| Wednesday, 9th August 2023, 4:44 pm

യുട്യൂബര്‍ അജു അലക്‌സിനെതിരെ മാനനഷ്ടക്കേസ് നല്‍കി ബാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യുട്യൂബര്‍ അജു അലക്‌സിനെതിരെ മാനനഷ്ടക്കേസ് നല്‍കി നടന്‍ ബാല. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് അജു അലക്‌സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. വീട് കയറി ആക്രമിച്ചെന്ന പ്രസ്താവന തെറ്റായതാണെന്ന് പരാതിയില്‍ പറയുന്നു.

നേരത്തെ, തോക്കുമായി വീട്ടില്‍ കയറി അക്രമിച്ചു, വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു തുടങ്ങിയ ആക്ഷേപങ്ങള്‍ അജു അലക്‌സ് ബാലക്കെതിരെ ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ അദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയും ബാലക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാല തനിക്കെതിരെ യുട്യൂബര്‍ അപകീര്‍ത്തികരമായ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയ വഴി നടത്തിയിട്ടുള്ളതെന്ന് കാട്ടി കേസ് നല്‍കിയിരിക്കുന്നത്.

ഇത് തന്റെ ബിസിനസിനെയും തന്നെ വിശ്വസിക്കുന്നവര്‍ക്കിടയിലും ആശയ കുഴപ്പവും തെറ്റിധാരണയും ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. തെറ്റായ പ്രസ്താവന ഉന്നയിച്ച അതേ പ്ലാറ്റ്‌ഫോം വഴി പരസ്യമായി ഖേദം പ്രകടിപ്പിക്കണം, അപകീര്‍ത്തികരമായ വീഡിയോ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബാല ഉന്നയിച്ചിരിക്കുന്നത്. ഇവ മൂന്ന് ദിവസത്തിനുള്ളില്‍ ചെയ്തില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്നും ബാല പരാതിയില്‍ പറയുന്നു.

എറണാകുളം പാലാരിവട്ടം പൊലീസില്‍ അജു അലക്‌സിനെതിരെ മറ്റൊരു ക്രിമിനല്‍ കേസും നല്‍കിയിട്ടുണ്ട്. തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നാണ് ഈ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നടപടി വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കുറച്ച് ദിവസം മുന്‍പാണ് ബാല തന്റെ വീട്ടില്‍ വന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന് അജു    പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന ആളാണ് അജു അലക്‌സ്. താന്‍ വീട്ടിലില്ലാത്ത സമയത്ത് ആളുകളോടൊപ്പം വന്ന് തന്റെ സുഹൃത്തിനോട് തന്നെ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് അജു നല്‍കിയിരുന്ന പരാതി. ബാലയെ വിമര്‍ശിച്ച് അജു അലക്‌സ് സ്വന്തം യുട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതിലുള്ള വിരോധം കാരണമാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് എന്നായിരുന്നു പരാതി.

Content Highlights: Bala filed complaint against aju alex

We use cookies to give you the best possible experience. Learn more