ന്യൂദല്‍ഹി: മുന്‍ ഗുസ്തി താരവും കോണ്‍ഗ്രസ് നേതാവുമായ ബജ്‌റംഗ് പൂനിയക്കെതിരെ വധഭീഷണി. വിദേശ ഫോണ്‍ നമ്പറില്‍ നിന്ന് വാട്ട്സ്ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പൂനിയക്കെതിരെ വധഭീഷണി ഉയര്‍ന്നത്. കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ കൊന്നു കളയുമെന്നാണ് ഭീഷണി. സംഭവത്തില്‍ ബജ്‌റംഗ് പൂനിയ പൊലീസിന് പരാതി കൈമാറി.
വെള്ളിയാഴ്ചയാണ് ബജ്‌റംഗ് പൂനിയയും വിനേഷ് ഫോഗട്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിനേഷ് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അതേസമയം കോണ്‍ഗ്രസിന് ചേര്‍ന്നതിന് പിന്നാലെ ബജ്‌റംഗ് പൂനിയയെ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാനായി പാര്‍ട്ടി നിയമിക്കുകയും ചെയ്തു.
വിനേഷിന്റെയും ബജ്റംഗ് പൂനിയയുടെയും രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന്റെ അഭിമാന നിമിഷമാണെന്ന് എ.ഐ.സി.സി വക്താവ് കെ.സി. വേണുഗോപാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം ഗൂഢാലോചനയായി കാണുന്ന നിലപാട് തെറ്റ് ആണെന്നും അദ്ദേഹംപ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പായി വിനേഷ് ഫോഗട്ട് തന്റെ റെയിവേ ജോലി രാജിവെച്ചിരുന്നു. അതേസമയം കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം വിനേഷ് ഫോഗട്ടിന്റെയും ബജ്റംഗ് പൂനിയയുടെയും വ്യക്തിപരമായ താത്പര്യമാണെന്ന് ഗുസ്തി താരമായ സാക്ഷി മാലികും പ്രതികരിച്ചിരുന്നു. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിഞ്ച് ഭൂഷണിനെതിരായ സമരം തുടരുമെന്നും സാക്ഷി മാലിക് അറിയിച്ചിരുന്നു.
മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്കെതിരായസമരത്തിന് നേതൃത്വം നല്‍കിയ താരങ്ങളാണ് വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ, സാക്ഷി മാലിക് എന്നിവര്‍.വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക സമരത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
പാരിസ് ഒളിമ്പിക്സിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ വിനേഷ് ഫോഗട്ട് മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പുറമെ കര്‍ഷകസമരം നടക്കുന്ന പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലെത്തിയ വിനേഷ് ഫോഗട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു.
വിനേഷും പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ തനിക്കെതിരായ സമരം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് ബ്രിജ് ഭൂഷണും രംഗത്തെത്തിയിരുന്നു.
Content Highlight: Bajrang Punia faces death threats after joining Congress