ന്യൂദൽഹി: ഇന്ത്യൻ ഗുസ്തി താരം ബജ്‌രംഗ് പൂനിയക്ക് നാല് വർഷത്തെ സമ്പൂർണ്ണ വിലക്കുമായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയിരുന്നു താരം. ഉത്തേജക മരുന്നു പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനാണ് താരത്തിന് വിലക്ക് ഏർപ്പെടുത്തിയതെന്ന് നാഡ പറഞ്ഞു.
നാല് വർഷത്തേക്ക് താരത്തിന് മത്സരങ്ങളിൽ പങ്കെടുക്കാനോ പരിശീലനം നൽകാനോ സാധിക്കില്ല. ഇക്കാലയിളവിൽ അദ്ദേഹത്തിന് വിദേശത്ത് പോലും പരിശീലനം നൽകാൻ സാധിക്കില്ല.
മാർച്ച് 10ന് ഹരിയാനയിൽ നടന്ന ഒളിംപിക്സ് യോഗ്യതാ മത്സരത്തിനുള്ള സെലക്ഷൻ ട്രയൽസിൽ പരാജയപ്പെട്ട പൂനിയ ഉത്തേജക പരിശോധനയ്ക്കു സാമ്പിൾ നൽകാതെ വേദി വിട്ടെന്നും അതിന് ശേഷം സാമ്പിൾ നൽകാൻ ആവശ്യപ്പെട്ടപ്പോൾ സഹകരിച്ചില്ലെന്നും കാണിച്ചാണ് നാഡ ബജ്‌രംഗ് പൂനിയയെ ഏപ്രിൽ 23 ന് സസ്പെൻഡ് ചെയ്തത്. നാഡയുടെ ഉത്തേജക വിരുദ്ധ നിയമങ്ങളിലെ ആർട്ടിക്കിൾ 10.3.1 ൻ്റെ ലംഘനം കാണിച്ചാണ് സസ്‌പെൻഷൻ.
എന്നാൽ താൻ സാമ്പിൾ നൽകാൻ തയ്യാറാണെന്നും കാലാവധി കഴിഞ്ഞ കിറ്റുകളാണ് സാമ്പിൾ എടുക്കാൻ നൽകിയതെന്നും പൂനിയ പറഞ്ഞു. കിറ്റുകളുടെ കാര്യത്തിൽ വ്യക്തത വേണമെന്ന് പൂനിയ നാഡയോട് ആവശ്യപ്പെടുകയും ചെയ്തു.
ഒപ്പം മുൻ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തത് സ്ഥിതിഗതികൾ വഷളാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു.