തെക്കന്‍ കേരളത്തില്‍ ആഗസ്റ്റ് 12ന് ബലിപെരുന്നാള്‍, വടക്കന്‍ കേരളത്തില്‍ തീരുമാനമായില്ല
Kerala News
തെക്കന്‍ കേരളത്തില്‍ ആഗസ്റ്റ് 12ന് ബലിപെരുന്നാള്‍, വടക്കന്‍ കേരളത്തില്‍ തീരുമാനമായില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2019, 9:52 pm

കൊല്ലം: തെക്കന്‍ കേരളത്തില്‍ ആഗസ്റ്റ് 12ന് ബലിപെരുന്നാള്‍. കൊല്ലത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ പാളയം ഇമാം വി.പി സുഹൈബ് മൗലവിയാണ് പെരുന്നാള്‍ പ്രഖ്യാപിച്ചത്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും ഹിലാല്‍ കമ്മറ്റിയും 12നു പെരുന്നാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളത്ത് മാസപ്പിറവി കണ്ടതായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും അറിയിച്ചു. നാളെ ദുല്‍ഹജ്ജ് ഒന്നായി പരിഗണിച്ചാണ് പെരുന്നാള്‍ പ്രഖ്യാപനം. വടക്കന്‍ കേരളത്തില്‍ തീരുമാനമായിട്ടില്ല.

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ആഗസ്റ്റ് 10ന് നടക്കും. സൗദിയില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഇന്ന് ദുല്‍ഹജ്ജ് ഒന്നായി പ്രഖ്യാപിക്കുകയായിരുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബലി പെരുന്നാള്‍ ഈ മാസം 11നായിരിക്കും.

സൗദിയിലെ സുദൈര്‍ മജ്മഅ യൂണിവേഴ്സിറ്റി ഗോള നിരീക്ഷണ കേന്ദ്രത്തിലാണ് ഇന്നലെ മാസപ്പിറവി ദൃശ്യമായത്. ഇതിനെ തുടര്‍ന്ന് സൗദി സുപ്രിം കോടതി ഇന്ന് ദുല്‍ഹജ്ജ് ഒന്നാം ദിനമായി പ്രഖ്യാപിക്കുകയായിരുന്നു.

സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളും ഞായറാഴ്ച ബലി പെരുന്നാള്‍ ആഘോഷിക്കും. എന്നാല്‍ ഒമാനില്‍ മാസപ്പിറവി ദൃശ്യമായതിന് തെളിവ് ലഭിക്കാത്തതിനാല്‍ ആഗസ്ത് 12ന് തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാള്‍.