Entertainment news
എപ്പൊഴേ പ്രഖ്യാപിച്ചു, നായകന്‍ രജിനി, നിര്‍മാണം സൂര്യ; സംവിധാന സംരഭത്തെ പറ്റി ബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 24, 07:05 am
Thursday, 24th November 2022, 12:35 pm

തമിഴകത്ത് നിന്നെത്തി മലയാളത്തില്‍ ചുവടുറപ്പിച്ച ബാല വീണ്ടും സംവിധാനത്തിലേക്ക് തിരിയുകയാണ്. കന്നഡയിലും മലയാളത്തിലുമായി പുറത്തിറങ്ങിയ ‘ദി ഹിറ്റ് ലിസ്റ്റ്’ ആണ് താരത്തിന്റെ ആദ്യ സംവിധാന പരീക്ഷണം.

ബോക്‌സ് ഓഫീസില്‍ സിനിമ പരാജയം ആയിരുന്നെങ്കിലും, സോഷ്യല്‍ മീഡിയയിലും ട്രോള്‍ പേജുകളിലും സിനിമ ഇപ്പോള്‍ ചര്‍ച്ചയാണ്. ഒരു ടി.വി പരിപാടിക്കിടെ നടന്‍ ടിനി ടോം ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പറഞ്ഞപ്പോഴാണ് സിനിമ വീണ്ടും ചര്‍ച്ചയായത്. ബാലയുടെ ‘നാന് പ്രഥ്വിരാജ്, അണൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍’ എന്നു തുടങ്ങുന്ന ഡയലോഗും ഇപ്പോള്‍ വൈറലായിരുന്നു.

 

താരം ഇപ്പോള്‍ പുതിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ബാല.

‘അടുത്ത സിനിമ ഞാന്‍ ചെയ്യാന്‍ പോകുന്നത് രജനി സാറുമൊത്താണ്. പടത്തിന്റെ അനൗണ്‍സ്‌മെന്റെ് നേരത്തെ തന്നെ നടത്തിയിരുന്നു. നാന്‍ ‘വീഴ്‌വേന്‍ എന്‍ട്രു നിനൈത്തായോ’ എന്നാണ് ആ സിനിമക്ക് പേര് നല്‍കിയിരിക്കുന്നത്. സൂര്യ സാറും ജ്ഞാനവേല്‍ രാജയുടെ സ്റ്റുഡിയോ ഗ്രീനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ദൈവം സഹായിച്ചാല്‍ ദളപതി വിജയ്‌യേയും നായകനാക്കി ഞാനൊരു സിനിമ ചെയ്യും. ഈ രണ്ട് ആഗ്രഹങ്ങള്‍ മാത്രമാണ് സംവിധാന മേഖലയില്‍ എനിക്ക് ബാക്കിയുള്ളത്. പിന്നെ അഭിനയിച്ചാല്‍ മാത്രം മതിയല്ലോ, കഷ്ടപ്പെടേണ്ട ആവശ്യം ഇല്ലല്ലോ,’ ബാല പറഞ്ഞു.

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷമാണ് ബാലയുടെ പുതിയ ചിത്രം. ഉണ്ണി മുകുന്ദന്‍, ആത്മീയ രാജന്‍, ദിവ്യ പിള്ളൈ, മനോജ് കെ.ജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം നവംബര്‍ 25ന് തിയേറ്ററിലെത്തും.

content Highlight: bala talks about his new movie