ഇന്ത്യയുടെ ടോപ് സ്‌കോററും ദേശീയ വനിതാ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ ബാലാദേവി മൈതാനത്ത് ഒരു പുതിയ വെല്ലുവിളിക്ക് ഒരുങ്ങുകയാണ്. യൂറോപ്യന്‍ ക്ലബ്ബിലേക്ക് തെരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരിയാണ് മണിപ്പൂരുകാരിയായ ബാലാ ദേവി. ഇന്ത്യയെ അഭിമാനത്തിന്റെ തലപ്പത്തെത്തിക്കണമെന്നാണ് ഈ കായികതാരത്തിന്റെ ആഗ്രഹം.
”15 വയസ്സുമുതല്‍ കളിക്കാന്‍ ആരംഭിച്ചെങ്കിലും എല്ലാ മത്സരങ്ങളും എന്റെ ആദ്യ മത്സരമായാണ് ഞാന്‍ കരുതുന്നത്.
എനിക്ക് ഇന്ത്യയെ അഭിമാനത്തിന്റെ തലപ്പെത്തെത്തിക്കണം”, ബാലാ ദേവി ബി.ബി.സിയോട് പറഞ്ഞു.
ജനുവരി 29 നാണ് ബാലാദേവി ആ ചരിത്രം സൃഷ്ടിച്ചത്. സ്‌കോട്ലന്‍ഡ് ഒന്നാംനിര ഫുട്ബോള്‍ ക്ലബ്ബായ റേഞ്ചേഴ്സ് എഫ്സിയാണ് ബാലാ ദേവിയുമായി കരാറിലെത്തിയത്. ഫോര്‍വേര്‍ഡറായ ബാലാദേവി ഇന്ത്യക്കായി 58 മത്സരങ്ങളില്‍നിന്ന് 52 ഗോള്‍ നേടിയിട്ടുണ്ട്.
ഫുട്‌ബോള്‍ ആവേശത്തോടെ കാണുന്ന മണിപ്പൂരിലാണ് ബാല ദേവി ജനിച്ച് വളര്‍ന്നത്. 1991 മുതല്‍ നടന്ന 25 ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ 20 ലും സംസ്ഥാന വനിതാ ടീം വിജയിച്ചിട്ടുണ്ട്.
” ഞങ്ങള്‍ മണിപ്പൂരികളെ സംബന്ധിച്ചുള്ള ഭാഗ്യമെന്നു പറഞ്ഞാല്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ സ്‌പോര്‍ട്‌സില്‍ താത്പര്യം കാണിക്കുകയാണെങ്കില്‍ മികച്ച രീതിയിലുള്ള പ്രോത്സാഹനം നമുക്ക് നല്‍കും”, അവര്‍ പറഞ്ഞു.
ബാലാ ദേവി വളരെ ചെറുപ്പത്തില്‍ത്തന്നെ ഫൂട്‌ബോള്‍കളിച്ചുതുടങ്ങിയതാണ്. ഫൂട്‌ബോളില്‍ തത്പരനായ അച്ഛനില്‍ നിന്നാണ് ബാലാ ദേവിക്ക് ഫൂട്‌ബോളിനോടുള്ള ഇഷ്ടം തുടങ്ങുന്നത്.
”എനിക്ക് സ്‌പോര്‍ട്‌സ് വളരെ ഇഷ്ടമാണ്. ഞാന്‍ ഗ്രാമത്തിലെ ആണ്‍കുട്ടികള്‍ക്കൊപ്പം ഫൂട്‌ബോള്‍ കളിക്കുകയും അവരെ ഇടിച്ചിടുകയും ചെയ്യുമായിരുന്നു”, ബാലാ ദേവി പറഞ്ഞു.
”2002 ല്‍ ദേശീയ ഗെയിംസില്‍ ബെംബെം ദേവിക്കൊപ്പം കളിക്കാന്‍ ബാലാ ദേവിക്ക് അവസരം ലഭിച്ചു: ‘ഞാന്‍ ഒരിക്കലും അവരോടൊപ്പം കളിക്കുമെന്ന് കരുതിയില്ല” ബാലാ ദേവി തന്റെ സന്തോഷം പങ്കുവെച്ചു.
’18 മാസത്തെ ഈ കരാര്‍ നേടിയതിലും പത്താം നമ്പര്‍ ജേഴ്സിയില്‍ കളിക്കാന്‍ പറ്റുമെന്നതിലും ഞാന്‍ ആവേശത്തിലാണ്. ഇന്ത്യന്‍ ടീമിനും വേണ്ടിയും ഞാന്‍ പത്താം നമ്പര്‍ ജേഴ്സിയിലാണ് കളിച്ചത്”, അവര്‍ പറഞ്ഞു.