മാന്റോ എന്ന പുരോഗമനവാദിയില്‍ നിന്നും ബാല്‍ താക്കറെ എന്ന വിവാദ രാഷ്ട്രീയ നേതാവിലേക്ക്; നവാസുദ്ദീന്‍ സിദ്ധിഖിയുടെ പുതിയ ബയോപിക് ട്രെയ്‌ലര്‍ പുറത്ത്
Movie Day
മാന്റോ എന്ന പുരോഗമനവാദിയില്‍ നിന്നും ബാല്‍ താക്കറെ എന്ന വിവാദ രാഷ്ട്രീയ നേതാവിലേക്ക്; നവാസുദ്ദീന്‍ സിദ്ധിഖിയുടെ പുതിയ ബയോപിക് ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th December 2018, 5:17 pm

മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറയുടെ ജീവിതം ആസ്പദമാക്കി അഭിജിത് പന്‍സെ സംവിധാനം ചെയ്യുന്ന താക്കറയുടെ ട്രെയ്‌ലര്‍ പുറത്ത്. നവാസുദ്ദീന്‍ സിദ്ധിഖി ആണ് ബാല്‍ താക്കറെ ആയി സിനിമയില്‍ വേഷമിടുന്നത്. ചിത്രത്തില്‍ താക്കറെയുടെ ഭാര്യ തായ് താക്കറെ ആയി എത്തുന്നത് അമൃത റാവോ ആണ്.

ഒരു കലാപത്തിന്റെ അന്തരീക്ഷത്തോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരംഭിക്കുന്നത്.” മുംബൈ നഗരത്തെ അനുനയിപ്പിക്കാന്‍ ഈ സമയത്ത് ഒരാള്‍ക്കു മാത്രമേ കഴിയൂ” എന്ന മുഖവുരയോടെ താക്കറെയുടെ സത്വസിദ്ധമായ പ്രസംഗങ്ങളൊന്നിലേക്ക് ട്രെയ്‌ലര്‍ നീങ്ങുന്നു. താക്കറയുടെ ചേഷ്ടകളും സംസാര ശൈലിയും നവാസുദ്ദീന്‍ സിദ്ധിഖിയില്‍ ഭദ്രമാണെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍.

ഇതു വരെ മൂന്നു ബയോപിക്കുകളാണ് നവാസുദ്ദീന്‍ സിദ്ധിഖിയുടെ പേരിലുള്ളത്. നന്ദിതാ ദാസ് സംവിധാനം ചെയ്ത മാന്റോ എന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സാദത് ഹസന്‍ മാന്റോ എന്ന പ്രശസ്ത ബംഗാളി എഴുത്തുകാരനെ അവതരിപ്പിച്ചിരുന്നു. നെറ്റഫ്‌ളിക്‌സിന്റെ സാക്രഡ് ഗെയിംസ് എന്ന വെബ് സീരീസില്‍ ഗണേഷ് ഗൈട്ടോണ്ടേ എന്ന കുപ്രസിദ്ധ അധോലോക നായകനേയും നവാസുദ്ദീന്‍ സിദ്ധിഖി അവതരിപ്പിച്ചിരുന്നു. ബാല്‍ താക്കറയുടെ സമകാലികനായിരുന്നു ഗണേഷ് ഗൈട്ടോണ്ടേ എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുപ്രസിദ്ധ ഏടായ ബാബരി മസ്ജിദ് ധ്വംസനവും അതിനു പിന്നാലെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധികളേയും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തം.

2015ല്‍ പുറത്തിറങ്ങിയ മാഞ്ചി; ദി മൗണ്ടന്‍ മാന്‍ എന്ന ചിത്രത്തില്‍ ബിഹാറുകാരനായ ദശ്‌റാത്ത് മാഞ്ചി എന്നയാളുടെ ബയോപിക്കിലെ നവാസുദ്ദീന്‍ സിദ്ധിഖിയുടെ അഭിനയവും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

താന്‍ ഇതു വരെ ചെയ്തതില്‍ വെച്ചേറ്റവും ശ്രമകരമായ കഥാപാത്രം ബാല്‍ താക്കറയുടേതായിരുന്നെന്ന് നവാസുദ്ദീന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നു. മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ ഇന്നും പ്രബലരായിരിക്കുന്ന ശിവസേനയുടെ ഏറ്റവും വലിയ നേതാവായ ബാല്‍ താക്കറയെക്കുറിച്ച് സത്യസന്ധമായ ഒരു അവതരണം ചിത്രത്തില്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും നവാസുദ്ധീന്‍ സിദ്ധിഖിയുടെ അഭിനയ മികവിനായി കാത്തിരിക്കുകയാണ് ചലച്ചിത്ര പ്രേമികള്‍.

രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത, ബോളിവുഡിന്റെ വിവാദ നായകാനായ സഞ്ജയ് ദത്തിന്റെ ബയോപിക് ആയ സഞ്ജു വസ്തുകളുടെ പക്ഷപാതപൂര്‍ണ്ണമായ അവതരണത്തിന് ഏറെ പഴി കേട്ടിരുന്നു.

ചിത്രം ജനുവരി 25ന് തിയ്യേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവ സേന നേതാവും പത്രപ്രവര്‍ത്തകനുമായ സഞ്ജയ് റാവുത്ത് ആണ്. വിയാകോം 18 മോഷന്‍ പിക്‌ചേര്‍സ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.