| Friday, 22nd December 2023, 7:31 pm

സാക്ഷി മാലികിന് പിന്നാലെ ബജ്റംഗ് പൂനിയയും; പത്മ പുരസ്‌കാരവും ഒളിമ്പിക്‌സ് മെഡലും തിരികെ നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാക്ഷി മാലികിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി കൂടുതല്‍ കായിക താരങ്ങള്‍ രംഗത്ത്. ഒളിമ്പിക്‌സ് ജേതാവും ഗുസ്തി താരവുമായ ബജ്റംഗ് പൂനിയ തനിക്ക് ലഭിച്ച പത്മ പുരസ്‌കാരവും ഒളിമ്പിക്‌സ് മെഡലും കര്‍ത്തവ്യ പഥില്‍ വെച്ച് തിരികെ നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് മുന്നിലെ ഫുട്പാത്തിലാണ് പൂനിയ മെഡലുകള്‍ ഉപേക്ഷിച്ചത്. സഞ്ജയ് സിങ്ങിന്റെ തെരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് മോദിയെ കാണാനും പുരസ്‌കാരം തിരികെ ഏല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട കത്ത് നല്‍കാനും പാര്‍ലമെന്റിലെത്താന്‍ ശ്രമിച്ച ബജ്റംഗിനെ ദല്‍ഹി പൊലീസ് തടഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘എന്റെ പത്മശ്രീ പുരസ്‌കാരം ഞാന്‍ പ്രധാനമന്ത്രിക്ക് തിരികെ നല്‍കുന്നു. ഇത് മാത്രമാണ് ഈ കത്തില്‍ എനിക്ക് പറയാനുള്ളത്,’ എന്നാണ് ബജ്റംഗ് പൂനിയ പ്രസ്താവനയില്‍ പറഞ്ഞത്.

അതേസമയം പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കാനുള്ള ബജ്റംഗ് പുനിയയുടെ തീരുമാനം വ്യക്തിപരമാണെന്നും ഈ നീക്കത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും കായിക മന്ത്രാലയം അറിയിച്ചിരുന്നു.

ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ പാനല്‍ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് സാക്ഷി മാലിക് രാജി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷന്റെ പാനല്‍ ആധികാരിക വിജയം നേടി. 15 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 13ലും പാനല്‍ വിജയം നേടി. സീനിയര്‍ വൈസ് പ്രസിഡന്റും സെക്രട്ടറി ജനറലും ഒഴികെ ബാക്കി എല്ലാ സ്ഥാനങ്ങളിലേക്കും ബ്രിജ് ഭൂഷന്റെ വിശ്വസ്തരാണ് വിജയിച്ചത്.

50 വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ബുധനാഴ്ച രാത്രി തന്നെ വോട്ട് രേഖപ്പെടുത്താനുള്ളവര്‍ ദല്‍ഹിയിലെത്തിയിരുന്നു. ഇത്തരമൊരു ഫലം വരുമെന്ന് താരങ്ങള്‍ മനസിലാക്കിയിരുന്നുവെന്നാണ് സൂചന.

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നേരത്തെ 40 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന സമരം ഗുസ്തി താരങ്ങള്‍ നടത്തിയിരുന്നു. ബ്രിജ് ഭൂഷനെതിരെ നടപടിയെടുത്തില്ലെങ്കില്‍ രാജ്യത്തിന് ലഭിച്ച മെഡലുകള്‍ നദിയിലൊഴുക്കാന്‍ വരെ താരങ്ങള്‍ തീരുമാനിച്ചിരുന്നു. തങ്ങള്‍ക്ക് സര്‍ക്കാര്‍ തന്ന വാക്ക് പാലിച്ചില്ലെന്നും വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ സാക്ഷി മാലിക് ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Bajrang Punia returned Padma award and Olympic medal

Latest Stories

We use cookies to give you the best possible experience. Learn more