തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ലക്ഷ്മി സംസാരിച്ച് തുടങ്ങിയതായും ആരോഗ്യസ്ഥിതി ക്രമേണ മെച്ചപ്പെട്ടു വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്നാണ് ലക്ഷ്മിയെ ഐ.സി.യുവില്‍ നിന്നും റൂമിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
ലക്ഷ്മിയെ കാണാന്‍ നിരവധി പേര്‍ ആശുപത്രിയില്‍ എത്തുന്നുണ്ടെങ്കിലും ഇപ്പോള്‍ കാണാന്‍ അനുവദിക്കുന്നത് ചികിത്സക്ക് തടസ്സമുണ്ടാക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നേരിയ രീതിയില്‍ സംസാരിച്ച് തുടങ്ങിയ ലക്ഷ്മിയെ അധികം ബുദ്ധിമുട്ടിക്കാനാവില്ല. എന്നാല്‍ ലക്ഷ്മിക്ക് ആരെയെങ്കിലും കാണാനോ സംസാരിക്കാനോ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അതിനു അനുവദിക്കും.
പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമായ ശേഷമാണ് ലക്ഷ്മിയെ ആശുപത്രി വിടാന്‍ അനുവദിക്കുക. റൂമിലേക്ക് മാറ്റിയെങ്കിലും ലക്ഷ്മി ഇപ്പോഴും നിരീക്ഷണത്തില്‍ തന്നെയാണെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം 25ാം തീയതിയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ബാലഭാസ്‌കര്‍ മകള്‍ക്കും ഭാര്യക്കുമൊപ്പം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല നേരത്തെ മരണപ്പെട്ടിരുന്നു. രണ്ടാംതിയ്യതി പുലര്‍ച്ചെ ഒരു മണിയോടെ ബാലഭാസ്‌ക്കറും മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം.
വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുനും ചികിത്സയിലാണ്. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്നു ബാലഭാസ്‌കറും കുടുംബവും.