| Monday, 3rd January 2022, 9:13 am

'ഗാന്ധി എന്താണ് ചെയ്തത്, ചക്രം കറക്കിയാല്‍ സ്വാതന്ത്ര്യം കിട്ടില്ല'; ഗാന്ധിയെ അധിക്ഷേപിച്ച മതനേതാവിനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ് സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിക്കുകയും ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുകയും ചെയ്തതിന് അറസ്റ്റിലായ മതനേതാവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് സേനയുടെ സമരം.

മഹാരാഷ്ട്രയില്‍ നിന്നുള്ള മതനേതാവ് കാളീചരണ്‍ മഹാരാജിനെ കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതില്‍ പ്രതിഷേധിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെതിരെയും നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ചും മുദ്രാവാക്യം വിളിച്ച് ഇന്‍ഡോറിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു സേനയുടെ സമരം.

മധ്യപ്രദേശ് തലസ്ഥാനമായ റായ്പൂരില്‍ ഒരു മതയോഗത്തിലായിരുന്നു കാളീചരണ്‍ വിവാദ പ്രസംഗം നടത്തിയത്. രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചടക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യമെന്നും ‘മോഹന്‍ദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു. അവനെ കൊന്ന നാഥുറാം ഗോഡ്സെക്ക് നമസ്‌കാരം’ എന്നുമായിരുന്നു കാളീചരണിന്റെ പ്രസംഗം.

തുടര്‍ന്ന് ചത്തീസ്ഗഡ് പൊലീസ് മധ്യപ്രദേശില്‍ എത്തി കാളീചരണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ കാളീചരണ്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എല്ലാവര്‍ക്കും അറിയാവുന്നത് മാത്രമാണ് പറഞ്ഞതെന്നുമാണ് പ്രതിഷേധം സംഘടിപ്പിച്ച ബജ്‌റംഗ് സേനയുടെ നേതാക്കള്‍ പറയുന്നത്.

‘അദ്ദേഹം (കാളിചരണ്‍ മഹാരാജ്) പറഞ്ഞത് സത്യമാണ്. അത് എല്ലാവര്‍ക്കും അറിയാം. ഗാന്ധി എന്താണ് ചെയ്തത്? ഒരു ചക്രം കറക്കി സ്വാതന്ത്ര്യം നേടാമായിരുന്നെങ്കില്‍ എല്ലാവരും അത് ചെയ്യുമായിരുന്നു. ഭഗത് സിംഗിന്റെ ത്യാഗമാണ് സ്വാതന്ത്ര്യം നേടിയത്. ചര്‍ക്ക തിരിച്ച് ആരും സ്വാതന്ത്ര്യം നേടിയിട്ടില്ല,’ എന്ന് മാധ്യമങ്ങളോട് ബജ്‌റംഗ് സേന നേതാവ് സന്ദീപ് കുശ്വാഹ പറഞ്ഞു.

തുടര്‍ന്ന് പൊലീസ് കമ്മീഷണര്‍, ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര എന്നിവര്‍ക്ക് കാളീചരണിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മെമ്മോറാണ്ടവും ബജ്‌റംഗ് സേന സമര്‍പ്പിച്ചു.

കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, മണിശങ്കര്‍ അയ്യര്‍, എ.ഐ.എം.ഐ.എമ്മിലെ അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കാളീചരണിനെ വിട്ടയക്കണമെന്നുമാണ് സേന ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

മൂന്ന് രാഷ്ട്രീയ നേതാക്കളും എപ്പോഴും ഹിന്ദു മതത്തെ അപമാനിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. അതേസമയം ലോക്കല്‍ പൊലീസിനെ അറിയിക്കാതെ ഛത്തീസ്ഗഡ് പൊലീസ് സംസ്ഥാനാന്തര പ്രോട്ടോക്കോള്‍ ലംഘിച്ച് കാളീചരണിനെ സംസ്ഥാനത്ത് നിന്ന് അറസ്റ്റ് ചെയ്തതാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരത്തോം മിശ്ര ആരോപിച്ചു.

Bajrang Sena demands release of religious leader who insulted Gandhi

We use cookies to give you the best possible experience. Learn more