| Friday, 7th June 2019, 12:59 pm

ബാലഭാസ്‌കറിന്റെ മരണം: കൊല്ലത്തെ ജ്യൂസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊണ്ടുപോയത് പൊലീസെന്ന് കടയുടമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കൊല്ലത്തെ ജ്യൂസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊണ്ടുപോത് പൊലീസെന്ന് കടയുടമ. യാത്രയ്ക്കിടെ ബാലഭാസ്‌കറും കുടുംബവും ജ്യൂസ് കഴിക്കാനായി നിര്‍ത്തിയ കടയിലെ ഉടമ ഷംനാദാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശന്‍ തമ്പി ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് ഷംനാദ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യമാണ് ഷംനാദ് നിഷേധിച്ചത്. പ്രകാശന്‍ തമ്പിയെ അറിയില്ലെന്നും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ഷംനാദ് പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങള്‍ ആദ്യ അന്വേഷണ സംഘം പരിശോധിച്ചില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

അതിനിടെ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ഒളിവിലെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇയാള്‍ അസമിലാണുള്ളതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അപകടത്തില്‍ പരുക്കേറ്റ അര്‍ജുന്‍ ദൂരയാത്രയ്ക്ക് പോയതില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

അപകടസമയത്ത് വാഹനമോടിച്ചത് അര്‍ജുന്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന മൊഴി ലഭിച്ചിരുന്നു. അപകടമുണ്ടായ സമയത്ത് അര്‍ജുന്‍ വാഹനമോടിച്ചത് അമിത വേഗതയിലായിരുന്നുവെന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നും 231 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കഴക്കൂട്ടത്ത് എത്താനെടുത്തത് 2 മണിക്കൂറും 37 മിനിറ്റും മാത്രമാണ്. സ്പീഡ് ക്യാമറാ ദൃശ്യങ്ങളില്‍ നിന്നാണ് ഈ തെളിവ് ലഭിച്ചത്.

അപകടസമയത്ത് കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനായിരുന്നു കാര്‍ ഓടിച്ചതെന്നാണ്. എന്നാല്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ അര്‍ജുന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. കൊല്ലത്തിനടുത്ത് പള്ളിമുക്ക് എന്ന സ്ഥലത്തുനിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു അര്‍ജുന്റെ മൊഴി.

ഈ മൊഴി തെറ്റാണെന്ന് സ്ഥിരീകരിക്കാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഈ സാഹചര്യത്തിലായിരുന്നു അന്വേഷണ സംഘം തൃശൂരിലെത്തി അര്‍ജുന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. പാലക്കാടാണ് അര്‍ജുന്‍ ഉള്ളതെന്നായിരുന്നു തൃശൂരിലെ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ പാലക്കാട് എത്തിയപ്പോള്‍ അര്‍ജുന്‍ അവിടെയുണ്ടായിരുന്നില്ല. എവിടെയാണെന്ന് കൃത്യമായി അറിയില്ലെന്നാണ് പാലക്കാടുള്ളവര്‍ മൊഴി നല്‍കിയത്.

വലതുകാലിനടക്കം ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അര്‍ജുന്‍ നാടുവിട്ട് പോയത് വലിയ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more