| Monday, 29th May 2023, 6:17 pm

ഗുസ്തി താരങ്ങളെ ആവശ്യമെങ്കില്‍ വെടിവെക്കുമെന്ന് മുന്‍ ഐ.പി.എസ് ഓഫീസര്‍; നെഞ്ച് വിരിച്ച് നേരിടുമെന്ന് പൂനിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുസ്തി താരങ്ങളെ വേണമെങ്കില്‍ വെടിവെക്കുമെന്ന റിട്ടയര്‍ഡ് ഐ.പി.എസ് ഓഫീസറിന്റെ പരാമര്‍ശത്തിനെതിരെ ബജ്‌റംഗ് പൂനിയ. സമരക്കാരെ വെടിവെക്കുമെന്ന് ഡോ. എന്‍.സി. അസ്താന ഐ.പി.എസിന്റെ ട്വീറ്റിനാണ് പ്രതികരണവുമായി പൂനിയ രംഗത്തെത്തിയത്.

‘ആ ഐ.പി.എസ് ഓഫീസര്‍ ഞങ്ങളെ വെടിവെക്കുമെന്ന് പറഞ്ഞു. പറയൂ..വെടിയേല്‍ക്കാന്‍ ഞങ്ങള്‍ എവിടെ വരണം. നിങ്ങളുടെ വെടിയുണ്ടകള്‍ നെഞ്ച് വിരിച്ച് നേരിടും. ഞാന്‍ പുറം തിരിഞ്ഞോടില്ല,’ പൂനിയ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ജന്ദര്‍ മന്തിറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ ദല്‍ഹി പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തിരുന്നു. അതിനിടയില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് പറയുന്ന വിനേഷ് ഫോഗട്ടിന്റെ വീഡിയോ പങ്കുവെച്ചാണ് അസ്താന വെടിവെക്കുമെന്ന് പറഞ്ഞിരിക്കുന്നത്.

‘ആവശ്യമെങ്കില്‍ വെടിവെക്കും. പക്ഷേ നിങ്ങള്‍ പറയുമ്പോഴല്ല. ഇപ്പോള്‍ തന്നെ മാലിന്യം പോലെ വലിച്ചിഴച്ചിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 129 പൊലീസിന് വെടിവെക്കാനുള്ള അവകാശം നല്‍കുന്നു. ശരിയായ സാഹചര്യം വന്നാല്‍ ആ ആഗ്രവും സഫലമാക്കി തരാം. പക്ഷേ അതൊക്കെ അറിയണമെങ്കില്‍ വിദ്യാഭ്യാസം വേണം. നിങ്ങളെ പോസ്റ്റ്‌മോര്‍ട്ടം മേശയില്‍ വീണ്ടും കാണാം,’ അസ്താന പറഞ്ഞു.

പാര്‍ലമെന്റ് ഉദ്ഘാടന ദിവസം മഹാപഞ്ചായത്ത് നടത്താന്‍ ജന്ദര്‍ മന്തിറിലേക്ക് മാര്‍ച്ച് നടത്തേവയാണ് ദല്‍ഹി പൊലീസ് ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തത്. പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച ഗുസ്തി താരങ്ങള്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ദല്‍ഹി പൊലീസ് കേസെടുത്തത്.

കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കൂട്ടം ചേരല്‍, പൊലീസുകാരെ അക്രമിക്കല്‍, ക്രിമിനലുകളെ ഉപയോഗിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, പൊതുസ്വത്ത് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് കേസെടുത്തത്. പിന്നീട് ഗുസ്തി താരങ്ങളെ വിട്ടയക്കുകയും ചെയ്തു.

അതേസമയം ജന്ദര്‍ മന്തറില്‍ വീണ്ടും സമരം ചെയ്യാന്‍ ഗുസ്തി താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ദല്‍ഹി പൊലീസ്. സമാധാനപരമായി സമരം ചെയ്യാമെന്ന് സമ്മതിക്കുകയാണെങ്കില്‍ മാത്രം അവര്‍ക്ക് മറ്റൊരിടത്ത് സമരകേന്ദ്രം അനുവദിക്കുവെന്ന് ദല്‍ഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുമന്‍ നാല്‍വ പറഞ്ഞു.

content highlight: bajrang puniya replies to retired ips officer

Latest Stories

We use cookies to give you the best possible experience. Learn more