|

ഖജുരാഹോ ക്ഷേത്ര പരിസരത്ത് രതി ശില്‍പ്പങ്ങള്‍ വില്‍ക്കണ്ട; ക്ഷേത്ര പരിസരത്തെ കാമസൂത്ര പുസ്തക വില്‍പ്പന നിരോധിക്കണമെന്നും ബജ് രംഗ് സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഖജുരാഹോ ക്ഷേത്ര പരിസരത്ത് രതി ശില്‍പ്പങ്ങള്‍ ഇനി മുതല്‍ വില്‍ക്കരുതെന്നും ക്ഷേത്ര പരിസരത്തെ കാമസൂത്ര പുസ്തക വില്‍പ്പന നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ബജ് രംഗ് സേന രംഗത്ത്. ശിവ പ്രതിഷ്ഠയുള്ള ക്ഷേത്ര പരിസരത്ത് കാമസൂത്ര വില്‍പന അംഗീകരിക്കാനാവില്ലെന്നാണ് സേനയുടെ നിലപാട്.

പണ്ട് ഉണ്ടാക്കിയ ശില്‍പങ്ങളുടെ ആവര്‍ത്തനം ഇപ്പോള്‍ അനുവദിക്കാനാവില്ലെന്നും അത് പുതു തലമുറയെ വഴി തെറ്റിക്കുമെന്നുമാണ് ബജ് രംഗ് സേന പറയുന്നത്. പഴയ ശില്‍പങ്ങളുടെ ചെറു രൂപങ്ങള്‍ ഉണ്ടാക്കി എന്തിനാണ് രതിശില്‍പങ്ങള്‍ക്ക് പരസ്യം നല്‍കുന്നതെന്നും ബജ് രംഗ് സേന
നേതാവ് അഗര്‍വാള്‍ ചോദിക്കുന്നു.


Dont Miss പോണ്‍ നിരോധിക്കുന്നവര്‍ ഈ ക്ഷേത്രശില്‍പ്പങ്ങളെ എന്ത് ചെയ്യണം? (ക്ഷേത്ര രതിശില്‍പ്പങ്ങളുടെ ആല്‍ബം) 


ഖജുരാഹോ ക്ഷേത്രത്തിലെ പടിഞ്ഞാറന്‍ ക്ഷേത്ര സമുച്ചയങ്ങളുടെ പരിസരത്ത് കാമസൂത്ര പുസ്തകങ്ങളും അശ്ലീല ചിത്രങ്ങളും വില്‍പനയ്ക്ക് വെയ്ക്കുന്നു എന്നാരോപിച്ച് ബജ് രംഗ് സേന ചത്തര്‍പുര്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്.

ഖജുരാഹോയിലെ ബജ് രംഗ് സേന നേതാവായ ജ്യോതി അഗര്‍വാളിന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഒരു നിവേദന പത്രികയാണ് പൊലീസിന് സമര്‍പ്പിച്ചത്.

കാമസൂത്ര പുസ്തകങ്ങള്‍ക്കു പുറമെ ക്ഷേത്ര പരിസരത്ത് വില്‍ക്കുന്ന ചെറുപ്രതിമകളുടെ വില്‍പനയും തടയണമെന്നാവശ്യം സേന ഉന്നയിച്ചിട്ടുണ്ട്.

വിനോദ സഞ്ചാരികള്‍ക്കായുള്ള കാന്റീന്‍ പരിസരത്ത് വില്‍ക്കുന്ന കാമസൂത്ര പുസ്തകങ്ങളുടെയും ചെറു രതി പ്രതിമകളുടെയും പരസ്യ വില്‍പനയ്ക്ക് തടയിടുക എന്നതാണ് ബജ് രംഗ് സേനയുടെ ആവശ്യം.

ഇവയെല്ലാം ഹിന്ദു സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നാണ് ബജ് രംഗ് സേനയുടെ വാദം. പുരാവസ്തു വകുപ്പിനെയും പരാതിയുമായി ഇവര്‍ സമീപിക്കാനൊരുങ്ങുകയാണ്.

മധ്യപ്രദേശിലെ ചത്തര്‍പുര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ ഹിന്ദു ജൈന ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ഖജുരാഹോ. അതിമനോഹരമായ ശില്‍പങ്ങള്‍ കൊത്തിവെച്ച ഈ ക്ഷേത്ര സമുച്ചയങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Video Stories