ന്യൂദല്‍ഹി: പാകിസ്ഥാന്‍ കായികതാരവുമായി ബന്ധപ്പെട്ട് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്ര പറഞ്ഞ പ്രസ്താവനകളിലും തുടര്‍ന്ന് നടന്ന വിദ്വേഷ പ്രചരണങ്ങളിലും പ്രതികരണവുമായി ഗുസ്തി താരം ബജ്‌രംഗ് പൂനിയ. സ്‌പോര്‍ട്‌സില്‍ വൃത്തികെട്ട അജണ്ട നടപ്പാക്കരുതെന്ന നീരജിന്റെ പ്രസ്താവനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബജ്‌രംഗ് പൂനിയ സംസാരിച്ചത്.
മനുഷ്യര്‍ തമ്മില്‍ വിവേചനം വളര്‍ത്താനുള്ള ഇടമായി കായികമേഖലയെ മാറ്റരുതെന്ന് പൂനിയ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടോകിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ പൂനിയ.
“പാകിസ്ഥാനില്‍ നിന്നോ മറ്റേത് രാജ്യത്ത് നിന്നോ ഉള്ള കായികതാരമാകട്ടെ, അയാള്‍ ആ രാജ്യത്തെ പ്രതിനിധീകരിക്കും. പക്ഷെ ആദ്യം അദ്ദേഹം ഒരു കായികതാരമാണ്. ഒരാള്‍ പാകിസ്ഥാനില്‍ നിന്നാണെന്ന് വെച്ച് ഞങ്ങള്‍ അയാള്‍ക്കെതിരെ സംസാരിക്കില്ല. കായികതാരങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്,” പൂനിയ പറഞ്ഞു.
നീരജിന്റ വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ സ്‌പോര്‍ട്‌സ് നമ്മളെ ഒന്നിച്ചുനില്‍ക്കാന്‍ തന്നെയാണ് പഠിപ്പിക്കുന്നതെന്നും അല്ലാതെ പരസ്പരം വിവേചനം കാണിക്കാനല്ലെന്നും പൂനിയ പറഞ്ഞു. ഗുസ്തി മത്സരത്തിനു പോകുമ്പോള്‍ റഷ്യയില്‍ നിന്നോ അമേരിക്കയില്‍ നിന്നോ ഉള്ള മറ്റ് മത്സരാര്‍ത്ഥികളെ കാണുമ്പോള്‍ ശത്രുക്കളെ പോലെയല്ല സഹോദരന്മാരെ പോലെയാണ് തങ്ങള്‍ പരസ്പരം പെരുമാറാറുള്ളതെന്നും പൂനിയ കൂട്ടിച്ചേര്‍ത്തു.
ടോകിയോ ഒളിംപിക്‌സ് ഫൈനലിനിടെ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം തന്റെ ജാവലിന്‍ എടുത്തിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ നീരജ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രസ്താവനയെ ചില ഗ്രൂപ്പുകള്‍ വളച്ചൊടിക്കുകയും പാക് താരത്തിനെതിരെ വിദ്വേഷപ്രചരണം അഴിച്ചുവിടുകയുമായിരുന്നു.
തുടര്‍ന്ന് പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് നീരജ് ചോപ്ര രംഗത്തെത്തി. “എന്നെയോ എന്റെ വാക്കുകളെയോ നിങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കോ പ്രൊപ്പഗാണ്ട വളര്‍ത്താനോ ഉപയോഗിക്കരുത്. സ്‌പോര്‍ട്‌സ് നമ്മളെ ഒന്നിച്ചുനിര്‍ത്താനാണ് പഠിപ്പിക്കുന്നത്. എന്റെ പ്രസ്താവനകളോട് വന്ന ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ എന്നെ തീര്‍ത്തും നിരാശനാക്കി കളഞ്ഞു,” നീരജ് ചോപ്ര ട്വീറ്റ് ചെയ്തു.
മത്സരങ്ങള്‍ക്കു മുന്‍പ് ഓരോ മത്സരാര്‍ത്ഥിയും അവരുടെ ജാവലിനുകള്‍ ഒഫീഷ്യല്‍സിനെ ഏല്‍പിക്കണം. ഇങ്ങനെയെത്തുന്ന ജാവലിന്‍ ഏതു മത്സരാര്‍ത്ഥിക്കും ഉപയോഗിക്കാമെന്നും അങ്ങനെയാണ് പാക് താരം തന്റെ ജാവലിന്‍ ഉപയോഗിച്ചതെന്നും പിന്നീട് അത് തിരികെ നല്‍കിയെന്നും നീരജ് വ്യക്തമാക്കിയിരുന്നു.
വിഷയത്തില്‍ പ്രതികരണവുമായി അര്‍ഷാദ് നദീമും രംഗത്തുവന്നിരുന്നു. നീരജ് ഭായ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കാളാണെന്നും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ സംഭവിക്കരുതായിരുന്നെന്നും നദീം പറഞ്ഞു.
സംഭവത്തില്‍ നീരജിനും അര്‍ഷാദിനും പിന്തുണ പ്രഖ്യാപിച്ചും വിദ്വേഷപ്രചരണങ്ങളെ വിമര്‍ശിച്ചും നിരവധി കായികതാരങ്ങള്‍ രംഗത്തുവന്നിരുന്നു. റിയോ ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ടേബിള്‍ ടെന്നിസ് താരം ശരത് കമല്‍ തുടങ്ങി നിരവധി പേര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Bajrang Punia supports Neeraj Chopra slams hate comments against Pakistan Javelin Thrower Arshad Nadeem