെവലപ്മെന്റ് ഓഫീസര്‍ മുഖേനയാണ് പോളിസിയെടുത്തിരിക്കുന്നതെന്ന് സി.ബി.ഐ കണ്ടെത്തി. ഐ.ആ.ര്‍ഡി.എ ചട്ടങ്ങള്‍ ലംഘിച്ച് പ്രീമിയം ഇന്‍ഷുറന്‍സ് ഡെവലപ്മെന്റ് ഓഫീസറുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അടച്ചത്.

സംശയങ്ങള്‍ ബലപ്പെട്ട സാഹചര്യത്തിലാണ് പ്രീമിയം ആര് അടച്ചു എന്നതിലും, എങ്ങനെ അടച്ചു എന്നതിലും സി.ബി.ഐ അന്വേഷണം ശക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Balabhaskar Death Madhu Balakrishnan Stephen Devassy

Latest Stories

We use cookies to give you the best possible experience. Learn more